'ഇതങ്ങിനെ ആവില്ല സാര്‍, ഇത് നടക്കും! ദയാപുരം ബഷീര്‍ മ്യൂസിയം: ക്യൂറേറ്ററുടെ ഓര്‍മ്മകള്‍

2024ല്‍ ഉദ്ഘാടനം ചെയ്ത ആദ്യത്തെ ബഷീര്‍ സ്മാരകത്തെപ്പറ്റി ബഷീര്‍ ചരമദിനത്തില്‍ ക്യൂറേറ്റര്‍ എഴുതുന്ന കുറിപ്പ്

1 min read|05 Jul 2026, 09:32 am

വൈക്കം മുഹമ്മദ് ബഷീര്‍ അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന പുസ്തകത്തിന്റെ 1992ലിറങ്ങിയ രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു...

'കുറെ കൊല്ലങ്ങള്‍ക്കു മുമ്പ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു ചാമ്പലാക്കാന്‍ ഒരു വലിയ കടലാസു കെട്ടു എന്റെ ഭാര്യ ഫാബി ബഷീറിന്റെ കയ്യില്‍ കൊടുത്തിരുന്നു. ഭാര്യ അത് കത്തിച്ചില്ല. ഡോ. എം എം ബഷീര്‍ എന്നെപ്പറ്റി ഒരു പുസ്തകം തയാറാക്കുന്നുണ്ടെന്നു പറഞ്ഞു. അതില്‍ ചേര്‍ക്കാന്‍ പറ്റിയ പഴയ വല്ല സാധനങ്ങളും ഉണ്ടോയെന്ന് എന്റെ ഭാര്യയോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ഭാര്യ അലമാരയിലുള്ള കെട്ടുകള്‍ എടുത്തു എം എം ബഷീറിനെ ഏല്‍പ്പിച്ചു. അതില്‍ നിന്നാണ് 'കാമുകന്റെ ഡയറി'യും ഭാര്‍ഗവീനിലയം സ്‌ക്രീന്‍പ്ലേയും കണ്ടെടുത്തത്.'

ആ കടലാസു കെട്ടില്‍ എം ടി വാസുദേവന്‍ നായര്‍ പിന്നീട് 'അനുരാഗത്തിന്റെ ദിനങ്ങള്‍' എന്ന് പേരിട്ടു പൂര്‍ത്തിയാക്കാത്ത 'കാമുകന്റെ ഡയറി'യും 'ഭാര്‍ഗ്ഗവീനിലയ'ത്തിന്റെ തിരക്കഥയും മാത്രമല്ല ഉണ്ടായിരുന്നത്. 1936ല്‍ ആദ്യം ഇംഗ്ലീഷില്‍ ആരോ ഒരു ഭാഗത്ത് എഴുതി ഉപേക്ഷിച്ചിരുന്ന കടലാസിന്റെ പുറത്ത് കല്‍ക്കട്ടയില്‍ വെച്ച് എഴുതിത്തുടങ്ങിയ ബാല്യകാലസഖിയുടെ ഇംഗ്ലീഷ് കയ്യെഴുത്തുപ്രതിയുടെ ഏതാനും പേജുകള്‍, ഭൂമിയുടെ അവകാശികളുടെ കയ്യെഴുത്തുപ്രതി, എഴുതിപ്പൂര്‍ത്തിയാക്കാത്ത മുച്ചീട്ടുകളിക്കാരന്റെ മകളുടെ നാടകരൂപം എന്നിവയും കുറച്ചു ചെറുകഥകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എം എം ബഷീര്‍ സാര്‍ ഓരോ പേജും ലാമിനേറ്റ് ചെയ്തു വെച്ചിരുന്നത് കൊണ്ട് അവയൊക്കെ നാല് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ബാക്കിയായി.

