ഇസ്രയേലിൻ്റെ പലസ്തീൻ അധിനിവേശം: കേരളത്തിൻ്റെ ഭൂമിശാസ്ത്രം ഉദാഹരിച്ച് ഒരു വായന

ഒരാളുടെ മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൗരത്വം നൽകുന്ന ഒരേ ഒരു രാജ്യം ഇസ്രയേൽ ആണ്

അമേരിക്കയിൽ ജനിച്ച് വളർന്ന, ഇവിടെ പൗരത്വമുള്ള എന്റെ കുട്ടികൾ അമേരിക്കക്കാരാണോ, അതോ ഇന്ത്യക്കാരാണോ? നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം തീരുമാനിക്കുന്നത് എന്നത് വല്ലാത്ത ചോദ്യമാണ്. കാനഡ, അമേരിക്ക, ബ്രസീൽ, അർജന്റീന തുടങ്ങിയ ചില രാജ്യങ്ങൾ അവിടെ ജനിക്കുന്ന കുട്ടികൾക്ക്, ആ രാജ്യത്ത് ജനിച്ചു എന്ന ഒരേ ഒരു കാരണം കൊണ്ട് പൗരത്വം നൽകും.

രാജ്യത്തിന് പുറത്ത് ജനിച്ചവർക്കും, അവരുടെ കഴിവിനെ അടിസ്ഥാനത്തിൽ കുടിയേറുന്നവർക്ക് ഒരു നിശ്ചിത വർഷം കഴിയുമ്പോൾ, ചില നിബന്ധനകൾക്ക് വിധേയമായി പൗരത്വം നൽകും. സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്‌ തുടങ്ങിയ രാജ്യങ്ങളിൽ അവിടെയുള്ള പൗരന്മാർക്ക് നിർബന്ധിത സൈനിക സേവനവും ഉണ്ട്.

എന്നാൽ ഒരാളുടെ മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൗരത്വം നൽകുന്ന ഒരേ ഒരു രാജ്യം ഇസ്രയേൽ ആണ്. ലോകത്ത് എവിടെയുള്ള ആളായാലും, എത്രായിരം വർഷങ്ങളായി നിങ്ങൾ ആ രാജ്യത്ത് താമസിക്കുന്നവരായാലും, നിങ്ങൾ ജൂതമത വിശ്വാസി ആണെങ്കിൽ നിങ്ങൾക്ക് ഇസ്രയേൽ പൗരത്വം ലഭിക്കും. ഇങ്ങിനെ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നവർക്ക് താമസിക്കാൻ ഇസ്രയേലിൽ സ്ഥലം എവിടെയാണ് ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്.

ആയിരക്കണക്കിന് വർഷങ്ങളായി പലസ്തീനിൽ ജീവിക്കുന്ന ആളുകളെ ബലം പ്രയോഗിച്ച് പുറത്താക്കി, ഐക്യരാഷ്ട്രസഭയുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി അനധികൃതമായി പലസ്തീൻ ഭൂമി പിടിച്ചെടുത്ത് സെറ്റിൽമെന്റ് പണിതാണ് ഇങ്ങിനെ വരുന്നവർക്ക് വീടൊരുക്കുന്നത്.

ഗാസയെയും ഹമാസിനെയും കുറ്റം പറയുന്നവർ ഉത്തരം പറയേണ്ട ഒന്നാണ് ഹമാസ് ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ ഈ വർഷമാദ്യം ഇസ്രയേൽ പ്രഖ്യാപിച്ച അഞ്ച് സെറ്റിൽമെന്റുകൾ. ഇതുൾപ്പെടെ 144 അനധികൃത സെറ്റിൽമെന്റുകൾ വെസ്റ്റ് ബാങ്കിലുണ്ട്. ഓർക്കുക വെസ്റ്റ് ബാങ്കും, ഗാസയും ഇസ്രയേലിന്റെ ഭാഗമേ അല്ല. ഇങ്ങിനെയുള്ള അനധികൃത സെറ്റിൽമെന്റുകളിൽ മാത്രം അഞ്ചു ലക്ഷത്തിലേറെ ജൂതന്മാർ താമസിക്കുന്നുണ്ട്.

