രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയാണ് മെയ്ഡ് ഇൻ ഇന്ത്യ. മെയ്ഡ് ഇൻ ഇന്ത്യ ജെറ്റ്, മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് എന്നിങ്ങനെ അതിനൂതനങ്ങളായ സാങ്കേതി വിദ്യകൾ ആവശ്യമുള്ള മേഖലകളിലെല്ലാം ഈ പദ്ധതിയുടെ ഭാഗമായി മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി പുതിയൊരു ചുവട് വെയ്പ്പിന് തയ്യാറെടുക്കുകയാണ് രാജ്യം.
പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റം അടയാളപ്പെടുത്തിക്കൊണ്ട് മെയ്ഡ് ഇൻ ഇന്ത്യ എസ് യു 57 നിർമ്മിക്കാനുള്ള തീരുമാനത്തിലാണ് രാജ്യം. ഇതിന് പുറമെ റഷ്യയിൽനിന്ന് 36 മുതൽ 40 എസ്.യു-57 ഇ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ചർച്ചകൾ ഇന്ത്യ നടത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിലുള്ള കരാറായിട്ടാകും ഇടപാട് നടക്കുകയെന്നും ആണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിന് പുറമെ റഷ്യയുടെ പക്കൽ നിന്ന് രണ്ട് സ്ക്വാഡ്രൺ വിമാനങ്ങൾ നേരിട്ട് വാങ്ങുന്നതിനോടൊപ്പം മൂന്നുമുതൽ അഞ്ച് സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ ഇന്ത്യ സ്വന്തം നിലയിൽ നിർമ്മിക്കാൻ ആണ് പദ്ധതിയെന്നും റിപ്പോർട്ട് ഉണ്ട്.
Su-57 മികച്ചതല്ലെന്നും അതിന്റെ സൂപ്പർ ക്രൂയിസ് കഴിവുകളെ കുറിച്ച് ആശങ്കകൾ ഉണ്ടെന്നും ചൂണ്ടിക്കാണിച്ച് റഷ്യയുമായുള്ള ഈ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുമായി (FGFA) ബന്ധപ്പെട്ട പദ്ധതിയിൽ നിന്നും 2018ൽ ഇന്ത്യ പിന്മാറിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും അതേ വിമാനം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഒന്നും മുന്നിൽ കാണാതെയാകില്ല ഇന്ത്യയുടെ ഈ നീക്കം എന്നത് തീർച്ചയാണ്. പാകിസ്താനെ പ്രതിരോധിക്കാനുള്ള ഇന്ത്യൻ ആവനാഴിയിലെ ഏറ്റവും പ്രധാന ആയുധമാകും ഇതെന്നതിൽ തർക്കമില്ല. പാകിസ്താൻ്റെ കൈവശമുള്ള ചൈനീസ് യുദ്ധവിമാനങ്ങൾക്കുള്ള മറുപടി കൂടിയായി ഇവമാറിയേക്കുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയുടെ F-35, F-22 എന്നീ യുദ്ധവിമാനങ്ങൾക്ക് ഉള്ള റഷ്യയുടെ മറുപടിയാണ് Su-57. ഇന്ത്യയിൽ ഇതിന്റെ നിർമ്മാണം പൂർത്തിയായാൽ ഇന്ത്യൻ മണ്ണിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്റ്റെൽത്ത് ഫൈറ്ററായി Su-57 മാറും. മിക്ക യുദ്ധവിമാനങ്ങളും സൂപ്പർസോണിക് ആയി പ്രവർത്തിക്കാൻ വലിയ അളവിൽ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, Su-57ന് അത്രയും ഇന്ധന ചിലവ് ഇല്ലാതെ തന്നെ സൂപ്പർസോണിക് വേഗതയിൽ സഞ്ചരിക്കാൻ കഴിയും. 10 ടണ്ണോളം ഭാരം വരുന്ന ആയുധങ്ങൾ വഹിക്കാൻ സാധിക്കുന്ന ഇരട്ട എൻജിൻ മൾട്ടിറോൾ stealth യുദ്ധവിമാനമാണ് Su 57.
