കേരളത്തിൻ്റെ ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങളുടെ ചിറക് വിടർത്തലായാണ് കൊച്ചി കായലിൽ നിന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് പറന്നുയർന്ന സീപ്ലെയ്ൻ്റെ പരീക്ഷണ പറക്കൽ കണക്കാക്കുന്നത്. കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമെല്ലാം വളരെ പെട്ടെന്ന് യാത്ര ചെയ്യാൻ കഴിയുന്ന ഒരു സർവീസാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്. വിജയവാഡയിൽ നിന്നാണ് സീപ്ലെയ്ൻ കേരളത്തിലേക്ക് എത്തിയത്. കൊച്ചി ബോൾഗാട്ടി പാലസിന് മുന്നിലെ കായലിൽ വെച്ച് രാവിലെ 10.30ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തപ്പോൾ ആകാശം തൊട്ടത് കേരളത്തിൻ്റെ ടൂറിസം മേഖലയിലെ സ്വപ്ന സാക്ഷാത്കാരമാണ്. ഡി ഹാവ് ലാൻഡ് കാനേഡിയൻ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്നാണ് കൊച്ചിയിൽ എത്തിയത്. കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്ഗർ ബ്രിൻഡ്ജർ എന്നിവരായിരുന്നു സീപ്ലെയ്ൻ്റെ പൈലറ്റുമാർ. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ.
ജലവിമാനങ്ങളെ സാധാരണയായി രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഫ്ലോട്ട് പ്ലെയിനുകളും ഫ്ലയിംഗ് ബോട്ടുകളും. ഫ്ലോട്ട് പ്ലെയിനുകൾ വിമാനത്തിൻ്റെ ഫ്യൂസ്ലേജിന് കീഴിൽ ഘടിപ്പിച്ച ഫ്ലോട്ടുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. പല ചെറിയ ലാൻഡ് എയർക്രാഫ്റ്റുകളെയും ഫ്ലോട്ട് പ്ലെയിനുകളാക്കി വേണമെങ്കിൽ മാറ്റാം. ഒരു ഫ്ലയിംഗ് ബോട്ടിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള ശേഷി നൽകുന്ന പ്രധാന ഉറവിടം വിമാനത്തിൻ്റെ ഫ്യൂസ്ലേജാണ്. അത് കപ്പലിൻ്റെ പുറംചട്ട പോലെ പ്രവർത്തിക്കുന്നു. കൂടുതൽ സ്ഥിരതയ്ക്കായി പറക്കുന്ന ബോട്ടുകൾക്ക് ചിറകുകളിൽ ചെറിയ ഫ്ലോട്ടുകൾ ഘടിപ്പിച്ചേക്കാം. കരയിലും വെള്ളത്തിലും സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിന് ജലാശയങ്ങളിലും പരമ്പരാഗത റൺവേകളിലും പറന്നുയരാനും ഇറങ്ങാനും കഴിയും.
1910-ൽ ഫ്രാൻസിലെ മാർസെയിലിലാണ് ആദ്യത്തെ സീപ്ലെയിൻ ഫ്ലൈറ്റ് പ്രവർത്തനം ആരംഭിച്ചത്. ഹെൻറി ഫാബ്രെയാണ് സീപ്ലെയിനുകൾ കണ്ടുപിടിച്ചത്. പ്ലൈവുഡ് ഫ്ലോട്ടുകൾ ഉപയോഗിച്ചാണ് അദ്ദേഹം സീപ്ലെയിനുകൾ നിർമ്മിച്ചത്. പ്ലെെവുഡിന് ഭാരം കുറവായതിനാൻ വെള്ളത്തിൽ നിന്ന് പറന്നുയരാനും ഏകദേശം അര കിലോമീറ്റർ പറക്കാനും വെള്ളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനും സാധിച്ചിരുന്നു.
ആദ്യത്തെ വിജയകരമായ പവർഡ് സീപ്ലെയിൻ ഫ്ലൈറ്റ് 1910-ൽ ഫ്രാൻസിലെ മാർസെയിലാണ് പറന്നത്. ഹെൻറി ഫാബ്രെ തൻ്റെ കണ്ടുപിടുത്തത്തെഹൈഡ്രവിയോൺ (ഫ്രഞ്ച് സീപ്ലെയിൻ / ഫ്ലോട്ട് പ്ലെയിൻ) എന്നാണ് വിളിച്ചത്. ഫാബ്രെയുടെ വിമാനത്തിൽ പ്ലൈവുഡ് ഫ്ലോട്ടുകളാണ് സജ്ജീകരിച്ചിരുന്നത്. അത് ഭാരം കുറഞ്ഞ വിമാനത്തെ വെള്ളത്തിൽ നിന്ന് പറന്നുയരാനും ഏകദേശം അര കിലോമീറ്റർ പറക്കാനും വെള്ളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനും പ്രാപ്തമാക്കി.