2021 ലാവണം, ദയാപുരത്തുണ്ടായിരുന്ന ഒരു ദിവസം ഉച്ച തിരിഞ്ഞു ബഷീര്‍ സാറിന്റെ മുറിയിലിരുന്ന് വര്‍ത്തമാനം പറയുകയായിരുന്നു ഞങ്ങള്‍ രണ്ടുപേരും. വിഷയം ബഷീറിന്റെ കയ്യെഴുത്തുപ്രതികളായി. കത്തിക്കാന്‍ ഭാര്യയെ ഏല്‍പ്പിച്ച കടലാസുകെട്ടുമാത്രമാണ് അദ്ദേഹത്തിന്റെ എഴുത്തായി വായുകടക്കാത്ത പ്ലാസ്റ്റിക് സൂക്ഷിപ്പില്‍ ഇന്ന് ബാക്കിയായിരിക്കുന്നത് എന്ന ആകസ്മികത ഓര്‍ത്തു!

ബഷീറിന്റെ കയ്യെഴുത്തുപ്രതികള്‍ വെച്ച് ഒരു സാഹിത്യ മ്യൂസിയം നിര്‍മിക്കാനുള്ള തന്റെ പദ്ധതി പല തരം ഔദ്യാഗിക ഉപേക്ഷകളില്‍പെട്ട് നടക്കാതെ പോയതിന്റെ വിഷമം പറയുകയായിരുന്നു മാഷ്. പ്രായം എണ്‍പതു കഴിഞ്ഞുവെങ്കിലും പൊതുവെ പ്രസന്നനും ഊര്‍ജസ്വലനുമായ മാഷുടെ മുഖത്തെ വാട്ടം കണ്ടപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു:

"നമുക്ക് ചെയ്താലോ മാഷെ?" 

"എന്ത്?"

"ഈ ബഷീർ മ്യൂസിയം നമുക്കിവിടെ ദയാപുരത്തുണ്ടാക്കിയാലോ?"

ആ സമയത്തു ദയാപുരത്തെ അല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ് മാഷ്. ഞാന്‍ സാംസ്‌കാരിക കാര്യങ്ങളുടെ ചുമതലയുള്ള വോളന്റിയറും.

'അതിനു വലിയ ബജറ്റ് വേണം. നടക്കാതെ പോയ മ്യൂസിയം പദ്ധതിയുടെ ബജറ്റ് മൂന്നു കോടി രൂപ ആയിരുന്നു.'

വലിയ സ്രോതസ്സുകള്‍ ഉള്ള സര്‍ക്കാറോ കോര്‍പറേറ്റുകളോ മാത്രമാണ് സാധാരണ നിലക്ക് മ്യൂസിയം പോലുള്ള പദ്ധതികള്‍ക്ക് ഇറങ്ങാറ്. സന്നദ്ധപ്രവര്‍ത്തകര്‍ നടത്തുന്ന ദയാപുരം പോലെയുള്ള ഒരു ചെറിയ സ്ഥാപനത്തിന് ഇതൊക്കെ നടക്കുമോ?

'അങ്ങിനത്തെ പണമൊന്നും ദയാപുരത്തില്ലല്ലോ. ആദ്യം സി ടി സാറോട് സംസാരിക്കാം. സാറിനു സമ്മതമാണെങ്കില്‍ ട്രസ്റ്റില്‍ ഒരു പ്രൊപോസല്‍ അവതരിപ്പിക്കാം.'

നോക്കാമെന്ന മട്ടായി അദ്ദേഹത്തിനും.

ദയാപുരത്തിന്റെ സ്ഥാപകഉപദേശകന്മാര്‍ മൂന്നു പേരാണ്: ലക്ക്നോവിലെ അബുല്‍ ഹസന്‍ അലി നദ്വി, വൈക്കം മുഹമ്മദ് ബഷീര്‍, പി പി ഉമ്മര്‍ കോയ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി, കേരളീയ നവോത്ഥാനത്തിന്റെ പങ്കാളി, മുസ്ലിം സാമുദായിക പരിഷ്‌കരണവാദി എന്നീ തലങ്ങളില്‍ ദയാപുരത്തിന്റെ ആശയാടിത്തറയും സാമൂഹികദൗത്യവും സമൂഹത്തിനു മുന്നില്‍ വെക്കാന്‍ ബഷീറിന്റെ പേര് ആദ്യകാലത്ത് വളരെ ഉപകരിച്ചിരിക്കണം. ആ അര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു സ്മാരകം ദയാപുരത്തുണ്ടാവുന്നതില്‍ ഒരു ശരിയുണ്ട്.

