യുഎഇ ഇടുക്കി വെൽഫയർ അസോസിയേഷൻ ഓണാഘോഷവും 25-ാം വാർഷികവും ആഘോഷിച്ചു

ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് സാംസ്കാരിക പരേഡും ചെണ്ടമേളവും അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവാതിരക്കളിയും വിവിധ കലാപരിപാടികളും അരങ്ങേറി

യുഎഇയിൽ താമസിക്കുന്ന ഇടുക്കി ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ഇടുക്കി വെൽഫയർ അസോസിയേഷൻ (ഐഡബ്ല്യുഎ) തങ്ങളുടെ 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ഷാർജ സ്പൈസി ലാൻഡ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അനിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടാൾസ് ആറുകാലിൽ സ്വാഗതം ആശംസിച്ചു.

മുൻ ഡിജിപി ടോമിൻ തച്ചങ്കരി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ എ കെ ഫൈസൽ ചടങ്ങിൽ ഓണസന്ദേശം നൽകി. വി എസ് ഹൈദരലി ആശംസകൾ അറിയിച്ചു സംസാരിച്ചു. സംഘടനയുടെ വളർച്ചയ്ക്ക് കരുത്തേകിയ മുൻ ഭാരവാഹികളെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.

ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് സാംസ്കാരിക പരേഡും ചെണ്ടമേളവും അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവാതിരക്കളിയും വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി പായസ മത്സരം, 'മലയാളി മങ്ക', 'ബെസ്റ്റ് കപ്പിൾ' എന്നീ ജനപ്രിയ മത്സരങ്ങളും സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു.

ഇരുനൂറിലധികം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ ആഘോഷപരിപാടി സംഘടനയ്ക്ക് പുതിയൊരു ഉണർവും കൂട്ടായ്മയുടെ ഉത്തമ മാതൃകയുമായി മാറി.

Content Highlights: The UAE Idukki Welfare Association celebrated Onam along with its 25th anniversary. The event brought together members of the Idukki expatriate community in the UAE to mark the festive occasion and the organisation’s 25 years of activities.

To advertise here,contact us