വാടക വര്‍ധന നിയന്ത്രിക്കുന്ന പുതിയ നയങ്ങള്‍ അബുദാബിയിലെ വാടകക്കാര്‍ക്ക് കൂടുതല്‍ സ്ഥിരത നല്‍കുമെന്നും വീടുകള്‍ മാറേണ്ട സാഹചര്യം കുറയാനിടയുണ്ടെന്നും റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കോളിയേഴ്സ് (Colliers) റിപ്പോര്‍ട്ട് ചെയ്തു. പുതിയ വാടകക്കാരെ കൊണ്ടുവന്ന് കൂടുതല്‍ വാടക ഈടാക്കാനുള്ള ഭൂവുടമകളുടെ സാധ്യത നിയന്ത്രിക്കപ്പെടുന്നതോടെ നിലവിലെ വാടകക്കാരെ നിലനിര്‍ത്താനുള്ള പ്രവണത വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാടകക്കാരന് മാറുമ്പോള്‍ വാടക ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ നിലവിലുള്ള താമസക്കാരെ ഒഴിവാക്കി പുതിയ വാടകക്കാരെ കണ്ടെത്തുന്നതില്‍ ഭൂവുടമകള്‍ക്ക് സാമ്പത്തിക നേട്ടം കുറയുമെന്നാണ് കോളിയേഴ്സ് വിലയിരുത്തുന്നത്.ഇതിലൂടെ വാടകക്കാരെ കൂടുതല്‍ കാലം ഒരേ വീട്ടില്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും താമസസ്ഥലം മാറുന്നവരുടെ എണ്ണം കുറയ്ക്കുകയും വീട്ടുച്ചെലവില് കൂടുതല്‍ ഉറപ്പും സ്ഥിരതയും നല്കുന്നു. സമീപ വര്‍ഷങ്ങളിലായി അബുദാബിയില്‍ വാടക നിരക്കുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ മാറ്റം ശ്രദ്ധേയമാകുന്നത്.
എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ ഭൂവുടമകളുടെ ഹ്രസ്വകാല വരുമാന വര്‍ധന സാധ്യതയെ ബാധിക്കാനും വാടക വരുമാനത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനും ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. അപ്പാര്‍ട്ട്മെന്റ് വാടകയില്‍ ശരാശരി 2 ശതമാനം കുറവ്, വില്ല വാടകയില്‍ 3 ശതമാനം കുറവ് എന്നതെല്ലാം ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അബുദാബിയിലെ വാടക വിപണിയില്‍ വന്ന പ്രകടമായ ഇളവുകളാണെന്ന് കോളിയേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാര്‍ഷിക കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അപ്പാര്‍ട്ട്മെന്റ് വാടക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനവും വില്ല വാടക 5 ശതമാനം ഉയര്‍ന്ന നിലയിലുമാണ്.
പുതുതായി പൂര്‍ത്തിയാകുന്ന റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നതാണ് പുതിയ നയത്തിലെ പ്രധാന പ്രത്യേകത. അതിനാല്‍ പുതിയ വീടുകളുടെ ഉടമകള്‍ക്ക് നിലവിലെ വിപണി നിരക്കുകള്‍ അനുസരിച്ച് വാടക നിശ്ചയിക്കാന്‍ കഴിയും. ഇതോടെ അബുദാബിയില്‍ രണ്ട് തരത്തിലുള്ള വാടക വിപണി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രിത വാടകയുള്ള നിലവിലെ കെട്ടിടങ്ങള്‍, വിപണി നിരക്കില്‍ വാടക നിശ്ചയിക്കാവുന്ന പുതിയ പദ്ധതികള്‍ എന്നിവയാണവ.
നിലവിലുള്ള വാടകക്കാര്‍ക്ക് കൂടുതല്‍ സുരക്ഷയും സ്ഥിരതയും നല്കുന്ന നടപടിയായാണ് ഈ നിയന്ത്രണത്തെ വിലയിരുത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം പുതിയ റെസിഡന്‍ഷ്യല്‍ പദ്ധതികളിലേക്ക് മാറുന്നവര്‍ക്ക് വിപണി സാഹചര്യങ്ങള്‍ അനുസരിച്ചുള്ള വാടക നിരക്കുകള്‍ തുടര്‍ന്നും നേരിടേണ്ടിവരുമെന്നും പറഞ്ഞു. വാടക നിയന്ത്രണം ഭാവിയില്‍ എപ്പോള്‍, എങ്ങനെ പരിഷ്കരിക്കപ്പെടുമെന്നത് ശ്രദ്ധിക്കേണ്ട വിഷയമാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണം നീക്കിയാലും വാടകയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും കോളിയേഴ്സ് വ്യക്തമാക്കുന്നു.
Content Highlight: Rent restrictions in Abu Dhabi are expected to encourage long-term residency by limiting landlords' ability to raise rents between tenancies, according to a new property market report.