ദയാപുരത്തിന്റെ പേട്രണ്‍ സി ടി അബ്ദുറഹീം സാറിനോട് കാര്യം പറഞ്ഞപ്പോള്‍ സാറിനു സന്തോഷം. അമ്പതിലധികം വര്‍ഷം മുമ്പ് വയലാലില്‍ വീട്ടില്‍ പോയി ബഷീറിനെ അഭിമുഖം നടത്തിയിട്ടുള്ള സി ടി സാര്‍ ബഷീര്‍ ദയാപുരം കാമ്പസില്‍ വന്ന ആദ്യത്തെ മലയാളിയായ വിശിഷ്ട വ്യക്തിത്വമാണെന്നു കൂടി പറഞ്ഞു.

പ്രിയ സുഹൃത്തായ ആര്‍ട്ടിസ്റ്റ് ലിയോണിന് മ്യൂസിയം ഡിസൈന്‍ രംഗത്തെ ആളുകളെ അറിയാം. ആര്‍ട്ടിസ്റ്റുകളെയും അറിയാം. ദയാപുരത്തെ ഒ എന്‍ വി പാര്‍ക്ക്, ടാഗോര്‍ നികേതന്‍, പണിക്കാരുടെ തോപ്പായ വിശ്രാമം എന്നിവക്കുള്ള ആര്‍ട്ടിസ്റ്റുകളെ കണ്ടു പിടിച്ചതും കലാപരമായ ഏകോപനം നടത്തിയതും എല്ലാം ലിയോണായിരുന്നു. ലിയോണ്‍ തന്നെ ആണ് ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സീജോ സിറിയക്കിനെ ഈ പദ്ധതിക്ക് നിര്‍ദ്ദേശിക്കുന്നത്.

സാഹിത്യമ്യൂസിയം: ബഷീറിനെ എങ്ങിനെ അവതരിപ്പിക്കണം?

ആ സമയത്താണ് സാഹിത്യമ്യൂസിയങ്ങളെപ്പറ്റി ഞാന്‍ വായിച്ചു തുടങ്ങുന്നത്. ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ ഡാന്റെയുടെ പേരില്‍ 1865 ല്‍ സ്ഥാപിക്കപ്പെട്ട മ്യൂസിയം കാസ ഡി ഡാന്റെ ആണ് ആദ്യത്തെ സാഹിത്യമ്യൂസിയം ആയി അറിയപ്പെടുന്നത്. ചാള്‍സ് ഡിക്കന്‍സിന്റെ പേരില്‍ 1925 ല്‍ സ്ഥാപിക്കപ്പെട്ട മ്യൂസിയം ആണ് ബ്രിട്ടനില്‍ ഈ വകുപ്പില്‍ ആദ്യത്തേത് എന്ന് കണ്ടു. ലണ്ടനിലെ ഗ്ലോബ് തീയേറ്ററും സ്ട്രാറ്‌ഫോഡ് അപ്പോണ്‍ ഏവോണിലെ മ്യൂസിയവും 221 ബേക്കര്‍ സ്ട്രീറ്റിലെ ഷെര്‍ലക് ഹോംസ് മ്യൂസിയവും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തെ ദശകത്തിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും മാത്രമാണുണ്ടായത്. സാഹിത്യമ്യൂസിയങ്ങള്‍ എഴുത്തുകാര്‍ക്ക് ചുറ്റും ദേശീയതയെ നിര്‍മിതിക്കുന്നതില്‍ കാര്യമായി ഉപയോഗിക്കപ്പെടുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ബഷീറിന്റെ രീതി കൊണ്ട് സാഹിത്യ രചനയും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനവും വേര്‍തിരിക്കാനാവാത്ത സ്ഥിതി ഉള്ളത് കൊണ്ട് സാഹിത്യ മ്യൂസിയം എന്ന വാക്കു എത്ര അനുയോജ്യമാണെന്ന ചോദ്യം പ്രസക്തമാണ് താനും.

