യുഎഇയിൽ ഇന്ന് ഐക്യദാർഢ്യ ദിനം; വർണാഭമായ കാഴ്ചകളുടെ സമയവും സ്ഥലവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇങ്ങനെ

അബുദബിയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തിന് ഇന്ന് നാല് വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ആഹ്വാനം

യുഎഇയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ആകാശ പ്രകടനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ പ്രമുഖ പൈലറ്റുമാർ അണിനിരക്കുന്ന 'ഐക്യദാർഢ്യ ദിനം' പരേഡ് ഇന്ന് എല്ലാ എമിറേറ്റുകളിലൂടെയും കടന്നുപോകും. വർണാഭമായ കാഴ്ചകളുടെ സമയവും സ്ഥലവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇപ്രകാരമാണ്.

യുഎഇയുടെ തീരപ്രദേശത്തിലൂടെ, തലസ്ഥാന നഗരിയിൽ നിന്ന് ആരംഭിച്ച് വടക്കൻ-കിഴക്കൻ എമിറേറ്റുകളിലൂടെ കടന്നുപോകുന്ന രീതിയിലാണ് ഈ പരേഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം ഈ പ്രകടനത്തെ രണ്ട് പ്രധാന ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യം രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ഹെലികോപ്റ്റർ പ്രദർശനവും അതിനുശേഷം 34 മിനിറ്റ് നീണ്ടുനിൽക്കുന്ന അതിവേഗ യുദ്ധവിമാനങ്ങളുടെ സമാപന പ്രകടനവും ഉണ്ടായിരിക്കും.

അബുദബി കോർണിഷ്, ദുബായ് കൈറ്റ് ബീച്ച് ആന്റ് ജെബിആർ, അൽ ഖവാസിം കോർണിഷ് (റാസൽഖൈമ), അംബ്രല്ല ബീച്ച് (ഫുജൈറ) എന്നിവടങ്ങളിൽ ഈ വർണാഭമായ കാഴ്ചകൾ കാണാൻ സാധിക്കും.

യുഎഇയില്‍ ഇന്ന് ഐക്യദാര്‍ഢ്യ ദിനം ആചരിക്കാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. അബുദബിയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തിന് ഇന്ന് നാല് വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ആഹ്വാനം.

എല്ലാ വര്‍ഷവും ജനുവരി 17ന്, യുഎഇയിലെ ജനങ്ങള്‍ കാണിക്കുന്ന ദൃഢനിശ്ചയം, ഐക്യം, ഐക്യദാര്‍ഢ്യം എന്നിവയെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നതായി ഷെയ്ഖ് ഹമദാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും ആഗോളതലത്തില്‍ അതിന്റെ സ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി എല്ലാവരും ദേശീയ പതാകയ്ക്ക് പിന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യുന്ന ദേശീയ ഗാനം കേള്‍ക്കാന്‍ ദേശീയ മാധ്യമങ്ങള്‍ പിന്‍തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു. 2022 ജനുവരി 17ന് ആയിരുന്നു ഹൂതി വിമതര്‍ അബുദബിയില്‍ ആക്രമണം നടത്തിയത്.

Content Highlights: The UAE is observing Solidarity Day today with a series of colourful events across different locations. Authorities have announced the timings and venues to help the public take part in the celebrations. The observance highlights unity and national spirit through coordinated visual displays and public programmes held in various emirates.

To advertise here,contact us