നോൾ ട്രാവൽ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത; കാർ വാടകയിൽ 40 ശതമാനം വരെ ഇളവുമായി ദുബായ് ആർടിഎ

പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് ആർടിഎ ഇത്തരം പങ്കാളിത്തങ്ങളിലേക്ക് കടക്കുന്നത്

യുഎഇയിൽ ഉൾപ്പെടെ നോൾ ട്രാവൽ കാർഡ് ഉപയോഗിക്കുന്നവർക്ക് വാടക കാറുകളിൽ 40 ശതമാനം വരെ ഇളവിന് അവസരമൊരുങ്ങുന്നു. ദുബായ് ആർടിഎയും കാർ റെന്റൽ കമ്പനിയായ 'യൂറോപ്പ്കാറുമായി' കൈകോർത്തതോടെയാണ് വാടക ഇളവിന് സാധ്യതയൊരുങ്ങുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. യുഎഇയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള യൂറോപ്പ്കാറിന്റെ വിവിധ കേന്ദ്രങ്ങളിൽ വഴി നോൾ കാർഡ് ഉടമകൾക്ക് ഈ ഓഫർ ലഭിക്കും.

പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് ആർടിഎ ഇത്തരം പങ്കാളിത്തങ്ങളിലേക്ക് കടക്കുന്നത്. പൊതുഗതാഗത സൗകര്യങ്ങൾക്ക് പുറമെ, യാത്രക്കാർക്ക് കൂടുതൽ വഴക്കവും മികച്ച യാത്രാസൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് നോൾ ട്രാവൽ കാർഡിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

2024-ലാണ് ആർടിഎ 'നോൾ ട്രാവൽ കാർഡ്' അവതരിപ്പിച്ചത്. ദുബായ് മെട്രോ, ആർടിഎ ബസ്, ട്രാമുകൾ എന്നിവയിലെ യാത്രകൾക്കും പബ്ലിക് പാർക്കിങ് ഫീസ്, ടാക്സി ചാർജുകൾ എന്നിവ നൽകാനും ഈ സിംഗിൾ കാർഡ് ഉപയോഗിക്കാം. ഗതാഗത സേവനങ്ങൾ കൂടാതെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി നൂറിലധികം ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും ഈ കാർഡ് വഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. നോൾ പ്ലസ് പ്രോഗ്രാമുമായി കാർഡ് ലിങ്ക് ചെയ്യുന്നതിലൂടെ കൂടുതൽ റിവാർഡ് പോയിന്റുകളും സ്വന്തമാക്കാം.

100 ദിർഹമാണ് നോൾ ട്രാവൽ കാർഡിന്റെ വില. ഇതിൽ 19 ദിർഹം ബാലൻസ് തുകയായി ലഭിക്കും. കൂടാതെ 17,000-ത്തിൽ അധികം ദിർഹമിന്റെ വിവിധ ഓഫറുകളും ഡിസ്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു. കാർഡോ നോൾ പേ ആപ്പിലെ ക്യു ആർ കോഡോ കാണിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ സ്വന്തമാക്കാം.

Content Highlights: Dubai’s Roads and Transport Authority has introduced a special car rental offer for Nol travel card holders. Eligible customers can receive discounts of up to 40% on car rental services in Dubai.

To advertise here,contact us