യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ തങ്ങളുടെ പാന്‍കാര്‍ഡ് (Permanent Account Number) സ്റ്റാറ്റസ് എന്‍ആര്‍ഐ ആക്കിമാറ്റണമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്കി. അടുത്ത ഇന്‍കം ടാക്സ് റിട്ടേണ്‍(ഐടിആര്‍) സമര്‍പ്പിക്കുന്നതിന് മുന്‍പായി തന്നെ പാന്‍കാര്‍ഡിലെ റസിഡന്‍സ് സ്റ്റാറ്റസ് എന്‍ആര്‍ഐ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയത്.
പാന്‍കാര്‍ഡ് നമ്പര്‍ ജീവിതകാലം മുഴുവന്‍ ഒന്നാണെങ്കിലും, ഒരാള്‍ പ്രവാസിയാകുന്നതോടെ ഇന്‍കം ടാക്സ് ഡാറ്റാബേസിലുള്ള വിവരങ്ങള്‍ സ്വയമേ മാറുകയില്ല. പക്ഷെ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലും റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച അവസാന തീയതിയായിരുന്ന, 2023 ജൂണ്‍ 30 നുള്ളില്‍ ലിങ്ക് ചെയ്യാതിരുന്ന പാന്‍ കാര്‍ഡുകള്‍ 2023 ജൂലൈ 1 മുതല്‍ ഇന്‍ഓപ്പറേറ്റീവ് അഥവാ നിഷ്ക്രിയമായി മാറുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ആദായ നികുതി നിയമപ്രകാരം നോണ്‍ റസിഡന്‍സിക്കാര്‍ക്ക് പാന്‍ ആധാര്‍ ലിങ്കിംങ് നിര്‍ബന്ധമല്ല. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ ഡാറ്റാബേസില്‍ നോണ്‍ റെസിഡന്റ് സ്റ്റാറ്റസ് കൃത്യമായി രേഖപ്പെടുത്താത്തത് മൂലം പല പ്രവാസികളുടെയും പാന്‍ കാര്‍ഡുകള്‍ ഇന്‍ഓപ്പറേറ്റീവ് ആയി മാറിയിട്ടുണ്ട്.
മുന്‍പത്തെ മൂന്ന് അസസ്മെന്റ് വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നോണ്‍ റെസിഡന്റ് ആയി ഐടിആര്‍ സമര്‍പ്പിച്ചവരുടെയോ അല്ലെങ്കില്‍ ജുരിസ്ഡിക്ഷണല് അസ്സസിങ് ഓഫീസറെ (Jurisdictional Assessing Officer) വിവരമറിയിച്ചവരുടെയോ എന്‍ആര്‍ഐ സ്റ്റാറ്റസ് ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍പ്പെടാത്ത ബാധിക്കപ്പെട്ട പ്രവാസികളോട് തങ്ങളുടെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് വിവരങ്ങളും തെളിവുകളും ജെഎഓയ്ക്ക് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നികുതി റീഫണ്ടുകളും അതിനുള്ള പലിശയും ലഭിക്കുന്നത് തടയും, ബാങ്ക് ഇടപാടുകള്‍ക്കും വരുമാനങ്ങള്‍ക്കും ഉയര്‍ന്ന നിരക്കില്‍ ടിഡിഎസ്, ടിസിഎസ് എന്നിവ ഈടാക്കും, ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവയിലെ കെ വൈ സി (KYC) പരിശോധനകള്‍ക്ക് കാലതാമസം ഉണ്ടാവും എന്നിവയെല്ലാം പാന്‍കാര്‍ഡ് ഇന്‍ഓപ്പറേറ്റീവ് ആകുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളാണ്.
പാന്‍കാര്‍ഡിലെ സ്റ്റാറ്റസ് മാറ്റുന്നത് കൊണ്ട് മാത്രം ഒരു വ്യക്തിയുടെ അതാത് വര്‍ഷത്തെ നികുതി റസിഡന്‍സി നിശ്ചയിക്കപ്പെടില്ല. ഓരോ സാമ്പത്തിക വര്‍ഷവും ഇന്ത്യയില്‍ തങ്ങിയ ദിവസങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. കൂടാതെ നികുതി വകുപ്പിലെ വിവരങ്ങള്‍ മാറ്റുന്നത് വഴി ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ സ്വയം മാറില്ല. അതിനായി ബാങ്കുകളില്‍ നേരിട്ട് കെവൈസി നല്‍കേണ്ടതുണ്ട്. പ്രവാസികള്‍ക്ക് ഇന്‍കം ടാക്സ് ഇന്‍ഓപ്പറേറ്റീവ് ആണെങ്കില്‍ പോര്‍ട്ടലിലെ '' Know Your AO'' വഴി അസ്സസിങ് ഓഫീസറെ കണ്ടെത്തി പാസ്പോര്‍ട്ട് പകര്‍പ്പ്, യുഎഇ വിസ അല്ലെങ്കില്‍ എമിറേറ്റ്സ് ഐഡി, വിദേശവാസ തെളിവുകള്‍ എന്നിവ സമര്‍പ്പിച്ച് സ്റ്റാറ്റസ് തിരുത്താവുന്നതാണ്.
Content Highlight: India's Income Tax Department has advised Indian expatriates in the UAE to update their PAN card status to Non-Resident Indian (NRI) to ensure tax compliance and avoid future issues