വെെദ്യുതി ബിൽ അടയ്ക്കാൻ പ്രായാസപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസ സേവനവുമായി ഒമാൻ. ഒമാനിലെ നമ സപ്ലൈയാണ് പുതിയ 'അബ്ഷർ' സേവനം പ്രഖ്യാപിച്ചത്. അർഹരായ ഉപഭോക്താക്കൾക്ക് ബിൽ തുക തവണകളായി അടയ്ക്കാനും തിരിച്ചടവിന് കൂടുതൽ സമയം നേടാനും അവസരമൊരുക്കുന്നതാണ് പദ്ധതി.
ജോലി നഷ്ടപ്പെടുക, താൽക്കാലിക സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുക, അപ്രതീക്ഷിതമായി സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുക തുടങ്ങിയ സാഹചര്യങ്ങളിൽ വെെദ്യുതി ബിൽ അടയ്ക്കാൻ കഴിയാത്തവർക്കാണ് സേവനം പ്രയോജനപ്പെടുക. ഓരോ ഉപഭോക്താവിന്റെയും സാമ്പത്തിക സാഹചര്യം പ്രത്യേകം വിലയിരുത്തിയ ശേഷമായിരിക്കും അനുയോജ്യമായ തിരിച്ചടവ് സംവിധാനം അനുവദിക്കുകയെന്ന് നമ സപ്ലെെ അറിയിച്ചു.
ബിൽ തുക തവണകളായി അടയ്ക്കുക, നിശ്ചിത സമയക്രമത്തിൽ പേയ്മെന്റ് നടത്തുക, ബിൽ അടയ്ക്കാൻ അധിക സമയം നേടുക തുടങ്ങിയ സൗകര്യങ്ങൾ അബ്ഷറിലൂടെ ലഭിക്കും. ഉപഭോക്താക്കളുടെ അർഹതയും ആവശ്യവും പരിഗണിച്ച് 'യുസ്ര്' , 'തസ്ഹീൽ' തുടങ്ങിയ മറ്റു സേവനങ്ങളിലേക്കും പ്രീപെയ്ഡ് സംവിധാനങഅങളിലേക്കും വഴികാട്ടും. നമ സർവീസസ് ആപ്പ് വഴിയാണ് സേവനത്തിനായി അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും ടോൾ ഫ്രീ നമ്പറായ 1011 ൽ ബന്ധപ്പെടാം
Content Highlights: Oman has introduced flexible electricity bill payment plans through Nama Supply to help eligible customers manage outstanding balances and settle dues in instalments.