യുഎഇയിലെത്തുന്ന ഇൻഫ്ലുവൻസർമാർ ശ്രദ്ധിക്കുക! വീഡിയോ ചെയ്യുന്നതിന് പുതിയ നിയമങ്ങൾ

സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ബ്രാൻഡ് പ്രമോഷൻ പോസ്റ്റുകളും വീഡിയോകളും ഉൾപ്പെടെയുള്ള പരസ്യ ഉള്ളടക്കങ്ങൾക്കെല്ലാം ഈ നിയമം ബാധകമാണ്

യുഎഇ സന്ദർശിക്കുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മുൻപ് ഇൻഫ്ലുവൻസർമാർ നിർബന്ധമായും പാലിക്കേണ്ട ഒരു നിയമം അധികൃതർ ഓർമ്മിപ്പിക്കുകയാണ്. യുഎഇയ്ക്ക് പുറത്തുനിന്ന് എത്തുന്ന കണ്ടന്റ് ക്രിയേറ്റർമാർ, രാജ്യത്തിനുള്ളിൽ പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മുൻപ് 'വിസിറ്റർ അഡ്വർടൈസർ' പെർമിറ്റ് നേടണമെന്ന് നാഷണൽ മീഡിയ അതോറിറ്റി (NMA) വ്യക്തമാക്കി.

യുഎഇയ്ക്ക് പുറത്തുനിന്ന് സന്ദർശനത്തിന് എത്തുന്ന ഒരു കണ്ടന്റ് ക്രിയേറ്ററാണെങ്കിൽ, രാജ്യത്തിനുള്ളിൽ പരസ്യ ഉള്ളടക്കം (advertising content) പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നാഷണൽ മീഡിയ അതോറിറ്റി ലൈസൻസ് നൽകിയതും അംഗീകരിച്ചതുമായ പരസ്യ ഏജൻസിയിലൂടെയോ ടാലന്റ് മാനേജ്‌മെന്റ് ഏജൻസിയിലൂടെയോ രജിസ്റ്റർ ചെയ്ത് വിസിറ്റർ അഡ്വർടൈസർ പെർമിറ്റ് നേടണം എന്ന് മീഡിയ റെഗുലേറ്ററി ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

യുഎഇ മീഡിയ കൗൺസിലിന്റെ പുതിയ മാധ്യമ നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമായാണ് വിസിറ്റർ അഡ്വർടൈസർ പെർമിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാധ്യമരംഗത്തിനനുസരിച്ച് കൂടുതൽ സൗകര്യപ്രദമായ നിയന്ത്രണ സംവിധാനം ഒരുക്കുകയും ഡിജിറ്റൽ ക്രിയേറ്റീവ് കണ്ടന്റിന്റെ പ്രാദേശിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ് ഇതിന്റെ ലക്ഷ്യം.

യുഎഇയിൽ സന്ദർശനത്തിനെത്തുന്നവർ ഇവിടെ താമസിക്കുന്ന കാലയളവിൽ പരസ്യ ഉള്ളടക്കം (Advertising Content) സൃഷ്ടിക്കാനും പ്രസിദ്ധീകരിക്കാനുമാണ് ഈ പെർമിറ്റ് പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ബ്രാൻഡ് പ്രമോഷൻ പോസ്റ്റുകളും വീഡിയോകളും ഉൾപ്പെടെയുള്ള പരസ്യ ഉള്ളടക്കങ്ങൾക്കെല്ലാം ഈ നിയമം ബാധകമാണ്. കണ്ടന്റ് ക്രിയേറ്ററുകൾക്ക് പണം പ്രതിഫലമായി ലഭിച്ചാലും അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, പണത്തിന് പകരമായി മറ്റ് ആനുകൂല്യങ്ങൾ (Non-monetary benefits) ലഭിച്ചാലും ഇത്തരം പ്രമോഷണൽ കണ്ടന്റ് പ്രസിദ്ധീകരിക്കാൻ വിസിറ്റർ അഡ്വർടൈസർ പെർമിറ്റ് നിർബന്ധമാണ്.

നാഷണൽ മീഡിയ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, യുഎഇ സന്ദർശകരുടെ പരസ്യ പ്രവർത്തനങ്ങൾ രാജ്യത്തെ മാധ്യമനിയമങ്ങൾക്കനുസൃതമായി ക്രമീകരിക്കാനും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന പരസ്യ ഉള്ളടക്കങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാനുമാണ് വിസിറ്റർ അഡ്വർടൈസർ പെർമിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ, യുഎഇയുടെ ഡിജിറ്റൽ മീഡിയ മേഖലയിലെ സുസ്ഥിരതയും മത്സരശേഷിയും ശക്തിപ്പെടുത്തുക, തെറ്റിദ്ധരിപ്പിക്കുന്നതോ നിയമലംഘനമുള്ളതോ ആയ പരസ്യങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, യുഎഇ സന്ദർശിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് വ്യക്തവും അംഗീകൃതവുമായ നിയന്ത്രണ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുക എന്നിവയും ഈ പെർമിറ്റിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