1911 ഓടെ, അമേരിക്കൻ ഏവിയേഷൻ രംഗത്ത് ആദ്യപഥികരായ ഗ്ലെൻ കർട്ടിസ്, കർട്ടിസ് മോഡൽ ഡി വികസിപ്പിച്ചെടുത്തു. അത് ഒരു സെൻട്രൽ ഫ്ലോട്ടും പൊങ്ങിക്കിടക്കാനുള്ള ശേഷി നൽകുന്ന സ്പോൺസണും ഉള്ള ഒരു ലാൻഡ്-പ്ലെയ്നായിരുന്നു. കരയിലും വെള്ളത്തിലും സഞ്ചരിക്കാൻ കഴിയുന്ന ഈ വിമാനത്തിന് യുഎസ് ഫ്ലൈറ്റ് അച്ചീവ്മെൻ്റിനുള്ള ആദ്യത്തെ കോളിയർ ട്രോഫി ലഭിച്ചു. ഒന്നാം ലോകമഹായുദ്ധസമയത്ത് ലോകമെമ്പാടുമുള്ള റൺവേകളുടെ അഭാവം മൂലം ആകർഷകമായ ഫ്ലൈയിംഗ് ബോട്ടുകൾ കർട്ടിസ് രൂപകൽപ്പന ചെയ്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ബ്രിട്ടീഷ് റോയൽ നേവിക്ക് വേണ്ടി കർട്ടിസ് മോഡൽ എച്ച് സീരീസ് നിർമ്മിച്ചു. ഇത്തരം സീപ്ലെയിനുകൾ ശത്രു കപ്പലുകളെ മറികടക്കാനും വ്യോമസേനാംഗങ്ങളെയും നാവികരെയും രക്ഷിക്കാനും ഉപയോഗിച്ചിരുന്നു.
അറ്റ്ലാൻ്റിക്കിലെ നോൺ-സ്റ്റോപ്പ് ഏരിയൽ ക്രോസിംഗ് എന്ന വെല്ലുവിളിക്കുള്ള മറുപടിയായിരുന്നു മോഡൽ എച്ച് സീരീസ് കുടുംബത്തിൽപ്പെട്ട ഫ്ലയിംഗ് ബോട്ടുകൾ. ദീർഘദൂരം പറക്കാനുള്ള ശേഷിയും സഹിഷ്ണുതയും സീപ്ലെയിനിൻ്റെ സവിശേഷ കഴിവുകളും ഉള്ളതിനാൽ ഈ വിമാനങ്ങൾ ശത്രു കപ്പലുകളെ മറികടക്കാനും വ്യോമസേനാ ഉദ്യോഗസ്ഥരെയും നാവികരെയും രക്ഷിക്കാനും ഉപയോഗിച്ചു.
1930-കളുടെ അവസാനത്തോടെ സീപ്ലെയിനുകൾ ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ വിമാനങ്ങളിൽ ഒന്നായി മാറിയിരുന്നു. തീരദേശ സ്റ്റേഷനുകളിൽ ഇന്ധനം നിറയ്ക്കാനുള്ള കഴിവ് ഫ്ലയിംഗ് ബോട്ടുകളെ താരതമ്യേന സുരക്ഷിതവും ആശ്രയയോഗ്യവുമായ ദീർഘദൂര ഗതാഗത മാർഗ്ഗമാക്കി മാറ്റി. പാൻ അമേരിക്കൻ എയർവേയ്സിൻ്റെ ബോയിംഗ് 314 "ക്ലിപ്പർ" വിമാനങ്ങൾ പോലുള്ള ഫ്ലൈയിംഗ് ബോട്ടുകൾ അറ്റ്ലാൻ്റിക്കിന് കുറകെ സഞ്ചരിക്കുന്ന ആഡംബര ഫ്ലൈറ്റുകളായി മാറി.
രഹസ്യാന്വേഷണം, അന്തർവാഹിനികൾക്കെതിരായ യുദ്ധം, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായി പസഫിക് സമുദ്രത്തിന് കുറുകെയുള്ള വിദൂര പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യകക്ഷികൾ ജലവിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധസമയത്ത് ജെറ്റ്-പവേർഡ് എയർക്രാഫ്റ്റുകളിലും ദൈർഘ്യമേറിയ റൺവേകളിലും വലിയ നിക്ഷേപങ്ങൾ നടത്തിയതിനാൽ യുദ്ധാനന്തരം ജലവിമാനങ്ങൾ സൈനിക ഉപയോഗത്തിൽ നിന്ന് ഡീകമ്മീഷൻ ചെയ്യുകയായിരുന്നു.
പുതിയ കാലത്തെ ആധുനിക ജലവിമാനങ്ങൾ പ്രാഥമികമായി ലോകമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിൽ ലാൻഡ് ചെയ്യാൻ സാധിക്കുന്ന ഫ്ലോട്ടുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ലൈറ്റ് ആംഫിബിയസ് വിമാനങ്ങളാണ്. കോസ്റ്റ് ഗാർഡുകൾ പോലുള്ള റെസ്ക്യൂ ഓർഗനൈസേഷനുകൾ, തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും പതിവായി ഈ ആധുനിക ജലവിമാനങ്ങൾ ഉപയോഗിക്കുന്നു.
