സൗദി അറേബ്യയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

പ്രത്യേകിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും മഴ ഏറ്റവും രൂക്ഷമാകുക.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മിതമായത് മുതൽ കനത്ത മഴ വരെ ലഭിച്ചേക്കും. പ്രത്യേകിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും മഴ ഏറ്റവും രൂക്ഷമാകുക.

ജാസാൻ, അസീർ, അൽ ബാഹ, മക്കയുടെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അബഹ, ഖമീസ് മുശൈത്ത്, സബ്യ, സമത തുടങ്ങിയ മേഖലകളിൽ മഴ കടുക്കും. അൽ ബാഹ, തായിഫ്, മൈസാൻ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ബുധൻ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ നജ്റാൻ, റിയാദിന്റെ തെക്കൻ ഭാഗങ്ങളായ വാദി അദ്ദവാസിർ, അൽ സുലൈയിൽ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മഴയ്ക്കൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററിലധികം വേഗതയിൽ ശക്തമായ കാറ്റുവീശാനും പൊടിച്ചാറ്റിനും സാധ്യതയുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ 50 മില്ലീമീറ്ററിലധികം മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ താഴ്വരകളിൽ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയേറെയാണ്. പ്രക്ഷുബ്ധമായ കടൽ കാരണം തീരദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. നിലവിലുള്ള കാലാവസ്ഥാ വ്യതിയാനം അടുത്ത ആഴ്ച അവസാനത്തോടെയും തുടർന്നേക്കുമെന്നാണ് പ്രാഥമിക സൂചനകൾ.

സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയും 'അൻവാ' (Anwa) ആപ്പിലൂടെയും നൽകുന്ന തത്സമയ മുന്നറിയിപ്പുകൾ നിരീക്ഷിക്കണമെന്നും സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഭരണകൂടം അഭ്യർത്ഥിച്ചു.

Content Highlights: Saudi Arabia’s weather centre has warned of the possibility of heavy rain and thunderstorms in parts of the country. Authorities have issued a precautionary advisory, urging residents and the public to stay alert and follow official weather updates.

To advertise here,contact us