അവധിക്കുശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ മലയാളി നഴ്സ് ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഫിലോമിനയെയാണ് കാണാതായത്. ഇവരുടെ ലഗേജിൽ സൗദി അറേബ്യയിൽ നിരോധിച്ച മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ തടഞ്ഞുവെച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
കഴിഞ്ഞ മൂന്നുവർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഒക്ടോബർ 10-ന് ബെംഗളൂരുവിൽ നിന്നാണ് ഇവർ സൗദിയിലേക്ക് വിമാനം കയറിയത്. ജിദ്ദയിൽ വിമാനമിറങ്ങിയ ശേഷം കണക്ഷൻ ഫ്ലൈറ്റ് മാർഗ്ഗം റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ ജിദ്ദ എയർപോർട്ടിലെത്തിയ ശേഷം ഫിലോമിനയെ ഫോണിലോ മറ്റ് മാർഗ്ഗങ്ങളിലോ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം വലിയ ആശങ്കയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് സൗദി പൊലീസിന്റെ നടപടിയെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്.
സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുമ്പോൾ കയ്യിൽ മരുന്നുകൾ കരുതുന്നവർക്ക് കർശന നിയമങ്ങളാണ് രാജ്യത്തുള്ളത്. നിശ്ചിത അളവിലുള്ള മരുന്നുകൾ കൊണ്ടുപോകുന്നതിനായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (SFDA) കണ്ട്രോൾഡ് ഡ്രഗ് സിസ്റ്റം (CDS) പോർട്ടൽ വഴി യാത്രക്കാർ മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്ത് പെർമിറ്റ് കരസ്ഥമാക്കേണ്ടതുണ്ട്. ഇത്തരം അനുമതി പത്രമില്ലാതെ കൊണ്ടുപോകുന്ന മരുന്നുകൾ ലഗേജിൽ കണ്ടെത്തിയാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. കേസിൻ്റെ കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ കോൺസുലേറ്റ് തലത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Malayali nurse Philomina from Wayanad is reportedly in Saudi police custody in Jeddah after prohibited medicines were allegedly found in her luggage. Official details are awaited.