പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന് നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ യു.എ.ഇ ശക്തമായി അപലപിച്ചു. ഇറാന്റെ ഇത്തരത്തിലുള്ള ശത്രുതാപരമായ ആക്രമണം മേഖലയിലെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്നതാണെന്നും സഹോദര രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്റെ വ്യക്തമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പ്രദേശത്തെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്ന നടപടികളില്‍ നിന്ന് പിന്മാറാന് എല്ലാ കക്ഷികളും തയ്യാറാകണമെന്നും യുഎഇ ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും നയതന്ത്രപരമായ പരിഹാരത്തിനും അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായുള്ള യുഎഇയുടെ പൂര്‍ണ ഐക്യദാര്‍ഢ്യവും പിന്തുണയും മന്ത്രാലയം ആവര്‍ത്തിച്ചു. പ്രദേശത്തെ സമാധാനവും സ്ഥിരതയും സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന് ആക്രമണങ്ങള്‍ നടത്തിയിരുന്നു. കുവൈറ്റ്, ബഹ്റൈന്‍, ജോര്‍ദാന്‍, എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന് ബഹ്റൈനിലേക്ക് നിരവധി മിസൈല്‍ ആക്രമണങ്ങളാണ് നടത്തിയത്. ഇറാനില്‍ നിന്ന് തൊടുത്ത നാല് മിസൈലുകള്‍ ജോര്‍ദാന്റെ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടുവെന്ന് നേരത്തെ ജോര്‍ദാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പെട്ര റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയുടെ രണ്ട് എണ്ണകപ്പലുകള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായത് യുഎഇയും സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണം വിട്ട രണ്ട് സൂപ്പര്ടാങ്കറുകളെ ആക്രമിച്ച് പ്രവര്‍ത്തനരഹിതമാക്കി എന്നായിരുന്നു ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ അവകാശവാദം.
ഗള്‍ഫ് മേഖലയില്‍ ഇറാന് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സൗദിക്കും കുവൈറ്റിനും കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാനാണ് അമേരിക്കന്‍ നീക്കം. സൗദിക്ക് 1.96 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും കുവൈറ്റിനായി 484 മില്യണ്‍ ഡോളറിന്റെ പ്രത്യക വിമാന സംരക്ഷണ പാക്കേജിനും അമേരിക്ക അംഗീകാരം നല്കി. ഇന്നലെ പകലും ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇറാന് ഉപയോഗിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ സൈനിക ശേഷി കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്നായിരുന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നത്. ഇറാന്റെ തീരദേശ സൈനിക കേന്ദ്രങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും വാണിജ്യ കപ്പല്‍ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക സംവിധാനങ്ങളെ തകര്‍ക്കുകയെന്നതാണ് ലക്ഷ്യമെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു.
പശ്ചിമേഷ്യയില്‍ ആശങ്ക തുടരുന്ന സാഹചര്യത്തില്‍ എണ്ണവില കുതിക്കുകയാണ്. ക്രൂഡ് ഓയില്‍ വിലയില്‍ 0.4 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
Content Highlight: The UAE has strongly condemned the attacks targeting Bahrain, Kuwait, and Jordan, reaffirming its support for regional security and stability