മകൻ ലഹരിയുടെ പിടിയിലെന്ന് സംശയം, അമ്മയുടെ ഇടപെടലിൽ 16-കാരന് രക്ഷയായി ഷാർജ പൊലീസ്

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 328 കുടുംബങ്ങൾ മക്കളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ഷാർജ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്

ഷാർജയിൽ 16 വയസ്സുള്ള മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവിത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷാർജ പൊലീസിന്റെ സഹായം തേടി കുട്ടിയുടെ അമ്മ. അമ്മയുടെ സമയോചിത ഇടപെടൽ കാരണം കൗമാരക്കാരനെ ലഹരി ഉപയോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

മകൻ അമിതമായി ഉറങ്ങുന്നതും ഇടയ്ക്കിടെ പണം ആവശ്യപ്പെടുന്നതുമടക്കമുള്ള അസാധാരണ പെരുമാറ്റമാണ് ആദ്യം അമ്മയുടെ ശ്രദ്ധയിൽപ്പെട്ടതെന്നാണ് ഷാർജ പൊലീസ് പ്രിവൻഷൻ ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ബ്രിഗേഡിയർ മാജിദ് സുൽത്താൻ അൽ അസം ആണ് പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. തുടർന്ന് കൂടുതൽ അന്വേഷിച്ചപ്പോഴാണ് മകൻ ലഹരി ഉപയോഗിക്കാൻ തുടങ്ങിയതായി അവർ തിരിച്ചറിഞ്ഞത്. ആദ്യഘട്ടത്തിൽ പ്രശ്നം കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കാൻ അമ്മ ശ്രമിച്ചെങ്കിലും പിന്നീട് വിദഗ്ധരുടെ സഹായം അനിവാര്യമാണെന്ന് മനസ്സിലാക്കിയ അവർ ഷാർജ പൊലീസിനെ സമീപിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ പരാതിയെ തുടർന്ന്, കുട്ടിയെ സംരക്ഷിക്കുന്നതിനും ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമായി നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ച് ഷാർജ പൊലീസ് ഉടൻ ഇടപെടൽ നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ആവശ്യമായ വിദഗ്ധ പരിജ്ഞാനം എല്ലാ കുടുംബങ്ങൾക്കും ഉണ്ടായിരിക്കണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതി ലഭിച്ചാൽ പൊലീസ് ആദ്യം സാഹചര്യം വിലയിരുത്തുകയും, ആവശ്യമെങ്കിൽ യുഎഇയിലെ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്കും പുനരധിവാസ കേന്ദ്രങ്ങളിലേക്കും ബന്ധപ്പെട്ട വ്യക്തിയെ റഫർ ചെയ്യുകയും ചെയ്യും. നേരത്തെയുള്ള ഇടപെടലും റിപ്പോർട്ട് ചെയ്യലും നിരവധി കുട്ടികളുടെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 328 കുടുംബങ്ങൾ മക്കളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ഷാർജ പൊലീസിന്റെ സഹായം തേടിയതായി അദ്ദേഹം വെളിപ്പെടുത്തി. രേഖപ്പെടുത്തിയതിൽ ഏറ്റവും പ്രായം കുറഞ്ഞ ലഹരി ഉപയോ​ഗിച്ച കുട്ടിക്ക് 14 വയസായിരുന്നു. അതിനാൽ കുട്ടികളിലെ ഒറ്റപ്പെടൽ, പഠനത്തിലെ ഇടിവ്, പെട്ടെന്നുള്ള സ്വഭാവമാറ്റങ്ങൾ തുടങ്ങിയ മുന്നറിയിപ്പ് ലക്ഷണങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഷാർജ പൊലീസ് കൃത്രിമ ബുദ്ധി (AI) പിന്തുണയുള്ള പ്രത്യേക സംഘങ്ങളുടെ സഹായത്തോടെ ലഹരി മരുന്നുകൾ പ്രചരിപ്പിക്കുന്നതോ യുവാക്കളെ ലക്ഷ്യമിടുന്നതോ ആയ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരീക്ഷിക്കുന്നുണ്ടെന്നും ഇതിനകം 3,160 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുകയും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: A mother's call to Sharjah Police helped a 16-year-old receive timely support for an addiction-related issue

To advertise here,contact us