ബഷീറിന്റെ കയ്യെഴുത്തുപ്രതികള്‍, കുറച്ചു കത്തുകള്‍, ബഷീര്‍ ഒപ്പിട്ടു നല്‍കിയ പുസ്തകങ്ങള്‍, ദയാപുരത്തു ബഷീര്‍ വന്നപ്പോഴുള്ള ഫോട്ടോകളും സന്ദര്‍ശകപുസ്തകത്തിലെ കുറിപ്പും പത്രക്കുറിപ്പുകളും, പുനലൂര്‍ രാജനും നീന ബാലനും റസാഖ് കോട്ടക്കലും എടുത്ത ഫോട്ടോകള്‍- ഇവയിലൂടെ ബഷീറിനെ എങ്ങിനെ അവതരിപ്പിക്കാം എന്നതായിരുന്നു ക്യൂറേറ്റര്‍ എന്ന നിലയില്‍ എന്റെ മുമ്പില്‍ ഉണ്ടായിരുന്ന വലിയ വെല്ലുവിളി.

പഴയ വനിതാ കോളേജിന്റെ ഉപയോഗശൂന്യമായ സ്ഥലത്തുള്ള രണ്ടു റൂമുകളെ ബഷീര്‍ മ്യുസിയമാക്കി മാറ്റിയെടുക്കാമെന്നു ഒരു ഞായറാഴ്ച നടന്നു നോക്കവേ സി ടി സാറിനും എനിക്കും തോന്നി. അവിടെ പുറത്തു പണ്ടെന്നോ നട്ട ഒരു മാങ്കോസ്റ്റീന്‍! പിറകില്‍ ഒരു മാവ് (നിറയെ പുളിയനുറുമ്പുണ്ടോ എന്നറിഞ്ഞു കൂടാ!. മക്കവും കണ്ടുകൂടാ മദീനത്തെ പള്ളിയും കണ്ടു കൂടാ. അത്രയേ ഉള്ളു ചാഞ്ഞ ആ മാവിന്റെ ഉയരം!). 'എന്തായിരുന്നു സുഹ്രാ അവസാനമായി പറയാന്‍ തുടങ്ങിയത്? എന്ന മജീദിന്റെ ആലോചനയുടെ ഓര്‍മ്മക്ക് അടുത്ത് ഒരു ചെമ്പരത്തി വെക്കാം.

ബഷീറിനെ ഒട്ടും അറിയാത്ത ആളുകള്‍ക്ക് മുമ്പില്‍ ബഷീറിനെ അവതരിപ്പിക്കണം, കുറച്ചറിയുന്നവര്‍ക്കു പുതിയ എന്തെങ്കിലും കൊടുക്കാന്‍ പറ്റണം. നന്നായി അറിയുന്നവര്‍ക്ക് ബഷീറിന്റെ കയ്യക്ഷരത്തിലുള്ള എഴുത്തുണ്ടല്ലോ.

ബഷീറിന്റെ ജീവിതരേഖ തയാറാക്കാന്‍ വേണ്ടി മുമ്പ് വായിച്ച പുസ്തകങ്ങളിലൂടെ പോകവെയാണ് ബഷീറിന്റെ എഴുത്തു- പൊതു ജീവിതത്തിനു മൂന്നു ഘട്ടങ്ങള്‍ ഉണ്ടെന്നു തോന്നിയത്.

