ഷാർജയുടെ വിവിധ ഭാ​ഗങ്ങളിൽ വൈദ്യുതി മുടങ്ങിയ സംഭവം; ഖേദം പ്രകടിപ്പിച്ച് അധികൃതർ

അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത് ചില ആശുപത്രികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുന്നതിനും കാരണമായി

ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങി. വാണിജ്യ കേന്ദ്രങ്ങളെയും പ്രധാന താമസ മേഖലകളെയും വൈദ്യുതി തടസം സാരമായി ബാധിച്ചു. ഒന്നരമണിക്കൂറിന് ശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തര പ്രതിരോധ സംവിധാനം പ്രവര്‍ത്തിച്ചതോടെയാണ് ഷാര്‍ജയില്‍ അപ്രതീക്ഷിതമായി വൈദ്യുതി തടസ്സം നേരിട്ടത്. അല്‍ നഹ്ദ, അല്‍ താവൂന്‍, ബുഹൈറ കോര്‍ണിഷ്, മുവൈല, അല്‍ സഹിയ, കല്‍ബ, അല്‍ മജാസ് തുടങ്ങിയ ഇടങ്ങളില്‍ പ്രാദേശിക സമയം 12.30ഓടെയാണ് വൈദ്യുതി നിലച്ചത്.

എമിറേറ്റിലെ പ്രമുഖ ഷോപ്പിങ് മാളായ സഹാറ സെന്റര്‍, ഷാര്‍ജ സിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള വാണിജ്യ കേന്ദ്രങ്ങളെയും പ്രധാന താമസ മേഖലകളെയും വൈദ്യുതി തടസം സാരമായി ബാധിച്ചു. അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത് ചില ആശുപത്രികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുന്നതിനും കാരണമായി.

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷക്കും വൈദ്യുതി തടസം പ്രതിസന്ധി സൃഷ്ടിച്ചു. ചില സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി താമസക്കാര്‍ ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടു. ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ ഉച്ചക്ക് 2.20 ഓടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. തടസം നേരിട്ടതില്‍ ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു.

Content Highlights: Authorities have expressed regret over the power disruption reported in various parts of Sharjah. Officials stated that the outage was due to technical issues and that swift measures were taken to restore electricity supply. They also assured residents that steps are being implemented to prevent similar incidents in the future.

To advertise here,contact us