വിവര സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുത്ത് യുഎഇ. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 50 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും എഐ സങ്കേതിക വിദ്യയിലേക്ക് മാറുമെന്നാണ് പ്രഖ്യാപനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ മേഖലകളിലേക്ക് എഐ സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്സ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് യുഎഇ ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ ഇതിനകം തന്നെ എഐ സാങ്കേതിക വിദ്യ നടപ്പിലാക്കി കഴിഞ്ഞു. പകുതി സേവനങ്ങള്‍ പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതിനായി പ്രത്യേക ടാസ്ക്ക് ഫോഴ്സിനും രൂപം നല്കി.
എഐ എന്നത് ഒരു ഉപകരണമല്ലെന്നും അത് വിശകലനം ചെയ്യുകയും തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും തത്സമയം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തീരുമാനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ എക്സിക്യൂട്ടീവ് പങ്കാളിയായി എഐ മാറുമെന്നും എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് എഐയില്‍ അധിഷ്ടിതമായ പുതിയ ഗവണ്മെന്റ് മോഡല്‍ രാജ്യത്ത് ആരംഭിച്ചത്. സ്വയംഭരണ സംവിധാനങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗവണ്മെന്റായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം.
Content Highlights: UAE plans to convert 50 percent of government services into AI-powered systems within two years as part of its smart governance strategy.