ബുർജ് ഖലീഫയെ മറികടക്കാൻ 'ജിദ്ദ ടവർ'; നിർമ്മാണം അതിവേ​ഗം പുരോ​ഗമിക്കുന്നു

സൗദിയുടെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകളിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യയിലെ 'ജിദ്ദ ഇക്കണോമിക് സിറ്റി ടവർ'. നിലവിൽ ലോകത്തെ ഏറ്റവും ഉയർന്ന നിർമ്മിതിയായ ദുബായിലെ ബുർജ് ഖലീഫയെ മറികടക്കുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തുന്ന ഈ ബൃഹത്തായ കെട്ടിടത്തിന്റെ നിർമ്മാണം ഇപ്പോൾ 430 മീറ്റർ ഉയരം പിന്നിട്ടിരിക്കുകയാണ്.

ദുബായിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഉയരം 828 മീറ്ററാണ് (2,716.5 അടി). 163 നിലകളാണ് ഈ കെട്ടിടത്തിലുള്ളത്. നിർമ്മാണം പൂർത്തിയാകുമ്പോൾ 1,000 മീറ്ററിലധികം (1 കിലോമീറ്റർ) ഉയരമാണ് ജിദ്ദ ടവറിന് ഉണ്ടാകാൻ പോകുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയർന്ന ആകാശചുംബിയായി ജിദ്ദ ടവർ മാറും.

ജിദ്ദ ടവറിൻ്റെ പ്രധാന നിക്ഷേപകനായ പ്രമുഖ സൗദി വ്യവസായി അൽവലീദ് ബിൻ തലാൽ രാജകുമാരൻ നിർമ്മാണ സ്ഥലം നേരിട്ട് സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തു. ടവറിന്റെ 40 ശതമാനത്തിലധികം നിർമ്മാണ ജോലികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

ആഡംബര റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, പഞ്ചനക്ഷത്ര ഹോട്ടൽ, അത്യാധുനിക ഓഫീസ് മുറികൾ എന്നിവയ്ക്ക് പുറമെ ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നും ഈ മെഗാ ടവറിൽ സജ്ജീകരിക്കും. ജിദ്ദ ഇക്കണോമിക് കമ്പനി, കിംഗ്ഡം ഹോൾഡിംഗ് കമ്പനി, സൗദി ബിൻലാഡിൻ ഗ്രൂപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് 57 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഈ ഭീമാകാരമായ പ്രൊജക്ട് ഒരുങ്ങുന്നത്. സൗദിയുടെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകളിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Construction of the Jeddah Tower in Saudi Arabia is advancing at a rapid pace. Once completed, the skyscraper is expected to overtake Dubai's Burj Khalifa as the world's tallest building, marking a new milestone in global architecture.

To advertise here,contact us