സൗദി അറേബ്യയിൽ ഹൂതി ആക്രമണവും പ്രതിരോധവും നടക്കുന്നതിനിടെയിലും നുഴഞ്ഞു കയറ്റം സജീവം. കഴിഞ്ഞ ആഴ്ചയിലും താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനായി സുരക്ഷാ സേനയുടെ പരിശോധന ശക്തമായിരുന്നു. രാജ്യവ്യാപകമായി നടത്തിയ കർശന പരിശോധനകളിൽ 10,000-ക്കണക്കിന് പ്രവാസികളാണ് പിടിയിലായത്. നിയമനടപടികൾ പൂർത്തിയാക്കി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച എഴായിരത്തിലധികം പേരെ ഒരു ആഴ്ചയ്ക്കുള്ളിൽ നാടുകടത്തിയതായി അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ മാത്രം നടത്തിയ പരിശോധനകളിൽ 13,905 നിയമലംഘകരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇതിൽ 6,500-ലധികം പേർ താമസ നിയമലംഘനത്തിനും 3,800-ലധികം പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ തെറ്റിച്ചതിനും 3,400-ലേറെ പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനുമാണ് പിടിയിലായത്. മുൻ ആഴ്ചകളിൽ നടപടികൾ നേരിട്ട 7,934 പേരെ ഇതിനോടകം തന്നെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തിക്കഴിഞ്ഞു.
അതിർത്തി വഴി സൗദിയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 1,881 പേരെയും നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 22 പേരെയും സുരക്ഷാ വിഭാഗം പിടികൂടി. നിലവിൽ 37,000-ത്തിലധികം പ്രവാസികളാണ് വിവിധ ശിക്ഷാ നടപടികൾ നേരിടുന്നത്. യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 20,000-ത്തോളം പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. കൂടാതെ നിയമലംഘകർക്ക് താമസസൗകര്യവും യാത്രാസൗകര്യവും നൽകിയ 21 പേരും അറസ്റ്റിലായിട്ടുണ്ട്.
അനധികൃതമായി താമസിക്കുന്നവർക്ക് സഹായം നൽകുകയോ ജോലി നൽകുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ളത്. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും നേരിടേണ്ടിവരും. ഇവരുടെ വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യവ്യാപക പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും സംശയകരമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
Content Highlights: Saudi Arabia deported 7,934 residency, labour and border security violators in one week as authorities arrested nearly 13,905 people during nationwide inspections