മഴവെള്ളം കെട്ടിനിൽക്കുന്നതും മലിനജലവും ഒഴിവാക്കുക ലക്ഷ്യം; പദ്ധതിയുമായി ദുബായ് മുൻസിപ്പാലിറ്റി

മലിനജല നിര്‍മാര്‍ജ്ജനത്തിനൊപ്പം മഴവെള്ളവും നീക്കം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം

ദുബായ് അല്‍ഖൂസില്‍ ഡ്രെയിനേജ്, മഴവെള്ള പൈപ്പ് ശൃംഖല സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ദുബായ് മുനിസിപ്പാലിറ്റി. എമിറേറ്റിലെ തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ അല്‍ ഖൂസ് ക്രിയേറ്റീവ് സോണിലൂടെയാണ് പദ്ധതി കടന്നു പോകുന്നത്. മഴ പെയ്താലുടന്‍ തന്നെ വെള്ളം ഭൂമിക്കടിയിലെ കൂറ്റന്‍ പൈപ്പുകളിലൂടെ കടന്നുപോകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്.

മലിനജല നിര്‍മാര്‍ജ്ജനത്തിനൊപ്പം മഴവെള്ളവും നീക്കം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 50 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 25 കോടി ദിര്‍ഹമാണ് ചെലവഴിച്ചത്. ഒന്നാം ഘട്ടത്തില്‍ 155 ഹെക്ടറിലാണ് മലിനജല, മഴവെള്ള നിര്‍ഗമന ശൃംഖലകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 15 കിലോമീറ്റര്‍ നീളത്തില്‍ മലിനജല പൈപ്പ്‌ലൈനുകളും 14 കിലോമീറ്റര്‍ മഴവെള്ള ഡ്രെയിനേജ് ലൈനുകളും ഇതിന്റെ ഭാഗമായി സ്ഥാപിച്ചു.

മഴവെള്ളം ഒഴുക്കിവിടുന്നത് മെച്ചപ്പെടുത്താനും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും അല്‍ ഖൂസിലെ ബിസിനസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും നവീകരണം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒന്ന് മുതല്‍ നാല് വരെയുള്ള പ്രദേശങ്ങള്‍ക്കും ഷെയ്ഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനുമിടയിലുള്ള ഭാഗങ്ങള്‍ക്കും സേവനം നല്‍കുന്ന സമഗ്രവും സുസ്ഥിരവുമായ ഡ്രെയിനേജ് സംവിധാനം ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1,600 ഹെക്ടര്‍ വിസ്തൃതിയിലും 1,500ലധികം പ്ലോട്ടുകളിലുമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ദുബായുടെ അടിസ്ഥാന സൗകര്യ ശേഷി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. എമിറേറ്റിലെ മലിനജല സംവിധാനം നവീകരിക്കുന്നതിനുള്ള വിപുലമായ നടപടികളുടെ ഭാഗനമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് പുറമെ 3,000 കോടി ദിര്‍ഹത്തിന്റെ ഏകീകൃത മഴവെള്ള ശേഖരണ സംവിധാനമായ തസ്രീഫ് പദ്ധതിയും ദുബായ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

Content Highlights: Dubai Municipality introduces a new plan to tackle rainwater accumulation and wastewater issues, aiming to improve urban infrastructure

To advertise here,contact us