വേനൽച്ചൂടിൽ ദുബായ് നഗരത്തിൽ ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാർക്ക് ആശ്വാസമേകി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബസ്, മെട്രോ സ്റ്റേഷനുകളിൽ ഇവർക്കായി ആരംഭിച്ച താത്കാലിക വിശ്രമകേന്ദ്രങ്ങളിൽ സൗജന്യ ഭക്ഷണ വിതരണവും ആരംഭിച്ചിരിക്കുകയാണ് ദുബായ് ആർടിഎ. യുഎഇ ഫുഡ് ബാങ്ക്, പ്രമുഖ ഡെലിവറി പ്ലാറ്റ്ഫോമായ ഡെലിവറൂ (Deliveroo) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദുബായുടെ വളരുന്ന സാമ്പത്തിക മേഖലയിലും ദൈനംദിന ജീവിതത്തിലും നിർണായക പങ്ക് വഹിക്കുന്ന ഡെലിവറി ഡ്രൈവർമാരുടെ അധ്വാനത്തെ ആദരിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമാണ് ഈ സംരംഭം. വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിയെന്ന് ആർടിഎ അധികൃതർ പ്രതികരിച്ചു.
തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ പുറംജോലികൾക്ക് വിലക്കേർപ്പെടുത്തുന്ന ‘മിഡ്ഡേ ബ്രേക്ക്’ (Midday Break) നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വിശ്രമകേന്ദ്രങ്ങളും ഭക്ഷണ വിതരണവും സജ്ജമാക്കിയിരിക്കുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട 23 ബസ്, മെട്രോ സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഗോൾഡ് സൂഖ്, അൽ സത്വ, അൽ ജാഫിലിയ, അൽ ഖുസൈസ്, അൽ കരാമ എന്നീ പ്രധാന ബസ് സ്റ്റേഷനുകളിലും റഷിദിയ, അൽ ഫുർജാൻ, ഡിഎംസിസി, ബുർജുമാൻ, ഇബ്നു ബത്തൂത്ത എന്നീ മെട്രോ സ്റ്റേഷനുകളിലുമാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഡെലിവറി ഡ്രൈവർമാർ കൂടുതൽ എത്തുന്ന സ്ഥലങ്ങൾ മുൻനിർത്തിയാണ് ഈ സ്റ്റേഷനുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ഡെലിവറി തൊഴിലാളികൾ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് യുഎഇ ഫുഡ് ബാങ്ക് എക്സിക്യൂട്ടീവ് ടീം മേധാവി മനാൽ ഉബൈദ് ബിൻ യാരൂഫ് പറഞ്ഞു. ഭക്ഷണ പാഴാക്കൽ കുറയ്ക്കുക, ദാനധർമ്മം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്കൊപ്പം യുഎഇ സമൂഹത്തിന്റെ ഉദാരമനസ്കതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Dubai Roads and Transport Authority (RTA) is preparing a support initiative for delivery riders by arranging free food distribution and other welfare measures to improve their working conditions.