സൗഹൃദമാണ് സന്തുഷ്ട ദാമ്പത്യത്തിന്റെ കാതല്. ദൈനംദിന ജീവിതത്തില് കൂടുതല് ഇടപെടുന്നത് പങ്കാളിയോടൊപ്പമാണെങ്കിലും എല്ലാവര്ക്കും അത്ര ആഴത്തിലുള്ള സൗഹൃദം തന്റെ ഇണയോട് ഉണ്ടാക്കാന് കഴിയുന്നില്ല എന്നത് വസ്തുതയാണ്. കൂടുതല് സമയം ചെലവിടാനും പരസ്പരം ഒരുമിച്ചിരിക്കാനും സംസാരിക്കാനും ഇരുവരും ആത്മാര്ത്ഥമായി ശ്രമിച്ചാല് മാത്രമാണ് തമ്മില് നല്ല സൗഹൃദമുണ്ടാക്കാന് കഴിയുന്നത്. വിവാഹജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകണം എന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്, അതിന് മറ്റെന്തിനേക്കാളും അധികമായ പ്രാധാന്യം നല്കേണ്ടതായുണ്ട്. പരസ്പരം മനസ്സിലാക്കാനുള്ള സ്തുത്യര്ഹമായ ശ്രമമാണ് സന്തോഷകരമായ വിവാഹജീവിതത്തിനുള്ള അടിസ്ഥാനം.
കലഹങ്ങളുടെ കാരണങ്ങള്
പരസ്പരമുള്ള ശരിയായ മനസ്സിലാക്കലുകളും ആശയവിനിമയങ്ങളും നടക്കാത്തത് കൊണ്ടാകാം പല ദമ്പതികളും എപ്പോഴും കലഹിക്കുന്നതും ശത്രുത മനോഭാവത്തോടെ പെരുമാറുന്നതും. നല്ല വൈകാരിക ബുദ്ധിയും (emotional intelligence) വൈകാരിക സ്ഥിരതയും (emotional stability) സാമൂഹിക കഴിവുകളും (social skills) ഉള്ളവര്ക്കാണ് ഇണകള് തമ്മിലുള്ള പിണങ്ങലും ഇണങ്ങലുകളുമെല്ലാം എളുപ്പത്തില് സാധ്യമാകുന്നത്.ഇവര്ക്ക് ബന്ധത്തിലെ സംഘര്ഷങ്ങള് ഭംഗിയായി കൈകാര്യം ചെയ്യാന് കഴിയും. സൗന്ദര്യ പിണക്കങ്ങളും തലയിണമന്ത്രങ്ങളും അമ്മായിയമ്മ-നാത്തൂന് പോരുകളുമെല്ലാം ലാഘവത്തോടെ കൈകാര്യം ചെയ്യാന് ഇരുകൂട്ടര്ക്കും നല്ല സോഷ്യല് സ്കില്സും മാനസികാരോഗ്യവും വേണമെന്നര്ത്ഥം.ദാമ്പത്യത്തില് അസ്വാരസ്യങ്ങളില്ലാത്തവരായി ആരുമുണ്ടാകാനിടയില്ല. ചെറിയ പിണക്കങ്ങളില് തുടങ്ങി വലിയ കലഹങ്ങളിലേക്ക് വരെ ദാമ്പത്യബന്ധങ്ങള് ചിലപ്പോഴൊക്കെ എത്താറുണ്ട്. ചിലര് ആ തര്ക്കങ്ങളെ നിസ്സാരമായി പരിഹരിക്കുമ്പോള്, മറ്റുചിലര് അവയെ ഊതിവീര്പ്പിച്ച് വഷളാക്കുന്നതായി കാണാം.
'ചട്ടിയും കാലവുമായാല് തട്ടിയും മുട്ടിയുമൊക്കെയിരിക്കുമെന്നാണ് പഴമക്കാര് പണ്ടുമുതലേ ഇതേക്കുറിച്ച് പറയാറുള്ളത്.'സങ്കല്പങ്ങളില് നിന്ന് യാഥാര്ത്ഥ്യത്തിലേക്ക് നിങ്ങളുടെ ഭൂതകാലത്തില് വിരഹിച്ചോ സങ്കല്പത്തിനനുസരിച്ചുള്ള പങ്കാളിയെ കിട്ടിയില്ലെന്നുവച്ചോ കിട്ടിയ ജീവിതം പാഴാക്കുന്നവരാണ് നമ്മളില് പലരും.'തനിക്ക് കിട്ടിയ പങ്കാളിയെ പരമാവധി പരിഗണിക്കാനും കഴിയുന്നത്ര നന്നായി പെരുമാറാനും തൃപ്തിപ്പെടുത്താനും ശ്രദ്ധിക്കുമ്പോഴാണ് ശരിക്കും ജീവിതം ആസ്വദിക്കാനാവുക.'
