യുവതിയെ കത്രിക ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിന്റെ വധശിക്ഷ റദ്ദാക്കി യുഎഇ ഫെഡറല്‍ സുപ്രീം കോടതി. വധശിക്ഷ ശരിവെച്ച അപ്പീല്‍ കോടതിയുടെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ശിക്ഷയെ പ്രതിരോധിക്കാനുള്ള പ്രതിയുടെ അവകാശത്തെ ഹനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തീരുമാനം. പ്രതിയുടെ വാദപ്രതിവാദങ്ങള്‍ പരിശോധിക്കുന്നതില്‍ അപ്പീല്‍ കോടതിക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേസ് അപ്പീല്‍ കോടതിയിലേക്ക് തന്നെ വീണ്ടും റഫര്‍ ചെയ്തു. മറ്റൊരു ജുഡീഷ്യല്‍ പാനല്‍ കേസ് പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കോടതി രേഖകള്‍ പ്രകാരം ആസൂത്രിത കൊലപാതകമടക്കം മൂന്ന് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കൊലപാതകം ചെയ്യാന്‍ പദ്ധതിയിട്ടെന്നും അതിനായി മൂര്‍ച്ചയുള്ള കത്രിക വാങ്ങിയെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇരുവരും താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ യുവതിയെ ഒറ്റയ്ക്ക് ലഭിക്കുന്നത് വരെ പ്രതി കാത്തിരിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതിയെ നിരന്തരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു യുവാവിനെ ഇയാള്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് ഇയാള്‍ക്കെതിരെ വധശ്രമത്തിനുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. മരിച്ച സ്ത്രീയുമായി പ്രതിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നതാണ് മൂന്നാമത്തെ കുറ്റം.
കൊലപാതകത്തിന് വധശിക്ഷയും വധശ്രമത്തിന് ജീവപര്യന്തവും മൂന്നാമത്തെ കുറ്റത്തിന് ഒരു മാസം തടവുമായിരുന്നു കോടതി ഏകകണ്ഠമായി വിധിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്രിക കണ്ടുകെട്ടാനും കോടതി ഫീസ് കെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതിയും പബ്ലിക് പ്രോസിക്യൂഷനും കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു.
വിചാരണക്കോടതിയുടെ വിധി അപ്പീല്‍ കോടതി പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. പിന്നാലെ പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കൊല്ലാനുള്ള ഉദ്ദേശ്യം തനിക്ക് ഇല്ലെന്നായിരുന്നു പ്രതി സുപ്രീം കോടതിയില്‍ വാദിച്ചത്. അപ്പോഴുണ്ടായിരുന്ന പ്രകോപനത്തിലാണ് ആക്രമണം നടത്തിയതെന്നായിരുന്നു പ്രതിയുടെ വാദം.
Content Highlights: The UAE Federal Supreme Court has set aside the death sentence awarded to a man convicted in the murder of a young woman who was allegedly killed using scissors