സംസ്ഥാനത്തിൻ്റെ ധനപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കേന്ദ്ര സർക്കാരിൻ്റെ കടന്ന് കയറ്റം കൂടുതൽ രൂക്ഷമാവുകയാണ്. എല്ലാ മേഖലയിലും കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്ത് കേരളം വിറങ്ങലടിച്ച് നിന്നപ്പോഴും, ദുരിതബാധിതർ വായ്പകൾ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടിയപ്പോഴും ഇത് കേരളം കണ്ടതാണ്. കേരളത്തോടുള്ള ഈ സമീപനം കടമെടുപ്പ് പരിധിയിലും കേന്ദ്രം മാറ്റമില്ലാതെ തുടരുന്നുണ്ട്. ഫെഡറൽ സംവിധാനത്തെ ആകെ തകിടം മറിക്കുന്ന ഇടപെടലുകളാണ് കേന്ദ്ര സർക്കാർ കേരളത്തോട് ചെയ്യുന്നത്. അർഹമായ നികുതി വിഹിതം നൽകാതെയും പ്രകൃതി ദുരന്തം പോലെ സാമ്പത്തിക സഹായം അത്യാവശ്യമായ ഘട്ടങ്ങളിൽ മുഖം തിരിഞ്ഞുമുള്ള കേന്ദ്ര നടപടികൾ തുടരുന്നതിനിടെയാണ് കടമെടുപ്പ് പരിധിയിലും കേന്ദ്ര സർക്കാർ കേരളത്തെ ഞെരുക്കുന്നത്.
ഓരോ സാമ്പത്തിക വർഷവും കടമെടുപ്പ് പരിധി ഗണ്യമായി കുറയ്ക്കുന്നതിനും, അനുവദിച്ച തുക വെട്ടിക്കുറക്കുന്നതിനും അർഹമായ ഫണ്ടുകൾ നിഷേധിക്കുന്നതിനുമെതിരെ നിരന്തര പോരാട്ടത്തിലാണ് കേരളം. ഇതിനിടെയിലാണ് ഇരുട്ടടിപ്പോലെ സംസ്ഥാനത്തിൻറെ സാമ്പത്തിക അടിത്തറ തകർക്കുന്ന അടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്ത് എത്തിയത്. ഈ സാമ്പത്തിക വർഷത്തിലെ അവസാന മൂന്ന് മാസത്തേക്കുള്ള കടമെടുപ്പ് പരിധിയിൽ നിന്ന് വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് കേന്ദ്രം സംസ്ഥാനത്തിന് പുതിയ മൂക്ക് കയർ കൂടി ഇട്ടിരിക്കുന്നത്. കരാറുകാർക്കുള്ള കുടിശ്ശിക അടക്കം വിതരണം ചെയ്യേണ്ട അവസരത്തിൽ കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം സംസ്ഥാനത്തെ സർക്കാരിനെ സംബന്ധിച്ച് ഇരുട്ടടിയാണ്. ഇടക്കാല ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ക്ഷേമ പ്രഖ്യാപനങ്ങളെയും ഈ നീക്കം ബാധിച്ചേക്കാമെന്ന് ആശങ്കയുണ്ട്.
