ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ബൈക്കുകള്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി അബുദബി; നിയമം ലംഘിച്ചാൽ കർശന നടപടി

നഗരത്തിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ബൈക്കുകള്‍ക്കും ഇ സ്‌കൂട്ടറുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്

അബുദബി നഗരത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ബൈക്കുകള്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി സംയോജിത ഗതാഗത കേന്ദ്രം. ഹൈവേകളിലും തിരക്കേറിയ പ്രധാന റോഡുകളിലും ഇ-ബൈക്കുകള്‍ക്ക് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയും മറ്റ് മേഖലകളില്‍ വേഗപരിധി കുറച്ചുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

നഗരത്തിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ബൈക്കുകള്‍ക്കും ഇ സ്‌കൂട്ടറുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇ-ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും പരമാവധി വേഗത 20 കിലോമീറ്ററായി നിജപ്പെടുത്തിക്കൊണ്ട് സംയാജിക ഗതാഗത കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കി. സൈക്കിള്‍ പാതകളിലൂടെയോ സംയുക്ത പാതകളിലൂടെയോ മാത്രം യാത്ര ചെയ്യണമെന്നും പാതകളില്ലാത്ത ഇടങ്ങളില്‍ മണിക്കൂറില്‍ 60 കിമീ വേഗപരിധിയുള്ള റോഡുകളുടെ വലതുവശം ചേര്‍ന്ന് പോകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതിനിടെ ഹൈവേകളിലും തിരക്കേറിയ പ്രധാന റോഡുകളിലും ഇ-ബൈക്കുകള്‍ ഇറക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. 16 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഇ-ബൈക്ക് ഓടിക്കാന്‍ അനുമതിയുണ്ടാകില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇ-ബൈക്കില്‍ ഒരാള്‍ക്ക് മാത്രമെ യാത്ര ചെയ്യാന്‍ അനുവാദമുണ്ടാവുകയുള്ളൂ.

സുരക്ഷയ്ക്കായി ഹെല്‍മറ്റ് ധരിക്കണമെന്നും രാത്രികാലങ്ങളില്‍ റിഫ്‌ലക്ടീവ് ജാക്കറ്റുകള്‍ ധരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. യാത്രയ്ക്കിടെ മൊബൈലോ ഹെഡ് ഫോണോ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വാഹനത്തിന് മുന്നില്‍ വെള്ള ലൈറ്റും പിന്നില്‍ ചുവന്ന ലൈറ്റും നിര്‍ബന്ധമാണ്. പ്രവര്‍ത്തനക്ഷമമായ ബ്രേക്കും ബെല്ലും വാഹനത്തില്‍ ഉണ്ടായിരിക്കണമെന്നും സംയാജിക ഗതാഗത കേന്ദ്രം വ്യക്തമാക്കി.

സീബ്രാ ക്രോസിംഗിലൂടെ വാഹനം ഓടിക്കരുതെന്നും വാടകയ്ക്ക് നല്‍കുന്ന ഇ-ബൈക്കുകളില്‍ ജിപിഎസ് സൗകര്യം ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുന്നതിന് പുറമെ വാഹനവും പിടിച്ചെടുക്കും.

Content Highlights: Abu Dhabi has enforced strict regulations on electric scooters and bikes across the city. The Integrated Transport Centre said the measures aim to enhance road safety and regulate usage in public spaces. Authorities added that penalties will be imposed for violations as part of efforts to ensure orderly and safe mobility for residents and visitors.

To advertise here,contact us