കൊച്ചിയിൽ നിന്ന് സീപ്ലെയിൻ പറന്നുയർന്നപ്പോൾ വര്‍ഷങ്ങള്‍ക്കു മുന്‍പേ ആലപ്പുഴയിൽ തുടങ്ങേണ്ടിയിരുന്ന പദ്ധതിയാണ് വീണ്ടും ചർച്ചയാവുന്നത്. മത്സ്യ, കക്കവാരല്‍ തൊഴിലാളികള്‍ക്ക് ജീവന് ഭീക്ഷണിയാകുമെന്ന് ആരോപിച്ചാണ് ആ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ രംഗത്ത് വന്നത്. പദ്ധതി നിര്‍ത്തിവെച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കണമെന്നായിരുന്നു യൂണിയന് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. 2013 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കായലോര വിനോദസഞ്ചാരമേഖല മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2013 ജൂണിലാണ് സീപ്ലെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിക്ഷേധം കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കൊല്ലത്തെ അഷ്ടമുടിക്കായലില്‍നിന്ന് ആലപ്പുഴ പുന്നമടയിലേക്കായിരുന്നു ആദ്യയാത്ര നിശ്ചയിച്ചിരുന്നത്. ഉദ്ഘാടന ദിവസം ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ കായലില്‍ വള്ളമിറക്കി പ്രതിഷേധിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം വള്ളത്തില്‍ കയറി പ്രതിഷേധിക്കുകയും വലയെറിയല്‍ സമരം നടത്തുകയും ചെയ്തു. മീന്‍പിടിത്തവും കക്കവാരലും തടസ്സപ്പെടുമെന്നും പാരിസ്ഥിതികാഘാതപഠനം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് സമരം നടത്തിയത്.
ജലവിമാനമിറങ്ങുന്നതിന് പുന്നമടയില്‍ പ്രത്യേക ജെട്ടി നിര്‍മിച്ചിരുന്നു. എന്നാൽ സമരം ശക്തമായതോടെ വിമാനമിറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ല. തുടർന്ന് പദ്ധതിയിൽ നിന്ന് കമ്പനി പിൻമാറുകയായിരുന്നു. സെസ്ന-206 എച്ച് ആംഫീരിയര് എന്ന ചെറുവിമാനമാണ് പുന്നമടയില്‍ ഇറങ്ങേണ്ടിയിരുന്നത്. പൈലറ്റ് ഉള്‍പ്പെടെ ആറുപേര്‍ക്കു യാത്രചെയ്യാമായിരുന്നു. ലാന്‍ഡുചെയ്യുന്നതിന് സ്ഥിരം സംവിധാനം വേണ്ടാത്ത വിമാനമായിരുന്നിത്. അഷ്ടമുടി, പുന്നമട, ബോള്‍ഗാട്ടി, കുമരകം, ബേക്കല്‍ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ വിനോദസഞ്ചാരമേഖലയില്‍ വന്കുതിപ്പുണ്ടാകിയിരുന്നേനെയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ആന്ധ്രാപ്രദേശിന് അഭിമാനമായി ആദ്യത്തെ ജലവിമാന ഡെമോ ഫ്ലൈറ്റും ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. വിജയവാഡയിൽ നിന്ന് ശ്രീശൈലത്തിലേക്കാണ് സർവീസ്. ഒരു മണിക്കൂറിനുള്ളിൽ വിജയവാഡയിൽ നിന്ന് ശ്രീശൈലത്തിലേക്ക് എത്തുന്നതാണ് പദ്ധതി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണ് ഫ്ലൈറ്റ് ഉദ്ഘാടനം ചെയ്തത്. ഡെമോ ഫ്ലൈറ്റ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ നന്ദ്യാൽ ജില്ലയിലെ ശ്രീശൈലത്തിലെ ജലസംഭരണി പദ്ധതിയിൽ വിമാനം ഇറങ്ങി. ജലവിമാനത്തിൽ ഇറങ്ങിയപ്പോൾ തനിക്ക് പുതിയൊരു അനുഭവമായിരുന്നെന്നും പ്രകൃതിയുടെ നടുതട്ടിൽ ഇറങ്ങുന്നതായാണ് തോന്നിയതെന്നും നായിഡു പറഞ്ഞു. ആന്ധ്രയുടെ വിനോദസഞ്ചാര മേഖലക്ക് വലിയ മാറ്റം കൊണ്ടുവരാൻ സീപ്ലെയിന്‍ സാധിക്കുമെന്നാണ് ആന്ധ്ര സർക്കാരിൻ്റെ വിശ്വാസം.
Content Highlights:Seeing the seaplane taking off from Kochi, the project that should have started in Alappuzha years ago is being discussed again. A seaplane is an amphibious aircraft that can take off on land and water