
ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജ് പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ ശ്രദ്ധ നേടുകയാണ്. ദുബായ് സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് കാണിക്കുന്ന വീഡിയോയാണിത്. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു നടന്നുപോകുന്നതിന്റെ വീഡിയോ ആണ് അവർ പങ്കുവെച്ചത്. ലോകത്ത് മറ്റൊരിടത്തും ഇത് സാധ്യമാകില്ലെന്നാണ് അവർ വീഡിയോയിൽ പറയുന്നു.
'കൂട്ടുകാരേ, സമയം ഇപ്പോൾ പുലർച്ചെ 2.37 ആണ്, ഞാൻ തനിച്ച് റോഡിലൂടെ നടക്കുകയാണ്. ഇത് ലോകത്ത് ഒരിടത്ത് മാത്രമെ സാധ്യമാകൂ. അത് ദുബായിലാണ്. ഹബീബി കം ടു ദുബായ്, ഇവിടെ സ്ത്രീകൾക്ക് വളരെ സുരക്ഷിതമാണ്,' തൃഷ രാജ് വീഡിയോയിൽ പറയുന്നു.
വീഡിയോ പങ്കുവെച്ചുകൊണ്ട് തൃഷ രാജ് ഇങ്ങനെ എഴുതി, 'ഇന്ത്യയിൽ ഒരു പെൺകുട്ടിയായി വളർന്നപ്പോൾ എനിക്ക് എപ്പോഴും പരിമിതികൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് രാത്രിയിൽ പുറത്തുപോകുന്ന കാര്യത്തിൽ. സുരക്ഷിതത്വം തോന്നാൻ ഞങ്ങൾക്ക് സഹോദരന്മാരെയോ പുരുഷ സുഹൃത്തുക്കളെയോ കൂടെ കൂട്ടേണ്ടിയിരുന്നു. എന്നാൽ ദുബായിൽ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്.'
'കഴിഞ്ഞ ദിവസവും രാത്രി, 2.37-ന് ഞാൻ തനിച്ചു നടന്നു. എൻ്റെ നാട്ടിൽ എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കാര്യമാണിത്. എനിക്കൊരു ഭയവും തോന്നിയില്ല, തലതാഴ്ത്തി നടന്നില്ല! എനിക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും സ്വാതന്ത്ര്യവും തോന്നി. പെൺകുട്ടികളെ, നിങ്ങൾ ഭയമില്ലാതെ രാത്രി ആസ്വദിച്ച് ഒരു സ്വതന്ത്ര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദുബായ് നിങ്ങൾക്ക് അത് നൽകും,' അവർ കൂട്ടിച്ചേർത്തു.
വീഡിയോ അതിവേഗം സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഇതോടെ തൃഷ രാജിന്റെ പ്രസ്താവനയെ എതിർത്തുകൊണ്ടും ആളുകൾ രംഗത്തെത്തി. മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളും സുരക്ഷിതമാണെന്ന് ചിലർ പ്രതികരിച്ചു. 'മുംബൈയിൽ വന്നാൽ നിങ്ങൾക്ക് രാത്രി മുഴുവൻ നടക്കാം. ഒരു പ്രശ്നവുമില്ല,' ഒരാൾ എഴുതി.
'ദുബായിൽ മാത്രമാണ് ഞങ്ങൾ വ്യത്യസ്ത ഷിഫ്റ്റുകളിലായി 24 മണിക്കൂറും ആറ് ദിവസവും ജോലി ചെയ്യുന്നത്. കൂടുതലും 12 മണിക്കൂർ ജോലി ചെയ്യും. കാരണം ഞങ്ങൾ ഓഫീസിലാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്,' മറ്റൊരാൾ അഭിപ്രായപ്പെട്ടു.
'ചെന്നൈയിലും നമുക്കിത് സാധിക്കും. രാവിലെ നാല് മണിക്ക് ഞാൻ തനിച്ചാണ് ഓടാൻ പോകാറുള്ളത്, ഒരു തവണ പോലും എനിക്ക് സുരക്ഷിതമല്ലാത്തതായി തോന്നിയിട്ടില്ല. അത്രയ്ക്ക് സുരക്ഷിതമാണ് ചെന്നൈ.' വേറൊരാൾ പ്രതികരിച്ചു.
Content Highlights: Indian woman hails Dubai’s safety while walking alone at midnight