2025-26 വർഷത്തേക്ക് കേരളം ആവശ്യപ്പെട്ടത് 42,814 കോടി രൂപയായിരുന്നു. ഡിസംബർ വരെ 29,529 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ശേഷം ഈ സാമ്പത്തിക വർഷത്തിലെ അവസാന മൂന്ന് മാസമായ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 12,515 കോടി രൂപ കടമെടുക്കാമെന്നിരിക്കെ, അതിൽ നിന്ന് 5,944 കോടി രൂപ വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്രം. ഇതോടെ 12,515 കോടി കടമെടുക്കാമായിരുന്ന കേരളത്തിന് ഇനി 6,572 കോടി രൂപ മാത്രമേ കടമെടുക്കാനാവുകയുള്ളൂ. കിഫ്ബിയും പെൻഷൻ കമ്പനിയും നേരത്തെ എടുത്ത വായ്പ സംസ്ഥാനത്തിൻറെ മൊത്ത കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രത്തിൻറെ ഈ നടപടി.ഓരോ സാമ്പത്തിക വർഷത്തൻറെയും അവസാനത്തിൽ കരാറുകാർക്കടക്കം കോടികൾ നൽകേണ്ടി വരും എന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിൻറെ ഈ സാമ്പത്തിക ഉപരോധം. അതായത് എല്ലാ മാസവും വിതരണം ചെയ്യേണ്ട ശമ്പളത്തിനും പെൻഷനും പുറമെ സംസ്ഥാന സർക്കാരിന് കൂടുതൽ സാമ്പത്തിക ബാധ്യത വരുന്ന സമയമാണ് ഓരോ സാമ്പത്തിക വർഷത്തിലെയും അവസാന മാസങ്ങൾ. അത്കൊണ്ട് തന്നെ കേന്ദ്ര സർക്കാരിൻറെ ഈ നടപടി കേരളത്തിൻറെ നിലവിലെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുമെന്നാണ് വിദഗ്തരുടെ വിലയിരുത്തൽ.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളത്തിൻറെ കടമെടുപ്പ് പരിധിയിൽ 1,25,000 കോടി രൂപയുടെ കുറവ് കേന്ദ്രം വരുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന ധനവകുപ്പ് മന്ത്രിയായ കെ എൻ ബാലഗോപാൽ പറയുന്നത്. കടമെടുപ്പ് പരിധിയിലെ കുറവിന് പുറമെ, കേന്ദ്ര ഗ്രാൻറുകളിലെ വൻ ഇടിവ് കേരളത്തിന് ഇരട്ട പ്രഹരമാണ് സൃഷ്ടിക്കുന്നത്. ഓരോ വർഷവും കിട്ടിക്കൊണ്ടിരുന്ന ഗ്രാൻറ്, കടമെടുപ്പ് പരിധി എന്നിവയിലായി പ്രതിവർഷം 57,000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിന് നഷ്ടമാകുന്നതെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറയുന്നു. കേരളത്തെ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത നീക്കമായാണ് കേന്ദ്രത്തിൻറെ ഈ നടപടിയെ ധനമന്ത്രി വിശേഷിപ്പിക്കുന്നത്. കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തുന്നതിന് പുറമെയാണ് അനുവദിച്ച തുകയിൽ നിന്നും പലകാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വെട്ടിക്കുറക്കലുകളും നടക്കുന്നത്. സംസ്ഥാനത്തിൻറെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൻറെ (ജി.എസ്.ഡി.പി) 3% വരെ കടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദമുണ്ട്.അതായത് കേരളത്തിൻറെ നിലവിലെ ജി.എസ്.ഡി.പി 14,27,145 കോടി രൂപയാണ്. ഈ മാനദണ്ഡമനുസരിച്ച്, 42,814 കോടി രൂപ വരെ കേരളത്തിന് കടമെടുക്കാം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കടമെടുപ്പ് പരിധി കുറച്ചും അനുവദിച്ച തുക വെട്ടിക്കുറച്ചും കേന്ദ്രം നടത്തിയ സാമ്പത്തിക ഉപരോധത്തിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ സംഭവിച്ചത്. 2020 മുതൽ 2023 വരെ കേരളത്തിൻറെ കടമെടുപ്പ് പരിധിയിൽ കാര്യമായ വെട്ടിക്കുറവ് കേന്ദ്രം വരുത്തിയിരുന്നില്ല.2021-22 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 30,698 കോടി രൂപയും, 2022-23 ൽ 39,000 കോടി രൂപയും കടമെടുക്കാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ, 2023-24 സാമ്പത്തിക വർഷം മുതൽ കടമെടുപ്പ് പരിധിയിലുള്ള കേന്ദ്രത്തിൻറെ വെട്ട് സംസ്ഥാനത്തിന് നേരെ നീണ്ടു. 2023-24 ൽ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന കടമെടുപ്പ് പരിധി 32,442 കോടി രൂപയായിരിക്കെ, കേന്ദ്രം അത് 15,390 കോടിയായി ഏകപക്ഷീയമായി വെട്ടിക്കുറച്ചു. 2024-25 സാമ്പത്തിക വർഷത്തിലും കേന്ദ്രം ഈ പതിവ് തുടരുകയും ചെയ്തു. 2024-25 വർഷം കേരളം 44,528 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ, അനുവദിച്ചത് 37,512 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിൻറെ സാമ്പത്തിക ആവശ്യങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും കേന്ദ്രം പരസ്യമായി ലംഘിക്കുന്നതിൻറെ തെളിവാണിത്.
Content Highlights: Centre slashes Kerala’s borrowing limit