1925 ല്‍ വൈക്കം സത്യാഗ്രഹത്തിനെത്തിയ ഗാന്ധിയെ 'തൊട്ടു തുടങ്ങുന്ന' രാഷ്ട്രീയ ജീവിതം സ്വാതന്ത്ര്യ സമരത്തിന്റെയും സര്‍ സി പി ക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെയും ധാര ഇന്ത്യ സ്വാതന്ത്രമാവുകയും സര്‍ സി പി രാജിവെക്കുകയും ചെയ്യുന്നതോടെ 1947 ല്‍ ഏതാണ്ടവസാനിക്കുന്നു. കേരളീയ നവോത്ഥാന സാഹിത്യചങ്ങാത്തങ്ങളിലെ പങ്കാളിത്വവും മുസ്ലിം സാമുദായിക പരിഷ്‌കരണവും ആയി സജീവമാവുന്ന 1940കള്‍ മുതല്‍ 1960 കള്‍ വരെയുള്ള ഘട്ടത്തെ സാമൂഹ്യ-സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ കാലമായി കണക്കാക്കാം. എം പി പോള്‍, ചങ്ങമ്പുഴ, മുണ്ടശ്ശേരി തുടങ്ങി എം ടി വാസുദേവന്‍ നായരും കെ ടി മുഹമ്മദും വരെയുള്ള സൗഹൃദങ്ങള്‍, ആ കാലത്തെ 'ന്റുപ്പുപ്പാ'യും പാത്തുമ്മായുടെ ആടും അടക്കമുള്ള കൃതികള്‍ - ഒരു പുതിയ പ്രാദേശിക സ്വത്വത്തിന്റെയും നീതിപൂര്‍വമായ, inclusive ആയ സാമൂഹ്യസ്ഥിത്വത്തിന്റെയും രൂപീകരണത്തിനുള്ള ശ്രമങ്ങളാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത.

1960 കളുടെ പകുതിയോടെ മതിലുകളും ഭാര്‍ഗ്ഗവീനിലയവും എഴുതിക്കഴിഞ്ഞ ബഷീറിന്റെ എഴുത്തു വറ്റിയെന്നു എഴുത്തിന്റെ സൗന്ദര്യശാസ്ത്രത്തില്‍ ഊന്നി ഒരു വാദം ഉന്നയിക്കാവുന്നതാണ്. എന്നാല്‍ ഇതിനെതിരായ ഒരാലോചന എന്റെ മനസ്സില്‍ ഉണ്ടാക്കിയതില്‍ രണ്ടു പേര്‍ക്ക് കാര്യമായ പങ്കുണ്ട്. ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഫിലോസഫി പ്രൊഫസര്‍ കെ പി ശങ്കരന്‍മാഷാണ് അതില്‍ ഒരാള്‍. ധാര്‍മികമായ ഒരു പദ്ധതി തന്നെയുള്ള അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് ബഷീര്‍ എന്ന് ബഷീറിന്റെ അവസാനകാല എഴുത്തുകളെ ചൂണ്ടി ശങ്കരന്‍ മാഷ് പറയുമായിരുന്നു. പുരോഗമന ശക്തികള്‍ ഇച്ഛാ ശക്തിയോടെ പൊരുതിക്കയറിക്കൊണ്ടിരുന്ന കാലത്തും ബഷീറില്‍ ഉണ്ടായിരുന്ന ആത്മീയതയെപ്പറ്റിയുള്ള സി ആര്‍ പരമേശ്വരന്റെ എഴുത്തും എനിക്ക് പ്രചോദനമായി. അങ്ങിനെയാണ് വായനക്കാരന്‍ എന്ന നിലയില്‍ വലുതായി പരിഗണിക്കാതിരുന്ന 1960കള്‍ തുടങ്ങി 1994 ല്‍ മരിക്കുന്നതു വരെയുള്ള കാലത്തെ ധാര്‍മിക-ആത്മീയാന്വേഷണത്തിന്റെ കാലമായി പരിഗണിച്ചത്. 1940 ല്‍ സൂഫി വര്യനായ ഫരീദുദീന്‍ അത്തറിനേപ്പറ്റി മാതൃഭുമിയിലെഴുതിയ ലേഖനം, അനര്‍ഘ നിമിഷവും അനല്‍ ഹഖുമടക്കമുള്ള കഥകളുടെ പൂര്‍ത്തീകരണം ഈ ഘട്ടത്തില്‍ നടക്കുന്നതായി വായിക്കാം.

