ഇൻ്റർസ്റ്റെല്ലാർ വസ്തുക്കൾ ഭൂമിയിൽ പതിച്ചാൽ ആഘാതം ഉണ്ടാകുന്നത് ഈ ഇടങ്ങളിൽ…

3I/ATLAS ഭൂമിക്ക് ഒരു ഭീഷണിയല്ലെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും, ഇനി അഥവാ ഇത് ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ , ഏത് ഭാഗത്തായിരിക്കും എന്ന ചോദ്യത്തിന് ശാസ്ത്രജ്ഞർ ഉത്തരം നൽകിയിരിക്കുകയാണ്.

ഈ വർഷം ജൂലൈ 1 ന് ആണ് നിഗൂഢമായ ഇന്റർസ്റ്റെല്ലാർ വാൽനക്ഷത്രം എന്ന് പറയപ്പെടുന്ന 3I/ATLAS നെ ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. അന്ന് മുതൽ അമ്പരപ്പിക്കുന്ന വേഗതയിൽ സൂര്യനെ ലക്ഷ്യമാക്കി നീങ്ങുകയാണ് ഈ വസ്തു എന്ന തരത്തിൽ വാർത്തകളും പുറത്ത് വന്നിരുന്നു. 2017 ൽ നമ്മുടെ സൗരയൂഥത്തിൽ എത്തിയ Oumuamua, 2019 ൽ പ്രത്യക്ഷപ്പെട്ട 2l/Borisov എന്നീ രണ്ട് ഇന്റർസ്റ്റെല്ലാർ വസ്തുക്കൾക്ക് ശേഷം സൗരയൂഥത്തിൽ എത്തുന്ന മറ്റൊരു വസ്തുവാണ് 3I/ATLAS. 3I/ATLAS ഭൂമിക്ക് ഒരു ഭീഷണിയല്ലെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിലും, ഇനി അഥവാ ഗ്രഹത്തിൽ പതിക്കുമെന്ന സാഹചര്യം വന്നാൽ, അത് ഭൂമിയുടെ ഏത് ഭാഗത്തായിരിക്കും പതിക്കുക എന്ന ചോദ്യത്തിന് ശാസ്ത്രജ്ഞർ ഉത്തരം നൽകിയിരിക്കുകയാണ്.

അത്തരം ബഹിരാകാശ വസ്തുക്കളുടെ ഇടിയുടെ ആഘാതം കൂടുതൽ ഉണ്ടാകാൻ സാധ്യതെയുള്ള ഭാഗം ഗവേഷകർ അവരുടെ പഠനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഒരു പുതിയ പ്രബന്ധം അനുസരിച്ച്, ഭൂമധ്യരേഖയ്ക്ക് സമീപമുള്ള താഴ്ന്ന ലാറ്റിറ്റ്യൂഡ് ഏരിയ ഇന്റർസ്റ്റെല്ലാർ വസ്തുക്കളുടെ ആഘാതങ്ങൾക്ക് ഇരയാകുമെന്നാണ് പറയുന്നത്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡാരിൽ സെലിഗ്മാൻ നയിച്ച പഠനം, ഈ വസ്തുക്കളുടെ ചലന സ്വഭാവവും പാതകളും കൃത്യമായി വിലയിരുത്തി. ഭൂമിയിലെ ചില പ്രദേശങ്ങൾ ആഘാതങ്ങൾക്ക് കൂടുതൽ വിധേയമാകുന്നുണ്ടെന്ന് കണ്ടെത്തലും നടത്തി. പഠനത്തിനായി, ശാസ്ത്രജ്ഞർ എം-സ്റ്റാർ കൈനമാറ്റിക്സ് എന്നറിയപ്പെടുന്ന പഠനമാണ് നടത്തിയത്. മിൽക്കി2 വെയിലെ -അതായത് ക്ഷീരപഥത്തിലെ ചുവന്നതും ചെറുതുമായ നക്ഷത്രങ്ങളായ എം-ടൈപ്പ് നക്ഷത്രങ്ങളുടെ ചലനങ്ങളെയും ചലനാത്മകതയെയും കുറിച്ചുള്ള പഠനത്തെയാണ് എം-സ്റ്റാർ കൈനമാറ്റിക്സ് എന്ന് പറയുന്നത്.

