സൗദിയുടെ എണ്ണ പെെപ്പ്ലെെനുകൾക്ക് നേരെ ഇറാഖിൻ്റെ ​ഡ്രോൺ ​ആക്രമണം ; പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

അമേരിക്ക-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും രൂക്ഷമായ സാഹചര്യത്തിൽ സൗദിയുടെ എണ്ണ കയറ്റുമതിക്ക് ഉപയോഗിച്ചിരുന്ന ബദൽ മാർഗമാണ് ഈ പെെപ്പ് ലെെനുകൾ

സൗദി അറേബ്യയുടെ എണ്ണ പെെപ്പ്ലെെനുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായി സൗദി സ്ഥിരീകരിച്ചു. സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പെെപ്പ് ലെെനുകൾക്ക് നേരെയാണ് ഇറാഖിൽ നിന്നുമുള്ള ഒന്നിലധികം ഡ്രോണുകൾ പതിച്ച് ആക്രമണം നടന്നിരിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും പെെപ്പ് ലെെനിന് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം റിയാദ്, മദീന മേഖലകളിലെ എണ്ണ പൈപ്പ്‌ലൈനുകൾ ലക്ഷ്യമാക്കി നടന്ന ആക്രമണത്തെ തുടർന്ന് മുൻകരുതൽ നടപടിയായി പൈപ്പ്‌ലൈൻ പ്രവർത്തനം നിർത്തിവച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. അടിയന്തര സാങ്കേതിക സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും പൈപ്പ്‌ലൈനിന്റെ നിലവിലെ സ്ഥിതി വിലയിരുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് നിലവിൽ തിരിച്ചടി നടപടികൾ സ്വീകരിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ നിന്നും സൗദിയേയും അയൽ രാജ്യങ്ങളെയും ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇറാഖിന് അവസരം നൽകുന്നതിന്റെ ഭാ​ഗമാണ് ഈ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പ്രധാന സൗകര്യങ്ങൾ, പൗരന്മാർ, താമസക്കാർ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

അമേരിക്ക-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും രൂക്ഷമായ സാഹചര്യത്തിൽ സൗദിയുടെ എണ്ണ കയറ്റുമതിക്ക് ഉപയോഗിച്ചിരുന്ന ബദൽ മാർഗമാണ് ഈ പെെപ്പ് ലെെനുകൾ. പ്രതിദിനം ഏകദേശം 50 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സൗദി ഈ പൈപ്പ്‌ലൈൻ വഴി ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഉൽപാദിപ്പിക്കുന്ന എണ്ണ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി കയറ്റുമതി ചെയ്യാനുള്ള പ്രധാന ബദൽ മാർഗമാണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ.

Content Highlight: Saudi Arabia has temporarily suspended operations on its East-West oil pipeline while authorities assess the situation and carry out necessary technical measures.

To advertise here,contact us