മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിന്റെ ഉടമ, ഷാജൻ സ്കറിയയെ, അതി നാടകീയമായാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഷർട്ട് പോലും ഇടാതെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന ഷാജന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും, തനിക്കെതിരെ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാരമാണെന്ന് ഷാജൻ ആരോപിക്കുകയും ചെയ്തിരുന്നു.
വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമെതിരെ അധിക്ഷേപകരമായ വീഡിയോകൾ ചെയ്തും, വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന വിധത്തിലുള്ള പരാമർശങ്ങളിലൂടെയും കുപ്രസിദ്ധി ആർജിച്ച ഷാജൻ സ്കറിയക്ക് നേരെ ഒടുവിലുണ്ടായ അറസ്റ്റ് ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഷാജന്റെ അറസ്റ്റും ജാമ്യവും ഒരു സർക്കാർ സ്പോൺസേഡ് പരിപാടിയാണെന്ന വിമർശനവുമായി നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറും രംഗത്ത് എത്തിയിട്ടുണ്ട്.
ഇത് ആദ്യമായിട്ടല്ല ഷാജനെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കുന്നത്. അധിക്ഷേപ പരാമർശങ്ങളെ തുടർന്ന് മുമ്പും ഷാജൻ സ്കറിയ വിമർശനങ്ങൾക്ക് വിധേയമാവുകയും അറസ്റ്റിന് വിധേയനാവുകയും ചെയ്തിട്ടുണ്ട്. എന്തിനാണ് ഇപ്പോൾ ഷാജനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്? ആരാണ് ഷാജനെതിരെ പരാതി നൽകിയിരിക്കുന്നത്? ഷാജനെതിരെ ഉണ്ടായ നിയമനടപടികൾ എന്തൊക്കെയാണ്? പരിശോധിക്കാം.
വിദേശ മലയാളിയും വ്യവസായിയുമായ ഗാന വിജയൻ നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിന്റെയും വെബ് സൈറ്റിന്റെയും ഉടമയായ ഷാജൻ സ്കറിയയെ അറസ്റ്റുചെയ്യുന്നത്. യുഎഇയിൽ വ്യവസായിയായ ഗാനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശം ഭാഷ ഉപയോഗിച്ച് 2024ൽ ഷാജൻ സ്കറിയ ഒരു വീഡിയോ ചെയ്തിരുന്നു.
ഗാന വിജയൻ ഹണി ട്രാപ്പ് നടത്തിയെന്നും പണം തട്ടാൻ കൂട്ടുനിന്നെന്നും വീഡിയോയിൽ ആരോപണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഗാന സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കും മാസങ്ങൾക്കുമുമ്പ് ഇ-മെയിൽ വഴി പരാതി നൽകി. പിന്നീട് വഞ്ചിയൂരിലെ എസിജെഎം കോടതിയിൽ നേരിട്ട് ഹാജരായി രഹസ്യമൊഴിയും നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്യുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 79-ാം വകുപ്പ്, ഐടി നിയമത്തിലെ 120-ാം വകുപ്പ് എന്നിവ ഉൾപ്പെടുത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രി 12 മണിയോടെ ജസ്റ്റിസ് ശ്വേത ശശികുമാറിന്റെ വസതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിനിടെ തനിക്കെതിരെ നടക്കുന്നത് പിണറായി പൊലീസിന്റെ വേട്ടയാണെന്നും തന്നെ ഷർട്ട് ഇടാൻ പോലും അനുവദിച്ചില്ലെന്നും ഷാജൻ ആരോപിച്ചിരുന്നു.
നേരത്തെ മതവിദ്വഷം പടർത്തിയ കേസിലും, പി വി ശ്രീനിജൻ എംഎൽഎയ്ക്കെതിരായ അധിക്ഷേപ പരാമർശം നടത്തിയ കേസിലും ഇതേ ഷാജൻ നടപടി നേരിട്ടിരുന്നു. പൊലീസ് സേനയുടെ വയർലെസ് ചോർത്തിയെന്ന പരാതിയിലും ഷാജനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലമ്പൂർ എംഎൽഎയായിരുന്ന പിവി അൻവർ ആയിരുന്നു അന്ന് ഷാജനെതിരെ പരാതി നൽകിയത്.
