ഇറാഖില്‍ നിന്നും രാജ്യത്തെ ലക്ഷ്യമിട്ടെത്തുന്ന ആക്രമണ ശ്രമങ്ങളെ തടയണമെന്ന് യുഎഇ. ബറാക്ക ആണവ പ്ലാന്റിന് നേരെ ഇറാഖില്‍ നിന്നും ആക്രമണമുണ്ടായതിന് പിന്നാലെയാണ് യുഎഇയുടെ പ്രതികരണം. ബറാക്ക പ്ലാന്റിനു നേരെയുള്ള ആക്രമണം ആണവ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്കി. ആണവ പ്ലാന്റിന് നേരെയുള്ള ആക്രമണം അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവും പ്രതികരിച്ചു.
ഇറാഖ് വ്യോമാതിര്‍ത്തിയില്‍ നിന്ന് യുഎഇയിലെ ബറാക്ക ആണവ നിലയത്തിന് നേരെ നടത്തിയ ഭീകരാക്രമണങ്ങളെ ശക്തമായ ഭാഷയിലാണ് യുഎഇ അപലപിച്ചത്. ഞായറാഴ്ചയാണ് ആണവ നിലയത്തെ ലക്ഷ്യം വെച്ച് ഡ്രോണുകള്‍ വന്നത്. പ്ലാന്റിന്റെ സമീപത്തെ ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ ഡ്രോണ്‍ അവശിഷ്ടം വീണിരുന്നു. തങ്ങളുടെ പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന എല്ലാ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളെയും അടിയന്തിരമായി ഇറാഖ് തടയണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഇത്തരം ഭീഷണികളെ ഉത്തരവാദിത്തത്തോടെയും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും അനുസൃതമായ രീതിയിലും നേരിടേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതിനിടെ ബറാക്ക പ്ലാന്റിനു നേരെയുള്ള ആക്രമണം ആണവ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഐഎഇഎ മുന്നറിയിപ്പ് നല്കി. ആക്രമണത്തിന് പിന്നാലെ ആണവ നിലയത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച യുഎഇ നടപടിയെ ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ അഭിനന്ദിച്ചു. തുടര്‍വിവരങ്ങള്‍ ഏജന്‍സി ഇനിയും നല്‍കുമെന്നും മേഖലയിലെ സര്‍ക്കാരുകളുമായി സ്ഥിരമായി കൂടിയാലോചിക്കുമെന്നും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന് നല്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇറാഖില്‍ നിന്നും ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് പ്രതികരിച്ചു. ഭീഷണി അറേബ്യന്‍ ഗള്‍ഫിനപ്പുറം അന്താരാഷ്ട്ര സംവിധാനത്തിലേക്ക് മൊത്തത്തില്‍ വ്യാപിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയെയും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വെല്ലുവിളിയാണെന്നും ഗര്‍ഗാഷ് ചൂണ്ടിക്കാട്ടി.
Content Highlights: The United Arab Emirates has reacted strongly against the recent attacks in Iraq, urging immediate action to stop violence and protect regional security. The UAE also stressed the importance of stability, peace, and coordinated international efforts.