വിദ്യാർത്ഥികളുടെ ഡിജിറ്റൽ പണമിടപാടുകൾ സുരക്ഷിതമാക്കണം; മുന്നറിയിപ്പുമായി യുഎഇ

'കുട്ടികളുടെ ഡിജിറ്റൽ ഇടപാടുകൾ മാതാപിതാക്കൾ നിരീക്ഷിക്കണം. അനാവശ്യമായ വിഭാ​ഗങ്ങൾ ബ്ലോക്ക് ചെയ്യണം'

യുഎഇയിൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ രൂപത്തിൽ പോക്കറ്റ് മണി നൽകുന്ന മാതാപിതാക്കൾക്ക് മുന്നറയിപ്പുമായി ആഗോള സൈബർ സുരക്ഷാ, ഡിജിറ്റൽ സ്വകാര്യതാ കമ്പനിയായ കാസ്പെർസ്കി. കുട്ടികളെ ഓൺലൈൻ ഇടപാടുകളുടെ സുരക്ഷയെക്കുറിച്ച് പഠിപ്പിക്കണമെന്നാണ് ഇവർ മുന്നറയിപ്പ് നൽകുന്നത്.

ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ എളുപ്പമുള്ളതിനാലാണ് മാതാപിതാക്കൾ ഈ രീതി തിരഞ്ഞെടുക്കുന്നതെന്നാണ് ആഗോള സൈബർ സുരക്ഷാ, ഡിജിറ്റൽ സ്വകാര്യതാ കമ്പനിയായ കാസ്പെർസ്കി അഭിപ്രായപ്പെടുന്നത്. കാസ്പെർസ്കിയുടെ ആവശ്യപ്രകാരം ടൊലൂണ എന്ന ഗവേഷണ സ്ഥാപനം 2024-ൽ നടത്തിയ ഒരു പഠനത്തിൽ ‌76 ശതമാനം കുട്ടികൾക്കും സ്വന്തമായി ഫോണോ ടാബ്‌ലറ്റോ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളുണ്ട്. എന്നാൽ സർവ്വേയിൽ പങ്കെടുത്ത 31 ശതമാനം രക്ഷിതാക്കളും കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ കാരണം പണം നഷ്ടപ്പെട്ടതായി വെളിപ്പെടുത്തി. കൂടാതെ, 19 ശതമാനം പേർ കുട്ടിയുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ വൈറസ് ബാധയുണ്ടായതായും റിപ്പോർട്ട് ചെയ്തു.

കുട്ടികളുടെ ഡിജിറ്റൽ ഇടപാടുകൾ മാതാപിതാക്കൾ നിരീക്ഷിക്കണം. അനാവശ്യമായ വിഭാ​ഗങ്ങൾ ബ്ലോക്ക് ചെയ്യണം. ഓൺലൈൻ സ്റ്റോറുകൾക്ക് ദുരുപയോഗം ചെയ്യാൻ എളുപ്പമുള്ളതിനാൽ ഒരു സൈബർ സുരക്ഷാ സംവിധാനം ഇൻസ്റ്റാൾ ചെയ്യണമെന്നും വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

ഓൺലൈൻ പർച്ചേസുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ സംവിധാനം പ്രവർത്തിപ്പിക്കണമെന്നതാണ് കാസ്പെർസ്കിയിലെ വിദഗ്ധർ നൽകുന്ന മറ്റൊരു നിർദ്ദേശം. ശക്തമായ പാസ്‌വേഡുകളുടെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുന്നത് അവരുടെ സാമ്പത്തിക കാര്യങ്ങളും ഓൺലൈൻ സാന്നിധ്യവും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർ​ഗമാണ്. കൂടാതെ, അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം തടസപ്പെട്ടാൽ പാസ്‌വേഡ് മാനേജർ ഉപയോഗിക്കുന്നത് സഹായകമാകും.

വരുമാനം കൈകാര്യം ചെയ്യുന്ന രീതി മാത്രമല്ല കുട്ടികൾ പഠിക്കേണ്ടത്. അവരുടെ പണം ഇപ്പോൾ ഡിജിറ്റൽ രൂപത്തിലാണ്. അതുകൊണ്ട് തന്നെ കുട്ടികൾ പണം ചെലവഴിക്കാൻ സാധ്യതയുള്ളത് ഗെയിമുകളിലും ആപ്പുകളിലും ഡിജിറ്റൽ വാലറ്റുകളിലുമാണ്. സൈബർ സുരക്ഷയെക്കുറിച്ച് അറിവില്ലെങ്കിൽ, ഈ പാഠങ്ങൾ പൂർണ്ണമാവില്ല. തട്ടിപ്പുകൾ തിരിച്ചറിയാനും അക്കൗണ്ടുകൾ സുരക്ഷിതമാക്കാനും സുരക്ഷിതമായ പേയ്മെന്റ് ടൂളുകൾ ഉപയോഗിക്കാനും കുട്ടികളെ പഠിപ്പിക്കുന്നത് പണത്തിന്റെ മൂല്യം പഠിപ്പിക്കുന്നതുപോലെ തന്നെ പ്രധാനമാണെന്ന് കാസ്പെർസ്കി വിദഗ്ധർ വ്യക്തമാക്കി.

Content Highlights: UAE on how to protect kids' e-money

To advertise here,contact us