എന്റെ കുട്ടികളുടെ ഉദാഹരണം തന്നെ എടുത്ത് കേരളത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെടുത്തി ഒരു ഉദാഹരണം പറഞ്ഞാൽ ഇതിന്റെ പ്രശ്നം നിങ്ങൾക്ക് കൂടുതൽ വ്യക്തമാകും. കൊച്ചിയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ എന്റെ കുട്ടികളുടെ എൺപതാമത്തെ തലമുറയിൽ പെട്ട കുറച്ച് ആളുകൾ ഇന്നേക്ക് രണ്ടായിരം വർഷങ്ങൾക്ക് ശേഷം, എറണാകുളം നഗരം അവർക്ക് കൂടി സ്വന്തമായതാണെന്ന അവകാശത്തോടെ വന്നു എന്ന് കരുതുക. അവർ സൈനികമായി ആക്രമിച്ച് എറണാകുളം പിടിച്ചെടുക്കുന്നു. അവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മുസ്‌ലിങ്ങളെ കൊച്ചിക്ക് പുറത്തേക്ക് പോകാൻ ആജ്ഞാപിക്കുകയും, അത് ചെയ്യാത്ത ലക്ഷക്കണക്കിന് മുതിർന്നവരെയും കുട്ടികളെയും മട്ടാഞ്ചേരിയിലേക്ക് നിർബന്ധിച്ച് മാറ്റുകയും ചെയ്യുന്നു എന്ന് കരുതുക.

ഇതിന്റെ കൂടെ പട്ടാള ചെക്ക് പോസ്റ്റുകളും സ്ഥാപിക്കുന്നു. മട്ടാഞ്ചേരിയിൽ നിന്ന് ഒരു അത്യാവശ്യത്തിന് ആളുകൾ ഓടിച്ചെല്ലുന്ന ആശുപത്രിയാണ് മെഡിക്കൽ ട്രസ്റ്റ്. അങ്ങോട്ട് പോകുന്ന വഴിക്ക് പത്തോളം ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും, ഓരോ ചെക്ക് പോസ്റ്റിലും ഓരോ മണിക്കൂർ വീതം ഇപ്പറഞ്ഞ ആളുകൾ കാത്തിരിക്കേണ്ട അവസ്ഥയും ആലോചിക്കുക. ഇത് ഞാൻ ഉണ്ടാക്കിപ്പറയുന്നതല്ല, അനേകം പലസ്തീൻ സ്ത്രീകളാണ് ഇസ്രയേൽ ചെക്ക് പോസ്റ്റുകളിലെ കാലതാമസം കാരണം ആശുപത്രിയിൽ പോകാനാകാതെ ചെക്ക് പോസ്റ്റുകളിൽ പ്രസവിക്കുന്നത്. ആളുകളെ തോക്കെടുക്കാൻ പ്രേരിപ്പിക്കുന്ന അനേകം കാര്യങ്ങൾ തങ്ങൾ ബലപ്രയോഗത്തിലൂടെ അധിനിവേശം നടത്തിയ ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ചെയ്യുന്നുണ്ട്. രാവിലെ ജോലിക്ക് പോകാൻ ഓരോ പലസ്തീനിക്കും ഇസ്രയേലിന്റെ പെർമിറ്റ് വേണം.