മ്യൂസിയത്തിന്റെ പുറത്തുള്ള ചുമരുകളില്‍ ഇത്തരത്തിലുള്ള ഒരു ക്യൂറേറ്റഡ് ജീവിതരേഖയും ഉള്ളിലെ അറയില്‍ കയ്യെഴുത്തു പ്രതികളുടെ ഒറിജിനലും പ്രദര്‍ശിപ്പിക്കാം എന്ന് തീരുമാനിച്ചു.

'മതിലുകള്‍'

സീജോ വരച്ചു തന്ന മ്യൂസിയം പ്ലാനിന്റെ ആദ്യത്തെ ഡ്രാഫ്റ്റ് ചര്‍ച്ച ചെയ്യവേ അതില്‍ 'മതിലുകള്‍' ആണ് ഫ്രെയിം ആയി ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ മ്യൂസിയത്തിന്റെ ആവശ്യത്തിനായി തലയോലപ്പറമ്പിലും പിന്നീട് വയലാലിലും പോയപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ വയലാലിലെ മതില്‍ക്കെട്ടിനുള്ളില്‍ മാങ്കോസ്റ്റീന്‍ മരത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഇരുട്ട് കൂടിയും മ്യൂസിയം ഡിസൈനില്‍ വരണമെന്ന് ഞാന്‍ അത്യാഗ്രഹം പറഞ്ഞിരുന്നു.

ആ പേര് തന്നെ മ്യൂസിയത്തിന് ഇട്ടാലോ എന്ന് ആലോചിച്ചു. ബഷീറിന്റെ രചനയുടെ പല ഘട്ടങ്ങളെയും ഉള്‍ക്കൊള്ളാനുള്ള കഴിവുള്ള, ഒരു പക്ഷെ സിനിമ കാരണം ബഷീറിന്റെ ഏറ്റവും പ്രസിദ്ധമായ രചനയായ 'മതിലുകളു'ടെ പേര് യുക്തമാണെങ്കിലും ആ പേരിന്റെ വിവക്ഷകള്‍ എങ്ങിനെ എല്ലാവരിലേക്കും എത്തിക്കും എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു.

ചില മാറ്റങ്ങളോടെ അയച്ചു കിട്ടിയ ഡ്രോയിങ് ബഷീര്‍ സാറിനെ കാണിച്ചപ്പോള്‍ ഞാനൊന്നും പറയാതെ തന്നെ 'നമുക്ക് മതിലുകള്‍ എന്ന പേരിടാമെന്നു' അദ്ദേഹം ഇങ്ങോട്ടു പറഞ്ഞു. അങ്ങിനെ ആ പേര് സ്ഥിതീകരിക്കപ്പെട്ടു. ലിയോണിന്റെയും ടിജിയുടെയും ഉത്സാഹത്തില്‍ പണികള്‍ വേഗത്തില്‍ നടന്നു. 17 ലക്ഷം രൂപയ്ക്കു എല്ലാ പണിയും തീര്‍ന്നു ഒരു കൊച്ചു മ്യൂസിയം, കേരളത്തിലെ ബഷീറിന്റെ ആദ്യത്തെ സ്മാരകം തയാറായി.

ഈ മ്യൂസിയത്തിനായി വാങ്ങിച്ച ഒരു ആര്ട്ട് വര്‍ക്കേയുള്ളു: ആയിഷ മഹ്മൂദിന്റെ 'ഡും' എന്ന എംബ്രോയിഡറി വര്‍ക്ക് ആണത്. ഈ മ്യൂസിയത്തിന്റെ ആലോചനകള്‍ തുടങ്ങുന്ന സമയത്തു അന്ന് ഡല്‍ഹിയില്‍ ആയിരുന്ന ആയിഷ വര്‍ക്ക് കൊടുക്കുന്നതായി കേട്ടപ്പോള്‍ താല്പര്യം പറഞ്ഞു വാങ്ങിച്ചതാണ്. മ്യൂസിയത്തിലെ ഒരു സ്ത്രീ ചെയ്ത ഏക വര്‍ക്കും അതാണ്. ബാക്കിയെല്ലാം ആണുങ്ങളുടേതാണ്. കാലക്രമത്തില്‍ കൂടുതല്‍ സ്ത്രീകളുടെ വര്‍ക്കുകള്‍ കൊണ്ടുവന്നു ഈ പോരായ്മ നികത്തേണ്ടതാണ്.

