കുവൈറ്റിൽ മസ്തിഷ്കാഘാതം ബാധിച്ച് ചികിത്സയിലുള്ള രാജു നാട്ടിലേക്ക്; കൈത്താങ്ങായി കെഎംസിസി

കെഎംസിസി ഭാരവാഹികൾ ഫർവാനിയ ആശുപത്രിയിലെത്തി രാജുവിനെ സന്ദർശിച്ച് ചികിത്സാ വിവരങ്ങൾ വിലയിരുത്തി

കുവൈറ്റിൽ മസ്തിഷ്കാഘാതം ബാധിച്ച് ചികിത്സയിലുള്ള മലപ്പുറം സ്വദേശി രാജു കിഴക്കേപുരക്കലിനെ നാട്ടിലെത്തിക്കാൻ കുവൈറ്റ് കെഎംസിസി നടപടികൾ തുടങ്ങി. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ തുടർനടപടികൾ പുരോഗമിക്കുകയാണ്. രാജുവിൻ്റെ ദുരവസ്ഥ റിപ്പോർട്ടർ വാർത്തയാക്കിയതിന് പിന്നാലെയാണ് കെഎംസിസി ഇടപെടൽ.

ചലനശേഷിയും ഓർമ്മശക്തിയും നഷ്ടപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മലപ്പുറം കോട്ടക്കൽ സ്വദേശി രാജു കിഴക്കേപുരക്കൽ. അദ്ദേഹത്തിന്റെ ദുരവസ്ഥയും നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയും കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടർ വാർത്തയാക്കിയത്. ഇതിന് പിന്നാലെ വിഷയത്തിൽ കുവൈത്ത് കെഎംസിസി സജീവമായി ഇടപെടുകയായിരുന്നു.

കെഎംസിസി ഭാരവാഹികൾ ഫർവാനിയ ആശുപത്രിയിലെത്തി രാജുവിനെ സന്ദർശിച്ച് ചികിത്സാ വിവരങ്ങൾ വിലയിരുത്തി. തുടർന്ന് ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. നാട്ടിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചുവരികയാണെന്ന് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി റിപ്പോർട്ടറിനോട് പറഞ്ഞു.

പ്രത്യേക മെഡിക്കൽ സംവിധാനത്തോടെ വിമാനമാർഗം രാജുവിനെ കേരളത്തിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് എല്ലാ തലങ്ങളിലും ശ്രമം തുടരുകയാണ്. എത്രയും വേഗം രാജുവിനെ കുടുംബത്തോടൊപ്പം നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുസ്തഫ കാരി വ്യക്തമാക്കി.

Content Highlights: Raju, a Malayali expatriate receiving treatment in Kuwait after suffering a brain stroke, is set to return home with assistance from KMCC. The organisation provided support to help arrange his journey back to Kerala.

To advertise here,contact us