'ഖത്തര്‍ ശത്രുതയുള്ള രാജ്യം'; രാജ്യത്തിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി നെതന്യാഹു

ഖത്തറിനെ കുറിച്ച് പറയുന്ന ഭാഗം നെതന്യാഹു തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

ഖത്തറില്‍ ബോംബാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ ശത്രുതയുള്ള രാജ്യമാണെന്നും ഗാസയുമായുള്ള യുദ്ധത്തില്‍ ഇസ്രയേല്‍ നയം നിര്‍ദ്ദേശിക്കാത്ത രാജ്യമാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിലെ ഐ23 ന്യൂസ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഖത്തറിനെ കുറിച്ച് പറയുന്ന ഭാഗം നെതന്യാഹു തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

'ഞാന്‍ ഖത്തറിനെ ആക്രമിച്ചു. ബോംബാക്രമണം നടത്തി. അവര്‍ എന്നെയും ആക്രമിച്ചു', നെതന്യാഹു പറഞ്ഞു. ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ട് ഒരു വര്‍ഷമാകുന്ന വേളയിലാണ് നെതന്യാഹുവിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിനാണ് ഇസ്രയേല്‍ ദോഹയില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ച് ഹമാസ് അംഗങ്ങളും ഖത്തറിലെ സുരക്ഷാ ഉദ്യോസ്ഥനും കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെ ഗാസ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിന് ഇടയിലേക്കായിരുന്നു ഇസ്രയേലിന്റെ ആക്രമണം.

അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ അമേരിക്കന്‍ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടായിരുന്നു എന്ന ഇറാന്റെ വാദങ്ങള്‍ തള്ളി ഖത്തര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനവാസ മേഖലകളിലും വാണിജ്യ-വ്യാവസായിക കേന്ദ്രങ്ങളിലും ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഖത്തറിന്റെ പ്രതികരണം. ഐക്യരാഷ്ട്രസഭയിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ കത്തുകളില്‍ ജനവാസ മേഖലകള്‍ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ 16 പേര്‍ക്ക് പരിക്കേറ്റതായും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ജൂലൈ 20നുണ്ടായ തുടര്‍ ആക്രമണങ്ങളില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റ കാര്യവും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ സമ്മേളനത്തിനായി തയ്യാറാക്കിയ സുരക്ഷാ റിപ്പോര്‍ട്ടിലെ ഒറ്റപ്പെട്ട വാചകങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ ഇറാന്‍ ശ്രമിക്കരുതെന്നും ഖത്തര്‍ ഓര്‍മ്മിപ്പിച്ചു.

Content Highlights: Israel Prime Minister Benjamin Netanyahu has spoken about Qatar

To advertise here,contact us