റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള് നടത്തിയ തുടര്ച്ചയായ ആക്രമണത്തിന് പിന്നാലെ ഒരാഴ്ചയ്ക്കിടെ സൗദിയിലേക്കും തിരിച്ചും റദ്ദാക്കിയത് 3000ത്തോളം വിമാന സര്വീസുകള്. വ്യോമയാന അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ കണക്കുകള് പ്രകാരം ഇന്ന് മാത്രം സര്വീസ് നടത്തേണ്ട 300ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.
ഇന്ന് സൗദിയില് നിന്ന് പുറപ്പെടേണ്ട 1097 വിമാനങ്ങളില് 313 എണ്ണമാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന 1058 വിമാനങ്ങളില് 556 വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഒക്ടോബര് 12ന് മാത്രം 1048 വിമാനങ്ങളില് 632 എണ്ണമാണ് റദ്ദാക്കിയത്. അതായത് സര്വീസ് നടത്തേണ്ട വിമാനങ്ങളില് 60 ശതമാനവും റദ്ദാക്കി. ഒക്ടോബര് എട്ട് മുതല് 14വരെ 3100ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. സര്വീസ് നടത്തേണ്ട വിമാനങ്ങളില് 40 ശതമാനവും ഇക്കാലയളവില് റദ്ദാക്കി.
ഒക്ടോബര് എട്ടിനും 13നുമിടയില് സൗദിയിലെ പ്രമുഖ വിമാനക്കമ്പനികളില് വലിയ തോതില് സര്വീസുകള് മുടങ്ങിയിരുന്നു. സൗദിയ എയര്ലൈന്സിന്റെ 2273 സര്വീസുകളില് 1091 എണ്ണവും ഫ്ളൈനാസിന്റെ 1183ല് 564 എണ്ണവും ഫ്ളൈഅഡീലിന്റെ 975ല് 496 സര്വീസുകളും റിയാദ് എയറിന്റെ 113ല് 80 സര്വീസുകളും റദ്ദാക്കി.
വിമാനത്താവളങ്ങളില് ഏറ്റവും കൂടുതല് സര്വീസുകള് റദ്ദാക്കിയത് ആക്രമണം നടന്ന റിയാദ് വിമാനത്താവളത്തില് തന്നെയാണ്. റിയാദ് വിമാനത്താവളത്തില് 88 ശതമാനം സര്വീസുകളാണ് ഇക്കാലയളവില് മുടങ്ങിയത്. ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില് 50 ശതമാനം, ജിദ്ദ കിങ് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില് 28 ശതമാനം, മദീന പ്രിന്സ് മുഹമ്മദ് ബിന് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില് 21 ശതമാനം സര്വീസുകളും മുടങ്ങി. മറ്റ് ചെറിയ വിമാനത്താവളങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. അബ വിമാനത്താവളത്തില് 57 ശതമാനം, തബൂക്കില് 40 ശതമാനം, തായിഫില് 66 ശതമാനം സര്വീസുകളും റദ്ദാക്കി.
ഒക്ടോബര് എട്ടിന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള് നടത്തിയ ആക്രമണത്തില് മൂന്ന് സൗദി പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര് 10ന് നടത്തിയ രണ്ടാമത്തെ ആക്രമണത്തില് 12 പേര് കൊല്ലപ്പെടുകയും 309 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഒക്ടോബര് 11ന് നടത്തിയ ആക്രമണത്തില് ഒരു പാക് പൗരന് കൊല്ലപ്പെടുകയും 11 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. നിലവില് ഒക്ടോബര് 17 വരെ കിങ് ഖാലിദ് വിമാനത്താവളം അടച്ചിരിക്കുകയാണ്.
Content Highlights: Saudi Arabia Cancels Nearly 3,000 Flights in a Week After Houthi incident