  • ഗാസയിലും വെസ്റ്റ് ബാങ്കിലും ഉള്ള രക്തബന്ധമുള്ള പലസ്തീനികൾക്ക് വരെ പരസ്പരം കാണാൻ വലിയ തടസങ്ങളാണുള്ളത്. 1995 ലെ ഓസ്ലോ കരാർ പ്രകാരം വെസ്റ്റ് ബാങ്കിന്റെ അറുപത് ശതമാനം (Area C) പലസ്തീൻ അതോറിറ്റിറ്റിക്ക് കൈമാറേണ്ടതായിരുന്നു. അവിടെ ഇപ്പോൾ ഉള്ളത് അന്താരാഷ്ട്ര നിയമപ്രകാരം അനധികൃതമായ 290 ഇസ്രയേലി സെറ്റിൽമെന്റുകളും അവിടെ താമസിക്കുന്ന 3 ലക്ഷം ജൂതന്മാരുമാണ്. അതുകൊണ്ട് തന്നെ വളരെ ചെറിയൊരു ഭൂപ്രദേശം മാത്രമാണ് പലസ്തീൻ അതോറിറ്റിയുടെ കീഴിലുള്ളത്. ഓർക്കുക ആയുധം എടുക്കാതെ സമാധാന പൂർവം ചർച്ച ചെയ്യാൻ പോയ ആളുകളുടെ കഥയാണിത്. ഹമാസാണ് പ്രശ്നക്കാർ എന്ന് പറയുന്നവർ മറച്ചുവെക്കുന്ന കാര്യം. 1967 മുതൽ മൂന്ന് ലക്ഷം പലസ്തീനികളെയാണ് അവരുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്.
  • അധിനിവേശ പലസ്തീനിൽ വീട് വെയ്ക്കാൻ പെർമിറ്റ് വാങ്ങേണ്ടത് ഇസ്രയേലിന്റെ കയ്യിൽ നിന്നാണ്. അത് അവർ ഒരിക്കലും കൊടുക്കാത്തത് കൊണ്ട്, പലസ്തീനിലെ പല നിർമിതികളും അനധികൃതമായിട്ടാണ് അധികാരികൾ കണക്കുകൂട്ടുന്നത്. എപ്പോൾ വേണമെങ്കിലും പൊളിച്ച് കളയാൻ ഇത് ഇസ്രയേലിനെ സഹായിക്കും. ഇത് പൊളിച്ചു കളയാനുള്ള പൈസയും പലസ്തീൻകാർ തന്നെ അടക്കണം എന്നതാണ് വിചിതമായ കാര്യം. 2009 മുതൽ പതിനായിരത്തോളം വീടുകൾ ഇസ്രായേൽ ഇങ്ങിനെ പൊളിച്ച് കളഞ്ഞിട്ടുണ്ട്.
  • പലസ്തീനികൾക്ക് ജോലിക്ക് പോകാൻ ഇസ്രയേൽ ചെക്ക് പോസ്റ്റ് കടന്നു പോകണം. ഇവിടെയുള്ള തിക്കിലും തിരക്കിലും പെട്ട പലസ്തീനികൾ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പണ്ട് സിനിമാശാലകളിൽ പോയവർക്ക് ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന വളരെ തിങ്ങി ഞെരുങ്ങിയ, ഇരുമ്പുകമ്പികൾ കൊണ്ട് മറച്ച ക്യൂ ഓർമയുണ്ടാകും. എല്ലാ ദിവസവും ജോലിക്ക് പോകാൻ ഇങ്ങിനെയുള്ള ഇരുമ്പ് മറയിലൂടെ മണിക്കൂറുകൾ പോകേണ്ടി വരുന്ന കാര്യം ആലോചിച്ച് നോക്കൂ. ലോകത്തിലെ തൊഴിലില്ലായ്‌മ ഏറ്റവും കൂടിയ മൂന്നാമത്തെ രാജ്യമാണ് പലസ്തീൻ. അതിന്റെ കൂടെ ഗാസയിൽ ഈ യുദ്ധം കാരണം ഏതാണ്ട് അഞ്ച് ലക്ഷം പേർക്കാണ് ജോലി നഷ്ടമായത്.
  • പലസ്തീൻ അതോറിറ്റിയുടെ നികുതിയുടെ 64 ശതമാനം (188 മില്യൺ ഡോളർ ) ഇസ്രയേൽ ആണ് കൊണ്ടുപോകുന്നത്. ഓർക്കുക പലസ്തീൻ ഇസ്രയേലിന്റെ ഭാഗം പോലുമല്ല. യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ ബലം പ്രയോഗിച്ച് തങ്ങളുടേതാക്കുന്നത് എല്ലാ വിധ അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരാണ്. ഹമാസ് ഇല്ലാത്ത വെസ്റ്റ് ബാങ്കിലെ കാര്യമാണീ പറയുന്നത്. ഹമാസാണ് പലസ്തീനിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം എന്ന് പറയുന്നവർ ഇതിനെപറ്റി മിണ്ടില്ല.
  • പലസ്തീനിൽ പുതിയ സാങ്കേതിക വിദ്യകൾ ഇസ്രായേൽ അനുവദിക്കുന്നില്ല. ഇസ്രായേൽ 5G നെറ്റ്‌വർക്ക് സ്ഥാപിക്കുമ്പോൾ പലസ്തീനിൽ 3G മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. അതും ഹമാസ് ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ. ഗാസയിൽ 2G മാത്രമേ ഉള്ളൂ.

എഴുതിക്കൊണ്ടിരുന്നാൽ നീളം ഇനിയും കൂടുമെന്നുളത് കൊണ്ട് മാത്രം നിർത്തുന്നു

Content Highlights:

To advertise here,contact us