വിസിറ്റർ അഡ്വർടൈസർ പെർമിറ്റ് അനുവദിച്ച തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണ്. ആവശ്യമെങ്കിൽ ഇതേ കാലയളവിലേക്ക് (മൂന്ന് മാസം കൂടി) പെർമിറ്റ് പുതുക്കാനും സാധിക്കും. എന്നാൽ, ആകെ സാധുത ആറുമാസം കവിയാൻ പാടില്ല. പെർമിറ്റ് പുതുക്കുന്നതിനും നിശ്ചിത ഫീസ് അടയ്‌ക്കേണ്ടതുണ്ടെന്ന് നാഷണൽ മീഡിയ അതോറിറ്റി വ്യക്തമാക്കുന്നു. വിസിറ്റർ അഡ്വർടൈസർ പെർമിറ്റ് ലഭിക്കുന്നതിന്, അപേക്ഷകൻ ആദ്യം യുഎഇ മീഡിയ കൗൺസിൽ അംഗീകരിച്ച പരസ്യ ഏജൻസിയിലോ ടാലന്റ് മാനേജ്‌മെന്റ് ഏജൻസിയിലോ രജിസ്റ്റർ ചെയ്തിരിക്കണം.

വിസിറ്റർ അഡ്വർടൈസർ ലഭിക്കാൻ എല്ലാവർക്കും കഴിയില്ല. ആർക്കൊക്കെയാണ് ഇതിന് യോഗ്യത എന്നാൽ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായിരിക്കണം. നല്ല പെരുമാറ്റവും നല്ല സൽപ്പേരും (Good conduct and reputation) ഉണ്ടായിരിക്കണം. ഗുരുതര കുറ്റകൃത്യങ്ങളിലോ ധാർമിക അധഃപതനമോ സത്യസന്ധതക്കുറവോ ഉൾപ്പെട്ട കുറ്റങ്ങളിലോ ശിക്ഷിക്കപ്പെട്ടവരാകരുത്. അത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, നിയമപരമായി പുനരധിവാസം (Rehabilitation) ലഭിച്ചിരിക്കണം. ഇതിന് പുറമെ, വിസിറ്റർ അഡ്വർടൈസർ പെർമിറ്റിന് അപേക്ഷിക്കുന്നവർ ചില നിബന്ധനകളും പാലിക്കണം.

ഇത്തരത്തിൽ ഉള്ളവർ പ്രസിദ്ധീകരിക്കുന്ന പരസ്യ ഉള്ളടക്കം, യുഎഇ മീഡിയ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള മീഡിയ കണ്ടന്റ് സ്റ്റാൻഡേർഡുകൾ പൂർണമായും പാലിക്കണം. മീഡിയ കൗൺസിൽ നിർദേശിക്കുന്ന പരിശീലന, ബോധവത്കരണ പരിപാടികൾ (Training & Awareness Programmes) പൂർത്തിയാക്കിയിരിക്കണം. മീഡിയ കൗൺസിലിന് അടയ്‌ക്കാനുള്ള കുടിശ്ശികയോ മറ്റ് സാമ്പത്തിക ബാധ്യതകളോ ഉണ്ടായിരിക്കരുത്. മുമ്പ് അനുവദിച്ചിരുന്ന വിസിറ്റർ അഡ്വർടൈസർ പെർമിറ്റ് റദ്ദാക്കിയിട്ടുള്ള ചരിത്രം ഉണ്ടായിരിക്കരുത്. ഈ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നവർക്ക് മാത്രമാണ് യുഎഇയിൽ സന്ദർശക കണ്ടന്റ് ക്രിയേറ്ററായി പരസ്യ ഉള്ളടക്കം നിയമപരമായി പ്രസിദ്ധീകരിക്കുന്നതിനുള്ള വിസിറ്റർ അഡ്വർടൈസർ പെർമിറ്റ് ലഭിക്കുന്നത്.

വിസിറ്റർ അഡ്വർടൈസർ പെർമിറ്റിനുള്ള അപേക്ഷ യുഎഇ മീഡിയ കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. എന്നാൽ, അപേക്ഷ ലൈസൻസുള്ള പരസ്യ ഏജൻസിയിലൂടെയോ അല്ലെങ്കിൽ അംഗീകൃത ടാലന്റ് മാനേജ്‌മെന്റ് ഏജൻസിയിലൂടെയോ മാത്രമേ സമർപ്പിക്കാൻ കഴിയൂ. അപേക്ഷയ്‌ക്കൊപ്പം, സന്ദർശക കണ്ടന്റ് ക്രിയേറ്റർ, യുഎഇ ആസ്ഥാനമായുള്ള ഏജൻസി, പരസ്യദാതാവിന്റെ ക്ലയന്റ് എന്നിവർക്കിടയിൽ ഒപ്പുവെച്ച കരാറിന്റെ പകർപ്പും നിർബന്ധമായും സമർപ്പിക്കണം. ബ്രാൻഡുകളുമായി സഹകരിച്ച് യുഎഇയിൽ പരസ്യ ഉള്ളടക്കം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന സന്ദർശക കണ്ടന്റ് ക്രിയേറ്റർമാർ, രാജ്യത്തെ മാധ്യമനിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കേണ്ടതെന്ന് ഓർമ്മപ്പെടുത്തുന്നതാണ് നാഷണൽ മീഡിയ അതോറിറ്റിയുടെ ഈ നിർദേശം.

Content Highlight: Influencers visiting the UAE on tourist visas must follow the country's advertising rules before promoting brands or publishing paid content

To advertise here,contact us