സമ്മര്ദ്ദങ്ങള് ബന്ധത്തെ എങ്ങനെ ബാധിക്കുന്നു
അമിത ജോലിഭാരം, സാമ്പത്തിക ബാധ്യതകള്, വീട്ടുജോലികള്, കുട്ടികളെയും മാതാപിതാക്കളെയും പരിപാലിക്കല് തുടങ്ങി പല കാരണങ്ങള് കൊണ്ട് ദമ്പതികളില് പലരും വളരെയധികം സമ്മര്ദ്ദത്തിലായിരിക്കുമെന്നതില് സംശയമില്ല.
സമ്മര്ദ്ദത്തിന്റെ ദുഷ്ചക്രം
ജോലിഭാരവും സാമ്പത്തിക ബാധ്യതകള് കൊണ്ടും ഒഴിവുസമയവും വ്യായാമവും കുറയുന്നതുകൊണ്ടും ഭര്ത്താവും, വീട്ടുജോലികളും കുട്ടികളെയും രക്ഷിതാക്കളെയും പരിചരിക്കുന്നതും എല്ലാം കഴിഞ്ഞ് ഒന്ന് നടുനിവര്ത്താനോ പുറത്തിറങ്ങാനോ കഴിയാതെ വിങ്ങുന്ന ഭാര്യയും വളരെയധികം മാനസിക സമ്മര്ദ്ദത്തിലായേക്കാം.പലപ്പോഴും ഭര്ത്താവ് ജോലി കഴിഞ്ഞ് റിലാക്സാവമെന്നുകരുതി വീട്ടിലേക്കുവരുമ്പോഴായിരിക്കാം വീട്ടിലിരുന്ന് മുഷിഞ്ഞ ഭാര്യ അവളുടെ ഫ്രസ്ട്രേഷന് മുഴുവന് തീര്ക്കാന് വേണ്ടി ഭര്ത്താവിനടുത്തേക്ക് വരുന്നത്. യഥാര്ത്ഥത്തില് രണ്ടുപേരും ഒരേപോലെ ഫ്രസ്ട്രേറ്റഡ് ആയ അവസ്ഥയിലായിരിക്കും.'സ്ട്രെസ് ഹോര്മോണുകളായ കോര്ട്ടിസോള്, എപ്പിനെഫ്രിന് എന്നിവയുടെ അതിപ്രസരം മസ്തിഷ്കത്തില് ഉണ്ടാകുമ്പോള് പ്രിയരുമായി കലഹിക്കാന് ആക്കം കൂട്ടുമെന്നതില് സംശയമില്ല.'
സമ്മര്ദ്ദത്തില് നിന്നുള്ള മോചനം
ഒരുമിച്ച് ഒരു ഡിന്നറിന് പോകുകയോ, നല്ല ഫീല്ഗുഡ് മൂവി കാണുകയോ പാര്ക്കിലോ ബീച്ചിലോ പോയി പരസ്പരം ഉള്ളുതണുപ്പിക്കുകയോ ചെയ്യാം. തീരുമാനമെടുക്കുന്നത് രണ്ടുപേരും പരസ്പരം കണ്വിന്സ് ചെയ്തതിനുശേഷം വേണമെന്നുമാത്രം.ഇങ്ങനെ ക്വാളിറ്റി ടൈം ചിലവഴിക്കുന്നത് മസ്തിഷ്കത്തിലെ ഹാപ്പി ഹോര്മോണുകള് റിലീസ് ചെയ്യുന്നതിനും അതുമൂലം ദമ്പതികളുടെ മാനസിക നിലയും മാനസികാരോഗ്യവും വര്ധിപ്പിക്കാനിടയാകുകയും ചെയ്യുന്നു.
