യുഎഇയിൽ സ്വർണവില കുതിച്ചുയരുമ്പോൾ പുതിയ നീക്കങ്ങളുമായി ജ്വല്ലറി ഉടമകൾ. കൂടുതൽ സ്വർണം വാങ്ങുന്നതിന് പകരം ഒരു നിശ്ചിത തുകയ്ക്ക് ബഡ്ജറ്റിൽ സ്വർണം വാങ്ങുന്നതിനാണ് ജ്വല്ലറി ഉടമകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎഇയിൽ സ്വർണവില കഴിഞ്ഞ മാസം എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 445 ദിർഹവും 25 ഫിൽസുമായിരുന്നു ഏറ്റവും ഉയർന്ന നിരക്കിലെത്തിയ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 412 ദിർഹവും 25 ഫിൽസുമെന്ന നിലയിലും വില ഉയർന്നിരുന്നു. നിലവിലെ വില ഈ നിരക്കിനടുത്താണ്.
അതിനിടെ സ്വർണവില കുതിക്കുന്ന സാഹചര്യത്തിലും ഉപഭോക്താക്കൾ സ്വർണം വാങ്ങുന്നതിൽ നിന്ന് പിന്നോട്ടുപോകുന്നില്ലെന്ന് കല്യാൺ ജ്വല്ലേഴ്സിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ രമേഷ് കല്യാണരാമൻ പറയുന്നു. എന്നാൽ തൂക്കത്തിന് പകരം ഒരു നിശ്ചിത തുകയ്ക്ക് ആഭരണങ്ങൾ വാങ്ങുവാനാണ് ആളുകൾ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് ആഭരണങ്ങൾ വാങ്ങാൻ സഹായിക്കുകയാണ് വേണ്ടത്. പഴയ ആഭരണങ്ങൾ മാറ്റി പുതിയ ഡിസൈനുകൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. കൈവശമുള്ള ആഭരണങ്ങൾ ബുദ്ധിപൂർവ്വം ഉപയോഗിക്കുന്ന രീതിയാണ് ആളുകൾ സ്വീകരിക്കുന്നത്. രമേഷ് കല്യാണരാമൻ വ്യക്തമാക്കി.
ഒക്ടോബറിൽ വരാനിരിക്കുന്ന ദീപാവലി, ധൻതേരാസ് തുടങ്ങിയ ആഘോഷങ്ങളിലും ജ്വല്ലറി വ്യാപാരികൾ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ഈ സമയങ്ങളിൽ ഹിന്ദു മതവിശ്വാസികളായ ഏഷ്യക്കാർ സ്വർണാഭരണങ്ങൾ സമ്മാനമായി നൽകുന്നത് യുഎഇയിലെ ജ്വല്ലറി വിൽപ്പന വർദ്ധിപ്പിക്കാൻ സഹായിക്കും. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കനുസരിച്ച്, ഞായറാഴ്ച 21 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 394 ദിർഹവും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 338 ദിർഹവും വിലയാണുള്ളത്.
Content Highlights: Jewellery shoppers focus on budget rather than weight in UAE