സൗദിയിൽ നടക്കാനിരുന്ന 'സിക്സ് കിംഗ്സ് സ്ലാം' ടെന്നീസ് ടൂർണമെന്റ് മാറ്റിവെച്ചു; മത്സരങ്ങൾ ഡിസംബർ അവസാന വാരം

ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാർ, പങ്കാളികൾ, കായികപ്രേമികൾ എന്നിവരുടെ സഹകരണത്തിന് സംഘാടകർ നന്ദി രേഖപ്പെടുത്തി

സൗദി അറേബ്യയിൽ വെച്ച് നടക്കാനിരുന്ന 'സിക്സ് കിംഗ്സ് സ്ലാം' ടെന്നിസ് ടൂർണമെന്റിന്റെ മൂന്നാം പതിപ്പ് മാറ്റിവെച്ചു. ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ സാങ്കേതികവും സംഘാടനപരവുമായ കാരണങ്ങളാൽ ഡിസംബറിലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. റിയാദ് സീസണിന്റെ ഭാഗമായി ഒക്ടോബർ 21 മുതൽ 24 വരെ നടക്കേണ്ടിയിരുന്ന മത്സരം, പുതിയ തീയതി പ്രകാരം 2026 ഡിസംബർ 27 മുതൽ 30 വരെയായിരിക്കും അരങ്ങേറുക. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ ആണ് ടൂർണമെന്റ് മാറ്റിവെച്ച വിവരം സ്ഥിരീകരിച്ചത്.

മത്സരങ്ങളുടെ ലോകോത്തര നിലവാരം ഉറപ്പാക്കുന്നതിനും കാണികൾക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനുമായി നടത്തിയ ലോഗിസ്റ്റിക്, സംഘാടക അവലോകനങ്ങൾക്കൊടുവിലാണ് തീയതി മാറ്റാൻ തീരുമാനിച്ചതെന്ന് റിയാദ് സീസൺ വ്യക്തമാക്കി. റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ സമീപകാല മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്നുള്ള സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് സൂചനയുണ്ടെങ്കിലും സംഘാടകർ ഇത് ഔദ്യോഗികമായി മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടില്ല. ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാർ, പങ്കാളികൾ, കായികപ്രേമികൾ എന്നിവരുടെ സഹകരണത്തിന് സംഘാടകർ നന്ദി രേഖപ്പെടുത്തി.

സൗദി അരാംകോ അവതരിപ്പിക്കുന്ന സിക്സ് കിംഗ്സ് സ്ലാം, എടിപി റാങ്കിംഗ് പോയിന്റുകൾ നൽകുന്നില്ലെങ്കിലും ടെന്നീസ് ലോകത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന പ്രദർശന ടൂർണമെന്റുകളിൽ ഒന്നാണ്. 2024-ൽ ആരംഭിച്ച ഈ ടൂർണമെന്റിന്റെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഇറ്റാലിയൻ താരം യാനിക് സിന്നറാണ് ചാമ്പ്യനായത്. കാർലോസ് അൽക്കാറാസിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് രണ്ട് തവണയും സിന്നർ ആറ് ദശലക്ഷം ഡോളർ വീതം സമ്മാനത്തുക കരസ്ഥമാക്കിയത്.

Content Highlights: Saudi Arabia has postponed the Six Kings Slam tennis tournament from October to December 27–30, 2026, citing organisational and logistical challenges.

To advertise here,contact us