സാൽമൊണല്ല ആശങ്ക; യുഎഇ വിപണിയിൽ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി മുട്ടകൾ ഇല്ലെന്ന് അധികൃതർ

കുഞ്ഞുങ്ങൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ, എന്നിവർക്ക് ഗുരുതരമായ രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്

സാൽമൊണല്ല ആശങ്കയെ തുടർന്ന്അമേരിക്ക തിരിച്ചുവിളിച്ച ഇറക്കുമതി മുട്ടകൾ യുഎഇ വിപണിയിൽ ഇല്ലെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE). പ്രാദേശിക വിപണിയിലെ ഇറക്കുമതി, വ്യാപാര വിവരങ്ങൾ എന്നിവ ഉൾപ്പെടെ ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികൾ നടത്തിയ വിശദമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഈ സ്ഥിരീകരണമെന്ന് മന്ത്രാലയം അറിയിച്ചു. പരിശോധനകളിൽ അമേരിക്കയിൽ തിരിച്ചുവിളിച്ച മുട്ട ഉൽപ്പന്നങ്ങൾ യുഎഇയിലേക്ക് ഇറക്കുമതി ചെയ്തതായോ രാജ്യത്തെ വിപണികളിൽ വിൽപ്പന നടത്തിയതായോ യാതൊരു തെളിവും കണ്ടെയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സാൽമൊണല്ല ബാക്ടീരിയ മലിനീകരണ സാധ്യതയെ തുടർന്നാണ് ചില മുട്ട ഉൽപ്പന്നങ്ങൾ അമേരിക്ക തിരിച്ചുവിളിച്ചത്. ഇതുമായി ബന്ധപ്പെട്ട് യുഎഇയിലെ ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളും അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുകളും ഭക്ഷ്യസുരക്ഷാ അധികൃതർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അപകടസാധ്യതയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്താതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുകൾ പുറത്ത് വരുമ്പോൾ അവയെ ഉടൻ വിലയിരുത്തുകയും ആവശ്യമായ പരിശോധനകൾ നടത്തി രാജ്യത്തെ വിപണികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതാണ് യുഎഇയുടെ ഭക്ഷ്യസുരക്ഷാ സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കി.

വയറുവേദന, വയറിളക്കം, ഛർദ്ദി, പനി എന്നിവയാണ് സാൽമൊണല്ലയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധ ഉണ്ടായാൽ സാധാരണയായി പന്ത്രണ്ട് മുതൽ എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം. മിക്ക ആളുകളും പ്രത്യക ചികിത്സയില്ലാതെ സുഖം പ്രാപിക്കാറുണ്ട്. എന്നാൽ കുഞ്ഞുങ്ങൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ, എന്നിവർക്ക് ഗുരുതരമായ രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Content Highlight: The UAE Ministry of Climate Change and Environment has confirmed that egg products recalled in the United States over possible salmonella contamination have not entered or been sold in local markets.

To advertise here,contact us