സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് ആശ്വാസം; പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ യുഎഇ

സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും അവരെ നിയമിക്കുന്ന കമ്പനികള്‍ക്കും ഇനി മുതല്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഇതിന്റെ ഭാഗമായി 'എമിറാത്തി വര്‍ക്ക് ബണ്ടില്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍' എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ സേവനം മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം ആരംഭിച്ചു. എല്ലാ നടപടികളും ഡിജിറ്റലായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.

സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. പഴയ രീതിയിലുള്ള പേപ്പര്‍ ജോലികള്‍ പൂര്‍ണമായും മാറി എല്ലാം ഇനി മുതല്‍ ഡിജിറ്റലാകും എന്നതാണ് എമിറാത്തി വര്‍ക്ക് ബണ്ടില്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍' എന്ന സംവിധാനത്തിന്റെ പ്രത്യേകത. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, പെന്‍ഷന്‍ അതോറിറ്റി, ദുബായിലെയും അബുദാബിയിലെയും ആരോഗ്യ മന്ത്രാലയങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ സരംഭം നടപ്പിലാക്കുന്നത്.

എമറാത്തിയായ ഒരു ഉദ്യോഗാര്‍ത്ഥി നഫീസ് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നത് വരെയുള്ള എല്ലാ നടപടി ക്രമങ്ങളും ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാകും. നഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ പെന്‍ഷനിലും ഇന്‍ഷുറന്‍സിലും ഓട്ടോമാറ്റിക്കായി പേര് ചേര്‍ക്കപ്പെടും എന്നതും പ്രത്യേകതയാണ്. ഇത് കമ്പനികള്‍ക്ക് സമയം ലാഭിക്കാനും കൃത്യമായ ഡാറ്റ കൈമാറാനും സഹായിക്കും. തൊഴിലുടമകള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നാണാണ് പുതിയ സംവിധാമെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അഭിപ്രായപ്പെട്ടു.

സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം കാര്യക്ഷമാക്കാനും സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും പുതിയ ഡിജിറ്റല്‍ സേവനത്തിലൂടെ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു. ജോലിയുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും ഡിജിറ്റല്‍ ആയി മാറുന്നതോടെ കൂടുതല്‍ സ്വദേശികള്‍ സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുമന്നും അധികൃതര്‍ കരുതുന്നു. ഇത് കൂടി മുന്നില്‍ കണ്ടാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: The UAE government has announced new measures to simplify procedures for nationals working in the private sector. The initiative aims to make administrative processes easier and provide greater support to citizens employed outside the public sector.

To advertise here,contact us