പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ-യുഎസ് യുദ്ധസാഹചര്യങ്ങൾ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ആഗോള എണ്ണവിപണിയിൽ സ്വാധീനം ഉറപ്പിച്ച് സൗദി അറേബ്യ. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് രാജ്യത്തിന്റെ അസംസ്കൃത എണ്ണ കയറ്റുമതിയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ആദ്യ പകുതിയിൽ സൗദിയുടെ അസംസ്കൃത എണ്ണ കയറ്റുമതി പ്രതിദിനം 55.5 ലക്ഷം ബാരലായി ഉയർന്നതായി അന്താരാഷ്ട്ര മാരിടൈം ഡാറ്റാ ഏജൻസിയായ 'കെപ്ലർ' (Kpler) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളെയും സുരക്ഷാ വെല്ലുവിളികളെയും അതിജീവിച്ചാണ് സൗദി അരാംകോ ഈ മുന്നേറ്റം കൈവരിച്ചത്. ഒക്ടോബർ ഒന്ന് മുതൽ 15 വരെയുള്ള കണക്കുകൾ പ്രകാരം അറേബ്യൻ ഗൾഫ് തീരത്തെ പ്രധാന തുറമുഖമായ റാസ് തനൂറ വഴി പ്രതിദിനം ശരാശരി 29.8 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തു. ചെങ്കടൽ തീരത്തെ യാമ്പൂ തുറമുഖം വഴി പ്രതിദിനം 23.4 ലക്ഷം ബാരലും മറ്റ് ചെറിയ തുറമുഖങ്ങൾ വഴി 2.29 ലക്ഷം ബാരൽ എണ്ണയുമാണ് വിതരണം ചെയ്തത്.
കിഴക്കൻ പ്രവിശ്യയെ യാമ്പൂവുമായി ബന്ധിപ്പിക്കുന്ന 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ' കൃത്യമായി പ്രയോജനപ്പെടുത്തിയത് വിതരണ തടസ്സങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ സഹായിച്ചു. നേരത്തെ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ റാസ് തനൂറ വഴിയുള്ള കയറ്റുമതി തടസ്സപ്പെട്ടപ്പോൾ യാമ്പൂ തുറമുഖം വഴിയാണ് അരാംകോ എണ്ണ വിതരണം നടത്തിയത്. തുടർന്ന് യാമ്പൂ പൈപ്പ്ലൈന് നേരെ ഭീഷണിയുയർന്നപ്പോൾ കയറ്റുമതി സുഗമമായി വീണ്ടും റാസ് തനൂറയിലേക്ക് മാറ്റാനും കമ്പനിക്ക് സാധിച്ചു.
തന്ത്രപരമായ ഇത്തരം വിതരണ ശൃംഖലാ നീക്കങ്ങളിലൂടെയും ബദൽ മാർഗ്ഗങ്ങളിലൂടെയും ആഗോള എണ്ണവിപണിയിലെ തങ്ങളുടെ വിശ്വസ്തതയും ആധിപത്യവും നിലനിർത്താൻ സൗദി അറേബ്യയ്ക്ക് വീണ്ടും സാധിച്ചിരിക്കുകയാണ്.
Content Highlights: Saudi Arabia’s crude oil exports rose 7.9% in August to 4.451 million barrels per day, reaching their highest level since March, despite regional instability and disruptions to oil shipping routes.