സ്വദേശിവത്ക്കരണ നടപടികളിൽ വൻ മുന്നേറ്റം; യുഎഇ സ്വദേശികൾ തിരഞ്ഞെടുക്കുന്നത് സ്വകാര്യമേഖല

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

യുഎഇയില്‍ സ്വദേശിവത്ക്കരണ നടപടികളില്‍ വന്‍ മുന്നേറ്റമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയാണ് കൂടുതല്‍ സ്വദേശികളും ജോലിക്കായി തെരഞ്ഞെടുക്കുന്നത്. പല തസ്തികകളിലും ആളെ കിട്ടാവനില്ലാത്ത അവസ്ഥയും നിലവിലുണ്ട്. ദുബായ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കൗണ്‍സില്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം ദുബായിലെ തൊഴില്‍ വിപണിയില്‍ വിപ്ലവകരമായ മാറ്റമാണ് സമീപകാലത്ത് ഉണ്ടായത്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വലിയ അവസരമാണ് സ്വകാര്യ മേഖല സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. 2021ല്‍ 7,060 സ്വദേശികള്‍ മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 32,087 ആയി വര്‍ധിച്ചു. നിയമന നിരക്കില്‍ ഏകദേശം 354.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

പഠിച്ചിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ ഉറപ്പാക്കാന്‍ ദുബായിലെ തൊഴില്‍ വിപണിക്ക് സാധിക്കുന്നുണ്ടെന്ന് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമയാനം, ധനകാര്യം, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളില്‍ സ്വദേശികള്‍ ഇപ്പോള്‍ സജീവമാണ്. നിലവില്‍ പല തസ്തികകളിലേക്കും ആവശ്യമായ സ്വദേശി ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പുതിയ അവസരങ്ങള്‍ കൂടി സൃഷ്ടിക്കാനാണ് കൗണ്‍സിലിന്റെ പദ്ധതി.

അല്‍ മക്തൂം രാജ്യാന്തര വിമാനത്താവള വികസനം വ്യോമയാന മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കും. ബിസിനസ്, നിക്ഷേപ മേഖലകളിലെ വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. സ്വദേശിവത്ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ രാജ്യം കൈവരിച്ച വലിയ നേട്ടമാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് ദുബായ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കൗണ്‍സില്‍ വ്യക്തമാക്കി.

Content Highlights: UAE has made significant strides in its nationalization efforts, with private sector companies now offering positions to Emiratis. This move is part of a broader strategy to increase local employment and reduce dependence on foreign workers. The decision marks a major step towards empowering Emirati citizens and promoting job opportunities in various industries across the private sector, aligning with the UAE’s vision for sustainable economic growth.

To advertise here,contact us