അതേസമയം ഷാജന്റെ അറസ്റ്റ് ഒരു നാടകമാണെന്ന ആരോപണവുമായി പിവി അൻവർ രംഗത്ത് എത്തി. ഷാജൻ സ്കറിയയെ രാത്രിയിൽ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ മുഖം രക്ഷിക്കാനും ആളെക്കൂട്ടാനുമാണെന്നാണ് അദ്ദേഹം ആരോപിച്ചത്. പട്ടാപ്പകൽ ഏതുനേരവും അറസ്റ്റ് ചെയ്യാൻ 'അവൈലബിൾ' ആയിട്ടുള്ള വ്യക്തിയാണ് ഷാജൻ. തിരുവനന്തപുരം ടൗണിലൂടെ രാവിലെയും വൈകുന്നേരവും റോഡിലൂടെ നടന്നു പോകുന്ന ആളുമാണ്. അങ്ങനെയുള്ള ഒരാളെ ഒരു കൊള്ള സംഘത്തിൽ പോയി അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന രീതിയിൽ നാടകം നന്നായി സംവിധാനിച്ചിട്ടുണ്ട് സർക്കാർ. നാടകക്കമ്പനിയായ കെ.പി.എ.സി യെ അനുസ്മരിപ്പിക്കും വിധമായിരിക്കുന്നു ആഭ്യന്തര വകുപ്പെന്നും പിവി അൻവർ പരിഹസിച്ചു.
ഷാജൻ സ്കറിയക്ക് ജാമ്യം ലഭിക്കണം എന്ന നിർബന്ധ ബുദ്ധി സർക്കാരിന് ഉണ്ടായിരുന്നെന്നും ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ സുപ്രീം കോടതി ഉത്തരവുപ്രകാരം പാലിക്കേണ്ട നിയമവശങ്ങൾ പാലിക്കാതെ ഉള്ള അറസ്റ്റ് ആയിരുന്നു ഇതെന്നും അൻവർ ആരോപിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളെ പരസ്പരം അകറ്റിയ, വെറുപ്പുല്പാദിപ്പിക്കുന്ന ഫാക്ടറിയായിരുന്നു ഷാജന്റെ യൂട്യൂബ് ചാനൽ എന്നും ക്രൈസ്തവ മുസ്ലിം സഹോദരങ്ങളുടെ ഇടയിൽ വൈര്യം വളർത്താൻ സംഘപരിവാറിന് വേണ്ടി പണിയെടുക്കുന്ന ചാരനായി മാത്രമേ ഷാജൻ സ്കറിയയെ വിശേഷിപ്പിക്കാനാവൂ എന്നും പിവി അൻവർ ആരോപിക്കുന്നുണ്ട്.
അൻവറിന്റെ വാദമുഖങ്ങൾ എന്തുതന്നെയായാലും പൊലീസിന്റെ നടപടി ഷാജന് നൽകുന്ന മൈലേജ് ചില്ലറയല്ല. ഭരണകൂട ഭീകരതയുടെ ഇരയാണ് താനെന്ന് സ്ഥാപിക്കാൻ, ആരുടേയും സ്വകാര്യതയിലേക്ക് ഇടിച്ചുകയറി, വീഡിയോയിലൂടെ വിളിച്ചുപറയുന്നതെല്ലാം സത്യം മാത്രമാണെന്ന് അവകാശപ്പെടുന്ന ഷാജന് പ്രയാസമുണ്ടാകില്ല. തന്റെ യൂട്യൂബ് ചാനലിന്റെ സ്ബ്സ്ക്രിപ്ഷൻ കൂട്ടാനുള്ള ഒരു കണ്ടന്റായി കേരള പൊലീസിന്റെ ഈ അതിവേഗ നിയമനടപടിയെ അയാൾ മാറ്റിയേക്കാം. സ്വയം ഒരു രക്തസാക്ഷിയായി അവതരിപ്പിക്കാനുള്ള ഷാജൻ സ്കറിയയുടെ ശ്രമങ്ങൾക്ക് ശക്തിപകരുന്നതായിപ്പോയി പൊലീസിന്റെ നീക്കമെന്ന വിമർശനവും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്…
Content Highlights: Why is legal action being taken against Shajan Skariah ?