ഫിഫ ലോകകപ്പ് കാണാൻ വ്യാജ ലിങ്കുകളുടെ ഉപയോ​ഗം; കടുത്ത നടപടി ഉണ്ടാകുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്

കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഇത്തരം വ്യാജ സ്ട്രീമിംഗ് സൈറ്റുകൾ കാരണം കായിക മേഖലയ്ക്ക് ഉണ്ടാകുന്നതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്

ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. യുഎഇ ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങളിലും ഫുട്ബോൾ ആവേശം അതിശക്തമായി തുടരുന്നു. എന്നാൽ ലോകകപ്പ് മത്സരങ്ങളുടെ വ്യാജ ഡിജിറ്റൽ സ്ട്രീമിംഗും അനധികൃത സംപ്രേഷണവും തടയാനുള്ള കടുത്ത നടപടികളിലാണ് അധികൃതർ. കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഇത്തരം വ്യാജ സ്ട്രീമിംഗ് സൈറ്റുകൾ കാരണം കായിക മേഖലയ്ക്ക് ഉണ്ടാകുന്നതെന്നാണ് അധികൃതരുടെ ചൂണ്ടിക്കാട്ടുന്നത്.

അനധികൃത മാർ​ഗങ്ങൾ ഉപയോഗിച്ച് മത്സരങ്ങൾ കാണുന്ന യുഎഇ നിവാസികൾ വലിയ നിയമക്കുരുക്കിൽ അകപ്പെടുമെന്ന് പ്രമുഖ എമിറാത്തി അഭിഭാഷകനായ അബ്ദുള്ള അൽ നാസർ മുന്നറിയിപ്പ് നൽകുന്നു. പണം നൽകി കാണേണ്ട ചാനലുകൾ വ്യാജ മാർ​ഗങ്ങൾ വഴി ഉപയോഗിക്കുന്നത് പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെയുള്ളവർക്ക് 10,000 ദിർഹം മുതൽ 1,00,000 ദിർഹം വരെ (ഏകദേശം രണ്ടര ലക്ഷം മുതൽ 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപ വരെ) പിഴയും തടവുശിക്ഷയും ലഭിച്ചേക്കാം.

പരമ്പരാഗത ടെലിവിഷൻ ചാനലുകളിൽ നിന്നും ആളുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതും ഔദ്യോഗിക സബ്‌സ്‌ക്രിപ്ഷൻ തുകകൾ വർദ്ധിച്ചതുമാണ് പലരെയും ഇത്തരം നിയമവിരുദ്ധ വഴികളിലേക്ക് ആകർഷിക്കുന്നത്. കഴിഞ്ഞ മാസം യുഎസ് നീതിന്യായ വകുപ്പ് ലോകകപ്പ് മത്സരങ്ങൾ വ്യാജമായി സ്ട്രീം ചെയ്ത നാനൂറോളം വെബ്‌സൈറ്റുകളാണ് പൂട്ടിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ മാഫിയക്കെതിരെ ആഗോളതലത്തിൽ അന്വേഷണം തുടങ്ങിയിരുന്നു.

പഴയ കാലത്തെപ്പോലെ സിഡി രൂപത്തിലോ ഡൗൺലോഡ് ഫയലുകളായോ അല്ല, ഇന്നത്തെ കാലത്ത് തത്സമയ ഡിജിറ്റൽ സ്ട്രീം നേരിട്ട് പകർത്താൻ എളുപ്പമായതാണ് വ്യാജ ഉപയോ​ഗം വർദ്ധിക്കാൻ കാരണം എന്ന് സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. പല ചാനലുകളുടെയും ഉയർന്ന നിരക്കുകളും പ്രാദേശികമായ നിയന്ത്രണങ്ങളുമാണ് ആളുകളെ വ്യാജന്മാരിലേക്ക് എത്തിക്കുന്നത്. വെബ്‌സൈറ്റുകളിൽ വരുന്ന പരസ്യങ്ങളിൽ നിന്നാണ് ഈ തട്ടിപ്പുകാർ പ്രധാനമായും പണമുണ്ടാക്കുന്നത്. ഒരു സൈറ്റ് അധികൃതർ ബ്ലോക്ക് ചെയ്താൽ ഉടൻ തന്നെ മറ്റൊരു ഡൊമെയ്‌നിലേക്ക് കളി മാറ്റാൻ ഇവർക്ക് സാധിക്കും. വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും അനധികൃത ഉപകരണങ്ങൾ വാങ്ങുന്നതും ഒഴിവാക്കി ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ മാത്രം മത്സരങ്ങൾ ആസ്വദിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: UAE authorities have issued a warning against fake online links claiming to provide FIFA World Cup match access. Officials advised residents to avoid suspicious websites and highlighted that strict action will be taken against cyber-related violations.

To advertise here,contact us