പഠനം അവസാനിച്ചതിന് ശേഷം അവർ മനസിലാക്കിയ വിവരങ്ങൾ പുറം ലോകവുമായി ശാസ്ത്രജ്ഞർ പങ്കുവെച്ചു. മനുഷ്യ ജനസംഖ്യയുടെ ഏകദേശം 90% താമസിക്കുന്ന വടക്കൻ അർദ്ധഗോളത്തിൽ (Northern Hemisphere) ആകും ആഘാതം കൂടുതൽ ഉണ്ടാകാൻ സാധ്യത എന്ന് അവർ എടുത്തു പറഞ്ഞു. ക്ഷീരപഥത്തിലൂടെയുള്ള സൂര്യൻ്റെ പാതയായ സൗരഅഗ്രം അഥവാ സോളാർ അപെക്സ്, ഏറ്റവും കൂടുതൽ നക്ഷത്രങ്ങളുള്ള പരന്ന പ്രദേശമായ ഗലാക്ടിക് പ്ലെയ്ൻ(galactic plane) എന്നീ രണ്ട് ദിശകളിൽ നിന്നാണ് 3I/ATLAS പോലുള്ള വസ്തുക്കൾ വരാനുള്ള സാധ്യത. ഭൂമി, സോളാർ അപെക്സ് എന്ന പ്രദേശത്തേക്ക് നീങ്ങുന്നത് സ്പ്രിങ് സീസണിലാണ്. ആ സമയം ഇന്റെർസ്റ്റെല്ലാർ വസ്തുക്കളുടെ വെലോസിറ്റി കൂടുതൽ ആയിരിക്കും. എന്നാൽ ഈ വസ്തുക്കളുടെ ഏറ്റവും വേഗതയിലുള്ള ആഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത് വിന്റർ സീസണിൽ ആണെന്നാണ് പഠനം പറയുന്നത്.

ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾ അനുസരിച്ച്, ഏകദേശം 24 കിലോമീറ്റർ വ്യാസമുള്ള വസ്തുവാണ് 3I/ATLAS. മഞ്ഞുകട്ട, കാർബൺ സമ്പുഷ്ടമായ പദാർത്ഥങ്ങൾ, സിലിക്കേറ്റുകൾ, പുരാതന ജലം എന്നിവയാൽ നിർമ്മിതമായ വസ്തുവാണിതെന്ന് കരുതപ്പെടുന്നു. പല ശാസ്ത്രഞരും 3I/ATLAS-നെ ഒരു അന്യഗ്രഹ വാൽനക്ഷത്രമായിട്ടാണ് കണക്കാക്കുന്നത്. ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന വാൽനക്ഷത്രമാണിതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ സൗരയൂഥത്തേക്കാൾ മൂന്ന് ബില്യൺ വർഷം പഴക്കമുള്ളതാകാം ഇത് എന്നാണ് ഗവേഷകർ കരുതുന്നത്. 2025 ഡിസംബർ ആദ്യത്തോടെ ധൂമകേതു എന്നും വിളിക്കപ്പെടുന്ന ഈ വസ്തു സൂര്യന്‍റെ മറുവശത്ത് വീണ്ടും ദൃശ്യമാകുമെന്നും ഗവേഷകർ പറയുന്നു. അങ്ങനെ ആണെങ്കിൽ ഭൂമിക്ക് ഏതെങ്കിലും തരത്തിൽ ഈ വസ്തു ഭീഷണി ആയി തീരുമോ എന്ന ആശങ്കയിലും അന്വേഷണത്തിലും ആണ് ശാസ്ത്രലോകം ഇപ്പോൾ.

Content Highlights : Earth could face higher risk from interstellar objects in these areas- say Scientists

To advertise here,contact us