മരുഭൂമിയായി മാറിയ ഒരു ദശലക്ഷം ഹെക്ടർ ഭൂമി ഹരിതാഭമാക്കി മാറ്റി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് സൗദി അറേബ്യ. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി രാജ്യത്തുടനീളം 15.9 കോടിയിലധികം മരങ്ങൾ വെച്ചുപിടിപ്പിച്ചാണ് ഈ അഭിമാനാർഹമായ നേട്ടം സൗദി കൈവരിച്ചത്. 2021-ൽ ആരംഭിച്ച പദ്ധതിയുടെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നാണിത്. രാജ്യത്തുടനീളം 40 ദശലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുക്കാനും 10 ബില്യൺ മരങ്ങൾ വെച്ചുപിടിപ്പിക്കാനുമാണ് പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്.
രൂക്ഷമായ വരൾച്ചയും മരുഭൂകരണവും നേരിടുന്ന മറ്റ് ജലക്ഷാമമുള്ള രാജ്യങ്ങൾക്ക് വലിയ മാതൃകയാവുകയാണ് സൗദി അറേബ്യയുടെ ഈ പദ്ധതി. എന്നാൽ ലക്ഷ്യമിട്ടിരിക്കുന്ന 40 ദശലക്ഷം ഹെക്ടറുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ദശലക്ഷം ഹെക്ടർ എന്നത് ചെറിയൊരു ഭാഗം മാത്രമാണ്. എങ്കിലും വരുംകാലങ്ങളിൽ ഈ വേഗത നിലനിർത്തി പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് സൗദി ലക്ഷ്യമിടുന്നത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി 2021-ലാണ് സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ആരംഭിച്ചത്.
പദ്ധതിയുടെ തുടക്കം മുതൽ തന്നെ മരംനടിയും വനവൽക്കരണവുമാണ് സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ പ്രധാന ഭാഗം. ഹൈവേ നെറ്റ്വർക്കുകളിൽ ലക്ഷക്കണക്കിന് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് മുതൽ ഡസൻ കണക്കിന് സ്ഥലങ്ങളിൽ മേച്ചിൽപ്പുറങ്ങൾ പുനഃസ്ഥാപിക്കുന്നത് വരെയുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ശുദ്ധജലത്തിന് പകരം സംസ്കരിച്ച മാലിന്യ ജലമാണ് ഇതിൽ പല പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നത്. റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ തോതിലുള്ള മരംനടിയോടൊപ്പം പുതിയ പാർക്കുകളും ഹരിത ഇടങ്ങളും സൃഷ്ടിച്ചുകൊണ്ടുള്ള നഗര ഹരിതവൽക്കരണ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. സർക്കാർ വകുപ്പുകൾ, സ്വകാര്യ കമ്പനികൾ, ലാഭേച്ഛയില്ലാത്ത സംഘടനകൾ എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഈ നേട്ടം വേഗത്തിലാക്കാൻ സഹായിച്ചത്.
ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ പോലും വലിയ തോതിലുള്ള ഭൂമി വീണ്ടെടുക്കൽ സാധ്യമാണെന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ടു കോംബാറ്റ് ഡിസെർട്ടിക്കേഷന്റെ (UNCCD) ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വരൾച്ചയും ഭൂമി നശീകരണവും ലോകജനസംഖ്യയുടെ പകുതിയോളത്തെ ബാധിക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടമെന്നത് ഏറെ ശ്രദ്ധേയമാണ്. ജലക്ഷാമമുള്ള ചുറ്റുപാടുകളിൽ പോലും വലിയ തോതിലുള്ള ഭൂമി വീണ്ടെടുക്കൽ സാധ്യമാണെന്ന് യുഎൻസിസിഡി (UNCCD) വിശേഷിപ്പിച്ചു. ശരിയായ നയങ്ങളും കൂട്ടായ പ്രവർത്തനങ്ങളും ഉണ്ടെങ്കിൽ പാരിസ്ഥിതിക വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ രാജ്യങ്ങൾക്ക് കഴിയുമെന്ന വ്യക്തമായ സന്ദേശമാണ് ഈ നാഴികക്കല്ല് നൽകുന്നതെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി പ്രതികരിച്ചു.
Content Highlights: Saudi Arabia has achieved a major environmental milestone by restoring around one million hectares of land and promoting greenery in desert regions. The initiative is part of the country’s efforts to combat desertification and support sustainable development.