രാജ്യാന്തര വിപണിയിലെ വൻ മുന്നേറ്റത്തിന് പിന്നാലെ ദുബായിൽ സ്വർണവില പുതിയ റെക്കോർഡുകളിലേക്ക് കുതിക്കുന്നു. വെള്ളിയാഴ്ച വിപണി ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് മൂന്ന് ദിർഹം വർധിച്ച് 547 ദിർഹത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആറ് ദിർഹത്തിന്റെ വർധനവോടെ ഗ്രാമിന് 550 ദിർഹം എന്ന ചരിത്രനേട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് ദുബായ് വിപണി.
ദുബായ് ജ്വല്ലറി ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 506.50 ദിർഹത്തിലാണ് വ്യാപാരം നടത്തുന്നത്. 21 കാരറ്റിന് 485.75 ദിർഹവും 18 കാരറ്റിന് 416.25 ദിർഹവുമാണ് ഇന്നത്തെ വിപണി നിരക്ക്. ഈ മാസത്തിൽ മാത്രം ഗ്രാമിന് ഏകദേശം 60 ദിർഹത്തോളമാണ് ഉയർന്നത്.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,536 ഡോളറിലേക്ക് ഉയർന്നതാണ് പ്രാദേശിക വിപണിയിലും വലിയ വിലക്കയറ്റത്തിന് വഴിയൊരുക്കിയത്. രാജ്യാന്തര വിപണിയിലെ തരംഗം തുടരുകയാണെങ്കിൽ വരുന്ന ദിവസങ്ങളിലും സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlights: Gold prices in Dubai have surged to a historic high, breaking previous records. The sharp rise in gold rates has attracted attention among buyers and investors as global demand continues to influence prices.