പ്രകൃതി ഭം​ഗി ആസ്വദിച്ച് പാർക്കുകളിൽ ഇരുന്ന് ജോലി ചെയ്യാം; പദ്ധതിയുമായി ദുബായ് മുൻസിപ്പാലിറ്റി

വര്‍ക്ക് ഫ്രം പാര്‍ക്ക്' എന്ന പേരിലാണ് പുതിയ ന്യൂതന പദ്ധതി

ദുബായിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പാര്‍ക്കുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ സംവിധാനവുമായി ദുബായ് മുന്‍സിപ്പാലിറ്റി. ഓഫീസിലെ ജോലിയുടെ വിരസത മാറ്റുന്നതിനായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മെയ് മാസം മുതല്‍ പദ്ധതിയുടെ ആദ്യഘട്ടം നിലവില്‍ വരും. ഓഫീസിലെ ജോലിയും വര്‍ക്ക് ഫ്രം ഹോമും മടുത്തവര്‍ക്കായാണ് ദുബായ് മുന്‍സിപ്പാലിറ്റി പുതിയ ക്രമീകരണം ഏര്‍പ്പെടുന്നത്.

വര്‍ക്ക് ഫ്രം പാര്‍ക്ക്' എന്ന പേരിലാണ് പുതിയ ന്യൂതന പദ്ധതി. ഓഫീസിലും വീട്ടിലും ഇരുന്നുള്ള ജോലിയില്‍ വിരസത അനുഭവപ്പെടുന്നവര്‍ക്ക് ദുബായിലൂടനീളമുള്ള പാര്‍ക്കുകളിലെ ഔട്ട്ഡോര്‍ വര്‍ക്ക്സ്പെയ്സുകള്‍ ഉപയോഗിക്കാം. ലാപ് ടോപ് പോലുള്ള സംവിധാനങ്ങളുമായി ഇവിടെയത്തിയാല്‍ പിരിമുറുക്കങ്ങള്‍ ഇല്ലാതെ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് ജോലി ചെയ്യാം. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പൊതുപാര്‍ക്കുകള്‍ ജോലിസ്ഥലങ്ങളായി ഉപയോഗിക്കാമെന്നാണ് മുന്‍സിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പുതിയ പദ്ധതി സഹായിക്കും.

ഓഫീസിലെ അധിക ജോലികള്‍ തീര്‍ക്കാനുള്ളവര്‍ക്ക് ഒഴിവുസമയം ആസ്വദിച്ചുകൊണ്ട് തന്നെ ജോലി ചെയ്യാനാകും എന്നതും പ്രത്യകതയാണ്. ആധുനിക ജോലി രീതികള്‍ക്ക് അനുസൃതമായി മള്‍ട്ടി ഫങ്ഷണല്‍ നഗര ഇടങ്ങളാക്കി പാര്‍ക്കുകളെ മാറ്റാനാണ് തീരുമാനം. മെയ് മാസം മുതല്‍ ഇതിനുള്ള സൗകര്യങ്ങള്‍ പാര്‍ക്കുകളില്‍ ഏര്‍പ്പെടുത്തും. അല്‍ ബര്‍ഷ പോണ്ട് പാര്‍ക്കില്‍ നിന്നായിരിക്കും തുടക്കം. പിന്നാലെ എമിറേറ്റിലെ മറ്റ് പാര്‍ക്കുകളിലും വര്‍ക്ക്സ്പെയ്സുകള്‍ സജ്ജമാക്കും. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളുമായി രണ്ട് കരാറുകളിലും ദുബായ് മുന്‍സിപ്പാലിറ്റി ഒപ്പുവെച്ചു.

വൈഫൈ, മീറ്റിംഗ്സ്റ്റൈല്‍ വര്‍ക്ക്സ്പെയ്സുകള്‍ എന്നിവ ഉള്‍പ്പെടെ സജ്ജമാക്കാനാണ് കരാര്‍. അതിവേഗ ഇന്റര്‍നെറ്റുള്ള ഹോട്ട് ഡെസ്‌ക്കുകള്‍, പോഡ്കാസ്റ്റ് സ്റ്റുഡിയോകള്‍, ക്രിയേറ്റീവ് പ്രൊഡക്ഷന്‍ റൂമുകള്‍ എന്നിവ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ക്രിയേറ്റീവ് സ്പേസുകളും പദ്ധതിയുടെ ഭാഗമാണ്.

Content Highlights: Discover Dubai Municipality's new project allowing professionals to work from public parks with high-speed Wi-Fi, smart benches, and solar charging stations.

To advertise here,contact us