'മതിലുകള്‍' എന്ന പേര് വെച്ചതോടെ മുമ്പില്‍ ഒരു പനിനീര്‍ത്തോട്ടം കൂടി വേണമെന്നായി ഞാന്‍. ജയിലിലെ പനിനീര്‍ത്തോട്ടത്തെ ഓര്‍മിപ്പിച്ച ആ ചെടികള്‍ പക്ഷെ മ്യൂസിയത്തിന്റെ പുറത്തുള്ള സ്ഥലത്തു വെക്കുന്നതാവും നല്ലതെന്നു ദയാപുരത്തെ തോട്ടം പണികള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന അബ്ദുറഹിമാന്‍ക്ക പറഞ്ഞു. എവിടെയോ അതില്‍ ഒരു ശരിയുണ്ടെന്നു എനിക്കും തോന്നി. മതിലുകള്‍ക്കു പുറത്തെ പനിനീര്‍ത്തോട്ടം!

മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് 'മതിലുകളുടെ' സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. ബഷീറിന്റെ പേരില്‍ ആദ്യമായി ഒരു സ്മാരകം അതും ഒരു സാഹിത്യമ്യൂസിയം അദ്ദേഹം മരിച്ചു മുപ്പതു വര്ഷം കഴിഞ്ഞു ഉണ്ടാവുന്നു എന്നതില്‍ വളരെ സന്തുഷ്ടനായിരുന്ന, നടക്കാതെ പോയ പദ്ധതികളെക്കുറിച്ചു അറിവുണ്ടായിരുന്ന അടൂര്‍ സാറിനെ ഞാന്‍ പനിനീര്‍ ചെടികള്‍ കാണിച്ചു: അദ്ദേഹത്തിന്റെ മറുപടി എന്നെ അതിശയിപ്പിച്ചു: 'ബഷീറിലെ സൂഫി സ്വാധീനത്തിന്റെ ഒരു അടയാളമായാണ് ഞാന്‍ ആ പനിനീര്‍ ചെടികളെ ആ സിനിമയില്‍ ഉപയോഗിച്ചത്'.

പറഞ്ഞു തീര്‍ക്കാത്ത വാക്ക്

മ്യൂസിയത്തിന്റെ പണി നടക്കവേ എനിക്കൊരു ഐഡിയ തോന്നി: മ്യൂസിയത്തിനൊരു അനൗണ്‍സ്മെന്റ് ബ്രോഷര്‍ ഉണ്ടാക്കി അത് എം ടി വാസുദേവന്‍ നായര്‍ സാറിനെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണം. അത് മ്യൂസിയത്തിന് ജനശ്രദ്ധ കിട്ടാനും മ്യൂസിയം പണിക്കു ഊര്‍ജം കൊടുക്കാനും സഹായിക്കും. ബഷീര്‍ മാഷോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നീ ആ ബ്രോഷര്‍ ഉണ്ടാക്കി വാ. നമുക്ക് വാസുവേട്ടന്റെ വീട്ടില്‍ പോവാം.' രണ്ടു ദിവസം കൊണ്ട് ബ്രോഷര്‍ ഉണ്ടാക്കി ബഷീര്‍ മാഷും സി ടി സാറും ഞാനും എം ടി സാറിന്റെ വീട്ടിലെത്തി. ചില്ലറ നാട്ടുവര്‍ത്തമാനമൊക്കെ കഴിഞ്ഞു ബഷീര്‍ സാര്‍ പറഞ്ഞു: 'വാസുവേട്ടാ, ഞങ്ങള്‍ ദയാപുരത്തൊരു ബഷീര്‍ മ്യൂസിയം ഉണ്ടാക്കുന്നുണ്ട്. അതിന്റെ ഒരു ബ്രോഷര്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് വാസുവേട്ടന്‍ എനിക്ക് തരണം. ഞങ്ങളിതു പത്രത്തില്‍ കൊടുക്കും കേട്ടോ'. എം ടി സാര്‍ മൂളി. പ്രകാശനം അങ്ങിനെ ആ വീട്ടില്‍ വെച്ച് നടന്നു.

