എഡിസിബി ബാങ്കിൻ്റെ സാങ്കേതിക തകരാറുകള്‍; പ്രധാന ബാങ്കിങ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ചില ഇടപാടുകാര്‍ക്ക് ഒറ്റപ്പെട്ട സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഇപ്പോഴും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്

അബുദാബി കൊമേഴ്ഷ്യല്‍ ബാങ്കിന്റെ (എഡിസിബി) സേവനങ്ങളില്‍ സാങ്കേതിക തകരാറുകള്‍ നേരിടുന്ന സാഹചര്യത്തില്‍, പ്രധാന ബാങ്കിങ് സേവനങ്ങള്‍ പുനഃസ്ഥാപിച്ച് ബാങ്ക്. എഡിസിബി ബാങ്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നേരിട്ടിരുന്ന സാങ്കേതിക തടസ്സങ്ങള്‍ക്കൊടുവിലാണ് പ്രധാന ബാങ്കിങ് സേവനങ്ങള്‍ സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചിരിക്കുന്നത്.

സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നിരവധി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ബാങ്കിങ്, ഓണ്‍ലൈന്‍ ബാങ്കിങ്, പണമിടപാടുകള്‍ എന്നിവയില്‍ തടസ്സം നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇടപാടുകാരോട് ക്ഷമ ചോദിക്കുകയും പ്രശ്‌നം പരിഹരിക്കാന്‍ വിദഗ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും ബാങ്ക് അറിയിച്ചിരുന്നു. ഭൂരിഭാഗം സേവനങ്ങളും ഇപ്പോള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എഡിസിബി വ്യക്തമാക്കിയിട്ടുണ്ട്. സേവനങ്ങള്‍ പൂര്‍ണമായി സ്ഥിരത കൈവരിക്കുന്നതിനായി സാങ്കേതിക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ബാങ്ക് അറിയിച്ചു.

അതേസമയം ചില ഇടപാടുകാര്‍ക്ക് ഒറ്റപ്പെട്ട സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഇപ്പോഴും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ബാങ്കിന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ച്ചയായ സേവന തടസ്സങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പണമിടപാടുകളും ഡിജിറ്റല്‍ പേയ്‌മെന്റുകളും വൈകിയതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രധാന സേവനങ്ങള്‍ സാധാരണ നിലയിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

Content Highlight: Abu Dhabi Commercial Bank (ADCB) has successfully restored its major banking services following a technical outage that temporarily affected customers' access to digital and banking services

To advertise here,contact us