യുഎഇയിൽ കോർപറേറ്റ് ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനും നികുതി കുടിശ്ശിക അടച്ചുതീർക്കുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. 2025 ഡിസംബർ 31-ന് സാമ്പത്തിക വർഷം അവസാനിച്ച ബിസിനസ് സ്ഥാപനങ്ങൾക്കാണ് ഈ സമയപരിധി ബാധകമാകുന്നത്.
യുഎഇയിലെ നികുതി നിയമപ്രകാരം, ഒരു സാമ്പത്തിക വർഷം അവസാനിച്ച് ഒമ്പത് മാസത്തിനകം ടാക്സ് റിട്ടേൺ സമർപ്പിക്കുകയും നികുതി തുക അടയ്ക്കുകയും വേണം. ഈ നിയമപരമായ ബാധ്യത പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കും സമർപ്പണത്തിൽ തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും കനത്ത സാമ്പത്തിക പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
നികുതി ഇളവുകൾക്ക് അർഹതയുള്ള കമ്പനികളും ചെറുകിട ബിസിനസ് ആശ്വാസ പദ്ധതിക്ക് അർഹരായവരും രജിസ്റ്റർ ചെയ്ത എല്ലാ വ്യക്തികളും നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ വാർഷിക ഡിക്ലറേഷനുകൾ സമർപ്പിക്കേണ്ടതുണ്ട്. അതോറിറ്റിയുടെ ഔദ്യോഗിക 'ഇമാറ ടാക്സ്' ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി റിട്ടേൺ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
Content Highlights: The UAE’s corporate tax deadline is September 30 for businesses covered by the applicable filing requirements. Authorities have warned that delays in meeting tax obligations could result in penalties.