പുരുഷ പങ്കാളിയെ മനസ്സിലാക്കാം,വിവാഹത്തിനു ശേഷമുള്ള മാറ്റങ്ങള്
നിങ്ങളുടെ ഭര്ത്താവ് വിവാഹത്തിന് മുന്പ് എങ്ങനെ ആയിരുന്നുവോ അതുപോലെ വിവാഹം കഴിഞ്ഞതിനു ശേഷവും മാറ്റമില്ലാതെ പെരുമാറുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. അത് നിങ്ങളെ വളരെയധികം നിരാശയിലാക്കും. വിവാഹത്തിന് മുന്പ് പുരുഷന് അതികം സങ്കര്ഷമോ പരിശ്രമമോ ഇല്ലാത്ത വ്യക്തിയായിരുന്നെന്നിരിക്കാം. നിങ്ങളുടെ സ്നേഹം നേടുന്നതിലും നിങ്ങളെ ആകര്ഷിക്കുന്നതിലും മാത്രമായിരുന്നിരിക്കാം അയാള് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്, വിവാഹത്തിനുശേഷം പുരുഷന്റെ ഉത്തരവാദിത്വങ്ങള് പൂര്ണ്ണമായും മാറുന്നു. ജോലിയും ജീവിതവും തുല്യതയില് കൊണ്ടുവരാന് അയാള് നന്നേ പാടുപെടുന്നുണ്ടാവാം.
കുട്ടികള് ജനിച്ചതിനു ശേഷം'കുട്ടികള് ജനിച്ചതിന് ശേഷം പുരുഷന്റെ ഉത്തരവാദിത്വങ്ങള് കൂടുതല് വര്ധിക്കുന്നു, കൂടുതല് പണമുണ്ടാക്കുന്നതിനും അവന് സമ്മര്ദമുണ്ടാകുന്നു.'ഈ സാഹചര്യങ്ങള് അയാള്ക്ക് സുഹൃത്തുക്കള്ക്കൊപ്പം ചെലവഴിക്കാനും എന്റര്ടൈന്ഡ് ആകുന്നതിനും വ്യായാമങ്ങള് ചെയ്യുന്നതിനും സമയമില്ലാതാവാനും സാധ്യതയുണ്ട്.
പുരുഷന്മാരുടെ സ്നേഹപ്രകടനംപുരുഷന്മാര് പലപ്പോഴും സ്നേഹം വളരെ വ്യത്യസ്തമായിട്ടായിരിക്കും പ്രകടിപ്പിക്കുക. ചിലപ്പോള് അത് അദ്ദേഹം വീട്ടില് നിങ്ങളെ സഹായിക്കുന്നതോ കുട്ടികളെ പരിചരിക്കുന്നതിലൂടെയോ ആയിരിക്കാം.''പുരുഷന്മാര് കൂടുതലും അവരോടുള്ള സ്നേഹപ്രകടനം കരുതലായും കെയറിങ്ങായും കണ്ടറിഞ്ഞുള്ള പ്രവര്ത്തികള് ചെയ്യുന്നതിലൂടെയും ലഭിക്കാന് ഇഷ്ടപ്പെടുന്നവരാണ്''
പുരുഷന്മാരുടെ സ്വഭാവസവിശേഷതകള്
പുരുഷന്മാര് പൊതുവെ സമാധാനപ്രേമികളാണ് അവരോട് ഒരു കാര്യം പലതവണ പറയുന്നതും കുത്തി കുത്തി പറയുന്നതും വിരക്തിയുണ്ടാക്കും. നിരന്തരം കുറ്റപ്പെടുത്തുന്നതോ പരാതികള് മാത്രം പറയുന്നതോ ഒഴിവാക്കാം. ഓര്ക്കുക: പുരുഷന്റെ മനസ്സ് പിടിച്ചുപറ്റാന് ഏറ്റവും എളുപ്പ മാര്ഗ്ഗം അവന്റെ പാഷനെ പിന്തുടരാന് അനുവദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അവന്റെ ഹോബിയെ പിന്തുണക്കുന്നതിലുമാണ്.
സ്ത്രീ പങ്കാളിയെ മനസ്സിലാക്കാം
ഹോര്മോണ് വ്യതിയാനങ്ങളും വൈകാരികതയും - സാധാരണയായി സ്ത്രീകളുടെ മനസ്സറിയുക അസാധ്യമാണെന്നാണ് പറയാറ്. സ്ത്രീകള്ക്ക് വൈകാരികത കൂടുതലാണ്. അവരുടെ വികാരങ്ങളും ചിന്തകളും പെട്ടെന്ന് മാറിക്കൊണ്ടിരിക്കും. അവര് പെട്ടെന്ന് ഇമോഷണലാകുന്നതിന്റെ പിറകില് അവരുടെ സ്ത്രീ ഹോര്മോണുകളാണ്. നിരന്തരമുള്ള ഹോര്മോണ് വ്യതിയാനങ്ങള് കാരണം അവരുടെ വികാരങ്ങള്ക്ക് വളരെയധികം ചാഞ്ചാട്ടമുണ്ടാക്കുന്നു.
