പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് യുഎഇയിലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ ഇനി മുതല്‍ മുന്‍കൂര്‍ അപ്പോയ്മെൻ്റ് ഇല്ലാതെ നേരിട്ടെത്താം. യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ ദീപക് മിത്തല്‍ ആണ് ഈ കാര്യം അറിയിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി സേവന കേന്ദ്രങ്ങളില്‍ നേരിട്ട് എത്താമെന്നും ഇനി മുതല്‍ മുന്‍കൂര്‍ അപ്പോയ്മെൻ്റ് ഒഴിവാക്കുമെന്നും ഇവര്‍ക്ക് ക്യൂ ഒഴിവാക്കി മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മുതിര്‍ന്ന പൗരന്മാര്ക്കും കൗണ്ടറുകളില്‍ മുന്‍ഗണനാ സേവനങ്ങള്‍ ലഭിക്കും.
ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സമൂഹവുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇത് വിശദമാക്കിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ ജോയ്ദീപ് മൊഹന്തോ ചടങ്ങില്‍ പങ്കെടുത്തു. അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ഷാജി ജോണ്‍ നന്ദി പറഞ്ഞു. നോര്‍ത്ത് എമിറേറ്റുളിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെ പ്രതിനിധികള്‍, അജ്മാന്, ഫുജൈറ, കോര്‍ഫക്കാന്‍, കല്‍ബ എന്നിവിടങ്ങളിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഭാരവാഹികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്ക് പാസ്പോര്‍ട്ട്, കോണ്‍സുലാര്‍ സേവനങ്ങള്‍ സുഗമമായി ലഭ്യമാക്കുന്നതിലും ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജാ കോണ്‍സുലേറ്റിന് നല്കി വരുന്ന പിന്തുണയിലും ഡോ. ദീപക് മിത്തല്‍ പ്രത്യേകമായി അഭിനന്ദിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രവാസി ഇന്ത്യന്‍ സമൂഹമായി യുഎഇയിലെ ഇന്ത്യന്‍ സമൂഹം മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.അബുദാബിയിലും ദുബായിലും രാജ്യത്തിന് പുറത്തുള്ള ആദ്യത്തെ ഐഐടി, ഐഐഎം ക്യാമ്പസുകള്‍ സ്ഥാപിച്ചത് ഈ വളര്‍ച്ചയുടെ പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വരുന്ന ജനുവരിയില്‍ നടക്കാനിരിക്കുന്ന പ്രവാസി ഭാരതീയ ദിവസ് എന്ന ആഘോഷ പരിപാടികളില്‍ യുഎഇയിലെ പ്രവാസികളുടെ ശക്തമായ പങ്കാളിത്തം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: People with disabilities can now access passport services at designated centres across the UAE without booking a prior appointment, making the process more accessible and convenient