ഒമാൻ സുൽത്താനേറ്റിന്റെ ആഗോള വാണിജ്യ-നിക്ഷേപ സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നിടുന്ന 'ഇൻസ്പയർ ഒമാൻ' ഗ്ലോബൽ സമ്മിറ്റിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ആഗോള ബിസിനസ് ലോകത്തിന്റെ സംഗമവേദിയാകുന്ന ഈ ഉച്ചകോടി ഒക്ടോബർ 14-ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് നടക്കുന്നത്. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങൾ പങ്കെടുക്കും.
സുസ്ഥിര സമ്പദ്വ്യവസ്ഥ, പുനരുപയോഗ ഊർജ്ജ മേഖല, ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ തുടങ്ങിയ നിർണായക വിഷയങ്ങളെ ആസ്പദമാക്കിയാണ് സമ്മിറ്റിലെ പാനൽ ചർച്ചകളും വിശകലനങ്ങളും നടക്കുന്നത്. ഒമാനിലെയും ഇന്ത്യയിലെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ബിസിനസ് രംഗത്തെ പ്രമുഖർ, നയരൂപകർത്താക്കൾ, ലോകപ്രശസ്തരായ ബിസിനസ് പരിശീലകർ എന്നിവർ ഉച്ചകോടിയിൽ സംസാരിക്കും. പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്താനും ബിസിനസ് ശൃംഖല വിപുലീകരിക്കാനും അറിവുകൾ പങ്കുവെക്കാനുമുള്ള മികച്ചൊരവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
സാമ്പത്തിക-സാമൂഹിക മേഖലകളിലും സംരംഭകത്വത്തിലും ഒമാൻ സുൽത്താനേറ്റ് കൈവരിച്ച മഹത്തായ വിജയങ്ങൾ ലോകത്തിന് മുന്നിൽ മാതൃകയായി ഉയർത്തിക്കാട്ടുക എന്നതാണ് ഈ ആഗോള മീറ്റിന്റെ പ്രധാന ലക്ഷ്യം. ഒമാനിൽ നിന്നുള്ള പ്രതിനിധികൾക്കും വിദേശത്തു നിന്നുള്ള ഡെലിഗേറ്റുകൾക്കും രജിസ്റ്റർ ചെയ്യുന്നതിനായി വെവ്വേറെ വിൻഡോകൾ സജ്ജീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വ്യാപാരികൾക്കും നിക്ഷേപകർക്കും ഒമാന്റെ വളർച്ചയിൽ പങ്കാളികളാകാൻ ഇൻസ്പയർ ഒമാൻ വലിയൊരു വഴികാട്ടിയാകും.
Content Highlights: The ‘Inspire Oman’ initiative has opened registrations to showcase Oman's commercial opportunities, business potential and investment prospects to a global audience. The event aims to promote economic growth and international partnerships.