ആര്ത്തവകാലത്തെ മാനസിക മാറ്റങ്ങള് - ആര്ത്തവത്തിന് മുന്നോടിയായി സ്ത്രീകളില് മാനസിക പിരിമുറുക്കം, അസ്വസ്ഥത, തളര്ച്ച, ദേഷ്യം തുടങ്ങിയ പല ലക്ഷണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. സാധാരണയായി ആര്ത്തവത്തിന് ആറ് ദിവസം മുന്പാണ് ഈ മാനസികമാറ്റങ്ങള് കണ്ടുവരുന്നതെങ്കിലും രണ്ടാഴ്ച മുന്പും ആരംഭിച്ചേക്കാം.ഇത് തിരിച്ചറിഞ്ഞ് അവരെ കൂടുതല് പ്രകോപിപ്പിക്കാതെ അനുഭാവത്തോടെ പെരുമാറുകയാണ് വേണ്ടത്.
സ്ത്രീകളുടെ പ്രധാന ആവശ്യങ്ങള്
1.സുരക്ഷയും സംരക്ഷണയും: പൊതുവേ പുരുഷന്റെ സംരക്ഷണം ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം വനിതകളും. അവര് എപ്പോഴും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അത് പ്രകടമായിത്തന്നെ കിട്ടാനും വളരെയധികം ആഗ്രഹിക്കുന്നു.2.പരിഗണനയും ശ്രദ്ധയും: പരിഗണനയാണ് അവര്ക്കാവശ്യം. എപ്പോഴും അവരെ കേള്ക്കാന് പങ്കാളിയുണ്ടാകുക എന്നത് അവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.ഓര്ക്കുക: സ്ത്രീകളെ കേള്ക്കുക എന്നതാണ് പ്രധാനം. അതില് ലോജിക്കുകള് തിരഞ്ഞ് അവരെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതില് അര്ത്ഥമില്ല.3.പ്രശംസയും അംഗീകാരവും: പ്രശംസ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവരുടെ മുമ്പില് വെച്ചുള്ള പ്രശംസകളും ചെറിയ കെയറിങ്ങുകളും, ചെറിയ തലോടലുകളും കെട്ടിപിടിക്കലുകളും അവര് എപ്പോഴും ആഗ്രഹിക്കുന്നു.4.സൂക്ഷ്മതയും ഗൗരവവും: പുരുഷന് വളരെ നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും സ്ത്രീകള്ക്ക് വളരെ ഗൗരവമുള്ളവയാണെന്ന് മനസ്സിലാക്കുകയും അതേ ഗൗരവത്തോടെയും ആത്മാര്ത്ഥതയോടെയും അവ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.
ലൈംഗികതയുടെ പ്രാധാന്യംസ്ത്രീകള്ക്ക് ശരിയായ സെക്സ് ലൈഫും ഓര്ഗാസവും ക്ലൈമാക്സും ഇല്ലാതെ വരുമ്പോള് അവര് കൂടുതല് കോംപ്ലിക്കേറ്റഡ് ആകുകയും ഫ്രസ്ട്രേറ്റഡ് ആകുകയും ചെയ്യുന്നു.അതുകൊണ്ടുതന്നെ പങ്കാളിയോടൊപ്പം നല്ല ലൈംഗികത ആസ്വദിക്കാന് പരസ്പരം തയ്യാറാകുക എന്നത് രണ്ടുപേരുടെയും മാനസികാരോഗ്യത്തിന് വളരെ നിര്ണ്ണായകമാണ്.ഫലപ്രദമായ ആശയവിനിമയത്തിനുള്ള മാര്ഗ്ഗങ്ങള്-തുറന്നതും തര്ക്കമില്ലാത്തതുമായ ആശയവിനിമയം ദമ്പതികള്ക്കിടയില് നിലനിര്ത്തുന്നത് ഒരു നല്ല ബന്ധത്തിനുള്ള അടിസ്ഥാനമാണ്.