മ്യൂസിയം ഉണ്ടാക്കാനുള്ളതിനേക്കാള്‍ പണിയാണ് അത് കാണാന്‍ ആളെ എത്തിക്കുക എന്നൊക്കെ പറഞ്ഞിട്ട് എം ടി സാര്‍ പറഞ്ഞു: 'ബഷീറേ, ഇങ്ങനെ ഒരു പ്രകാശനം നമ്മള്‍ മുമ്പൊരിക്കല്‍ നടത്തിയതാ. ഇത് അങ്ങിനെ ആവരുത്'. നടക്കാതെ പോയ ബഷീര്‍ മ്യൂസിയത്തിന്റെയും എന്തോ രേഖ പ്രകാശനം ചെയ്തത് എം ടി സാര്‍ ആണെന്ന് ബഷീര്‍ സാര്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു.

'ഇതങ്ങിനെ ആവില്ല സാര്‍. ഇത് നടക്കും'- ഞാന്‍ ചാടിക്കേറി പറഞ്ഞു.

എന്റെ അസ്ഥാനത്തുള്ള ചാടിക്കേറല്‍ കണ്ടിട്ടാണോ പറഞ്ഞ കാര്യം കേട്ടിട്ടാണോ എന്ന് മനസ്സിലാവാത്ത വിധം എം ടി സാര്‍ ചുണ്ടു കൊട്ടി ഒരു ഇളം ചിരി ചിരിച്ചു. കണ്ണില്‍ ചെറിയ തിളക്കം.

2024 ഒക്ടോബറില്‍ മ്യൂസിയത്തിന്റെ മുഴുവന്‍ പണിയും കഴിഞ്ഞു ഉദ്ഘാടനത്തിന്റെ തലേ ദിവസം ബഷീര്‍ സാറും ലിയോണും സീജോയും കൂടി ഇരിക്കവേ ഞാന്‍ ഒരു കാര്യം അവതരിപ്പിച്ചു: നാളത്തെ ഉദ്ഘാടനം കഴിഞ്ഞാല്‍ ഫോട്ടോകളുമായി എം ടി സാറുടെ വീട്ടിലെത്തി അദ്ദേഹത്തെ അവയൊക്കെ കാണിക്കണം. ഈ പദ്ധതി നടന്നു എന്ന് അദ്ദേഹത്തോട് പറയണം.

ബഷീര്‍ മാഷ് ഉടനെത്തന്നെ വിളിച്ചു. എം ടി സാര്‍ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിലാണെന്നു വിവരം കിട്ടി. ആ യാത്ര പിന്നീട് ഞാന്‍ നാട്ടില്‍ ചെല്ലുമ്പോഴാവാമെന്നു ബഷീര്‍ സാര്‍ പറഞ്ഞു. പിന്നീട് ഞാന്‍ നാട്ടിലെത്തുന്നതിനു മുമ്പേ 2024 ഡിസംബര്‍ 25 നു എം ടി സാര്‍ പോയി. പറഞ്ഞു തീര്‍ക്കാനാവാഞ്ഞ ആ വാക്ക് ഇപ്പോഴും എന്റെയുള്ളിലെവിടെയോ അങ്ങിനെ..

Content Highlights: On Vaikom Muhammad Basheer's death anniversary, curator N P Ashley reflects on the significance of the first Basheer Memorial, inaugurated in 2024, and its cultural and literary legacy

To advertise here,contact us