യുഎഇയിൽ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ വിവിധ സേവന ഫീസുകളും അഡ്മിനിസ്ട്രേറ്റീവ് പിഴകളും ഇനി തവണകളായി അടയ്ക്കാം. പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ 'ടാബി'യുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പുതിയ സൗകര്യത്തിന് തുടക്കമിട്ടത്.
സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമ്പത്തിക ഭാരം കുറയ്ക്കാനാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. നാല് മുതൽ 12 മാസം വരെയുള്ള ഗഡുക്കളായി അടയ്ക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് ടാബിയുമായി സഹകരിച്ചുള്ള സേവനത്തിന് മന്ത്രാലയം തുടക്കമിട്ടത്. ഒരു ഇടപാടിൽ പരമാവധി 20,000 ദിർഹം വരെയാണ് ഈ സൗകര്യം വഴി അടയ്ക്കാനാവുക.
രാജ്യത്തെ മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടയ്ക്കേണ്ട തുക എളുപ്പത്തിൽ ഇൻസ്റ്റാൾമെന്റുകളാക്കി മാറ്റാൻ സാധിക്കും. മിക്ക ബാങ്കുകളിലും കുറഞ്ഞത് 500 ദിർഹം മുതലുള്ള തുകകൾ ഇൻസ്റ്റാൾമെന്റാക്കാം.
എമിറേറ്റ്സ് എൻബിഡി, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദബി ബാങ്ക്, മഷ്റേഖ് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, കൊമേഴ്സ്യൽ ഇൻറർനാഷണൽ ബാങ്ക്, റാക് ബാങ്ക് എന്നീ എട്ട് മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്കാണ് നിലവിൽ ഈ സൗകര്യമുള്ളത്. ലേബർ പെർമിറ്റുകൾ, വർക്ക് വിസ പുതുക്കൽ, നിയമലംഘന പിഴകൾ എന്നിവ ഒന്നിച്ച് അടയ്ക്കുന്നതിലെ പ്രയാസം ഇതോടെ ഒഴിവാകും.
Content Highlights: The UAE has announced a new payment option enabling residents and employers to pay Ministry of Human Resources and Emiratisation (MoHRE) fees and fines in instalments. The initiative aims to reduce financial pressure, improve compliance, and make government services more accessible.