യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ ആഴ്ചയോടെ കുത്തനെ ഉയർന്നേക്കാമെന്ന മുന്നറിയിപ്പുമായി ട്രാവൽ ഏജന്റുമാർ. സ്കൂൾ വേനൽക്കാല അവധി ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ റെക്കോർഡ് വർദ്ധനവിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ദുബായിൽ നിന്ന് ദില്ലിയിലേക്കും മുംബൈയിലേക്കുമുള്ള നിരക്കുകൾ ഇപ്പോൾ തന്നെ വൻതോതിൽ ഉയർന്നിട്ടുണ്ട്.
വേനൽക്കാല അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഒട്ടും അനുകൂലമല്ല നിലവിലെ വിമാന വിപണി സാഹചര്യങ്ങൾ. ഈദുൽ അദ്ഹയ്ക്ക് ശേഷം വിമാനക്കമ്പനികൾ വരുത്തിയ താൽക്കാലിക നിരക്ക് ക്കുറവ് ഈ ആഴ്ചയോടെ അവസാനിച്ചേക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യാത്ര ചെയ്യേണ്ടവർ ഈ ആഴ്ച തന്നെ ബുക്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ റെക്കോർഡ് നിരക്ക് നൽകേണ്ടി വരും. അവസാന നിമിഷത്തെ ഓഫറുകൾക്കായി കാത്തിരിക്കുന്നത് ഇത്തവണ വലിയ തിരിച്ചടിയാകും.
ഇന്ത്യൻ റൂട്ടുകളിലാണ് നിരക്ക് വർദ്ധനവ് ഏറ്റവും വേഗത്തിൽ പ്രതിഫലിക്കുന്നത്. ദുബായ് - ദില്ലി റൂട്ടിൽ സാധാരണ സമയങ്ങളിൽ 800 ദിർഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ തന്നെ 2,293 ദിർഹമായി ഉയർന്നു കഴിഞ്ഞു. മുംബൈ ഉൾപ്പെടെയുള്ള മറ്റ് ദക്ഷിണേഷ്യൻ റൂട്ടുകളിലും 30 ശതമാനത്തിലധികം നിരക്ക് വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തത്തിൽ 20 മുതൽ 30 ശതമാനം വരെ കൂടുതൽ തുക ഇത്തവണ ഇന്ത്യൻ പ്രവാസികൾക്ക് ടിക്കറ്റിനായി മാറ്റിവെക്കേണ്ടി വരും.
കുടുംബമായി നാട്ടിലേക്ക് പോകുന്നവരുടെ ടിക്കറ്റുകളാണ് ഏറ്റവും വേഗത്തിൽ വിറ്റുതീരുന്നത്. ഉയർന്ന ഡിമാൻഡും സീറ്റുകളുടെ പരിമിതിയുമൊപ്പാം ഇന്ധനവില വർദ്ധനവ് കൂടിയായതോടെയാണ് നിരക്കുകൾ കുത്തനെ ഉയരുന്നത്. വരും ദിവസങ്ങളിൽ നിരക്ക് കൂടുക മാത്രമല്ല, പ്രവാസികൾക്ക് അനുയോജ്യമായ തീയതികളിൽ കനത്ത തിരക്ക് കാരണം ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ടാകും. വലിയ സാമ്പത്തിക നഷ്ടവും യാത്രാ തടസ്സങ്ങളും ഒഴിവാക്കാൻ ആഴ്ചകൾക്ക് മുൻപേ ടിക്കറ്റ് ബുക്ക് ചെയ്യാനാണ് ട്രാവൽ വിദഗ്ധർ പ്രവാസികൾക്ക് നൽകുന്ന നിർദ്ദേശം.
Content Highlights: Travel costs are likely to increase significantly in the UAE during the summer vacation period as demand for flights surges. The hike in ticket prices is expected to affect expatriates and families planning holiday travel.