ഇന്ധനക്ഷമത കൂടുതലാണെന്നതിനോടൊപ്പം Su 57 വേഗത്തിൽ വിന്യസിക്കാനും കഴിയും. ശത്രുക്കൾക്ക് ഇവയെ ട്രാക്ക് ചെയ്യുന്നതും ബുദ്ധിമുട്ടാകും എന്നതാണ് പ്രത്യേകത. ദീർഘദൂര ശേഷിയുള്ള ഭാരമേറിയ യുദ്ധോപകരണങ്ങൾ വഹിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. കൂടാതെ ഹിമാലയം ഉൾപ്പെടെയുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ ഉയർന്ന അതിർത്തി പ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ്. വിമാനത്തിന്റെ സോഴ്സ് കോഡ് പൂർണമായും ഇന്ത്യക്ക് നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
റഷ്യയുമായുള്ള കരാറിൽ ധാരണ വന്നാൽ, ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ സുഖോയ് ബ്യൂറോയുമായി കൈകോർത്ത് ആയിരിക്കും ഇന്ത്യയിൽ വിമാനം നിർമ്മിക്കുക. 2035 മുതൽ ഇന്ത്യ സ്വന്തം ഫ്യൂച്ചറിസ്റ്റിക് അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് ഈ നീക്കവും. 2018 ൽ ഇന്ത്യ ഉപേക്ഷിച്ച ഈ പദ്ധതി വീണ്ടും പുനരാരംഭിക്കാൻ കാരണം ഓപ്പറേഷൻ സിന്ദൂർ തന്നെയെന്നാണ് നിഗമനം. യുദ്ധവിമാനങ്ങളുടെ എണ്ണം കുറഞ്ഞതോടെ സ്ക്വാഡ്രൺ ശേഷി വർധിപ്പിക്കുക എന്നത് ഇന്ത്യയുടെ ലക്ഷ്യമാണ്. ഇന്ത്യയുടെ ആവശ്യകതകൾ നിറവേറ്റാൻ ഈ യുദ്ധവിമാനത്തിനു സാധിക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, പാകിസ്ഥാന് ജെ-31 സ്റ്റെൽത്ത് ഫൈറ്റർ വാഗ്ദാനം ചെയ്ത് ചൈന മുന്നോട്ട് വരുന്നു എന്ന വാർത്തയും ഇന്ത്യ ഗൗരവത്തോടെ പരിഗണിച്ചിരിക്കും.
ഓപ്പറേഷൻ സിന്ദൂർ പോലെ ഭാവിയിലെ ഏതൊരു നീക്കത്തെയും പിന്തുണയ്ക്കാൻ കരുത്തുന്ന വ്യോമശേഷി അനിവാര്യമാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനിലും അധിനിവേഷ പാകിസ്താനിലും സ്ഥിതി ചെയ്തിരുന്ന ഭീകരകേന്ദ്രങ്ങൾ ഇന്ത്യയ്ക്ക് ആക്രമിച്ച് തകർക്കാൻ തുണയായതിൽ വ്യോമസേനയുടെ ശേഷി പ്രകടമായിരുന്നു. ഇന്ത്യൻ വ്യോമസേന ആക്രമിച്ച പാകിസ്താനിലെ ലഷ്കർ-ഇ-തൊയ്ബയുടെ ആസ്ഥാനത്തിൻ്റെ പൊളിച്ചുമാറ്റൽ പൂർത്തിയാക്കിയതായും പാക് സർക്കാരിൻ്റെ ധനസഹായത്തോടെ പുനർനിർമ്മാണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. അതിനായി ഏകദേശം 1.25 കോടി ഇന്ത്യൻ രൂപ ലഷ്കർ-ഇ-തൊയ്ബക്ക് പാക്സിതാൻ സർക്കാർ നൽകിയെന്നാണ് വാർത്തകൾ. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിരോധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയുമായി യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ കൈകോർക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത് എന്ന് വേണം അനുമാനിക്കാൻ.Content Highlights : India to aquire Su-57 aircraft from Russia and to manufacture them.