1.സജീവമായ ശ്രവണം: നിങ്ങളുടെ പങ്കാളി സംസാരിക്കുമ്പോള് ശ്രദ്ധയോടെ കേള്ക്കുക. അവര്ക്ക് പറയാനുള്ളത് മുഴുവന് ആത്മാര്ത്ഥതയോടെ കേള്ക്കാന് തയ്യാറായിരിക്കുക. അവരുടെ വികാരങ്ങളെ മാനിക്കുകയും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.2.ദൈനംദിന പങ്കുവയ്ക്കല്: ദിവസവും സംഭവിക്കുന്ന കാര്യങ്ങള് പരസ്പരം സംസാരിക്കുകയും മുഷിപ്പാകാതെ പങ്കുവയ്ക്കുകയും ചെയ്യുക. നിങ്ങളുടെ ചിന്തകളും ആശയങ്ങളും അവരോട് തുറന്ന് പ്രകടിപ്പിക്കുന്നുവെന്ന് മനസ്സിലാകുന്നത് തന്നെ പങ്കാളിക്ക് വലിയ ആശ്വാസവും സന്തോഷവും നല്കും.3.പക്വമായ സമീപനം: ജീവിതത്തില് ഉയര്ച്ചതാഴ്ചകള് സ്വാഭാവികമാണ്. ബന്ധങ്ങള് പരസ്പരം എല്ലാം ശരിയാക്കാനുള്ളതല്ല, ഒരുമിച്ച് സന്തോഷകരമായ നിമിഷങ്ങളും പ്രയാസകരമായ സമയങ്ങളും അനുഭവിക്കുകയും ശ്രദ്ധയോടെ നേരിടുകയും ചെയ്യുക.4.സ്വകാര്യതയുടെ മാന്യത: പരസ്പരം അവകാശങ്ങളും സ്വകാര്യതയും പരിധികളും മാനിക്കുക. ഇരുവരും പ്രത്യേകം സ്പേസ് നല്കുകയും അവരുടെ പ്രൈവസിയെ മാനിക്കുകയും ചെയ്യുക എന്നത് പരമപ്രധാനമാണ്.
കലഹങ്ങള് നേരിടുമ്പോള് ശാന്തമായ പരിഹാരം-പ്രതിസന്ധി ഉണ്ടെങ്കില് ചൂടുകൂടാതെ പൊട്ടിത്തെറിക്കാതെ, സമാധാനത്തോടെ അത് പരിഹരിക്കാന് ശ്രമിക്കുക.തര്ക്കത്തിനിടയില് വ്യക്തിയെ കുറ്റപ്പെടുത്താതെ പ്രസ്തുത പ്രശ്നം തന്നെ ചര്ച്ച ചെയ്യുക
പരസ്പര ബഹുമാനം-സംസാരിക്കുമ്പോള് പരസ്പരം മാനിച്ച് സംസാരിക്കുക,ആക്ഷേപങ്ങളോ അധിക്ഷേപങ്ങളോ അപമാനിക്കുന്ന രീതിയിലുള്ള കളിയാക്കലുകളോ പരമാവധി ഒഴിവാക്കുക
പൊതുസ്ഥലത്തെ മര്യാദ-ഏറ്റവും പ്രധാനമായി മറ്റുള്ളവരുടെ മുന്നില് വെച്ചോ മറ്റോ പരസ്പരം കുറ്റപ്പെടുത്തലുകളോ തരംതാഴ്ത്തലുകളോ അടിച്ചമര്ത്തലുകളോ ചെയ്യില്ലെന്ന് ശപഥം ചെയ്യുക.
ബന്ധം ശക്തമാക്കുന്ന ചെറിയ കാര്യങ്ങള്
ശാരീരിക സ്പര്ശനത്തിന്റെ ശക്തി-പരസ്പരമുള്ള ആലിംഗനങ്ങള് ശീലമാക്കുക. ഇത് ശരീരത്തില് ഓക്സിടോസിന് പോലുള്ള ഹാപ്പി ഹോര്മോണുകള് പുറത്തുവിടുന്നതിനുള്ള ഒരു നല്ല മാര്ഗമാണ്. സമ്മര്ദ്ദങ്ങള് കുറയ്ക്കാനും സന്തോഷം വര്ധിപ്പിക്കാനും ഇത് വളരെയധികം ഉപകരിക്കും.
പരസ്പര സഹായം-പരസ്പരം സഹായിക്കുന്ന രീതിയില് പ്രവര്ത്തിക്കുക. പരസ്പരം പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും, സന്തോഷിപ്പിക്കാനും എപ്പോഴും ശ്രദ്ധിക്കുക. സഹജീവിതം വേദനാതുരമായല്ല, പരസ്പര സഹായത്തോടെയുള്ളതായിരിക്കട്ടെ. ദാമ്പത്യജീവിതത്തില് പരസ്പരമുള്ള ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കുക വളരെ പ്രധാനമാണ്. പങ്കാളികള്ക്കിടയിലെ തുറന്നതും തര്ക്കമില്ലാതതുമായ ആശയവിനിമയം ദമ്പതികള് തമ്മിലുള്ള ശരിയായ മനസ്സിലാക്കലുകള്ക്ക് വളരെ അനിവാര്യമാണ്.'പരിധി കവിഞ്ഞാല് 'ബന്ധം' 'ബന്ധനം' ആയി മാറും എന്നര്ത്ഥം.'
Content Highlights: Things You Should Know About Your Partner to Build a Happier Life Together